പൂവരണി പെണ്‍വാണിഭക്കേസ്; മുഖ്യപ്രതിക്ക് 18 വര്‍ഷം തടവും പിഴയും

കോട്ടയം: വിവാദമായ പൂവരണി പെണ്‍വാണിഭക്കേസില്‍ മുഖ്യപ്രതിക്ക് 18 വര്‍ഷം കഠിനതടവും പിഴയും. വിവിധ വകുപ്പുകളിലായാണ് ഒന്നാം പ്രതിയും പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ബന്ധുവുമായ കോട്ടയം അയര്‍ക്കുന്നം മുണ്ടന്‍തറയില്‍ ലിസി ടോമി(48)ക്ക് 18 വര്‍ഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചത്. 366 എ, 372 വകുപ്പുകള്‍ പ്രകാരം 14 വര്‍ഷത്തെ തടവും രണ്ടു ലക്ഷം പിഴയും 120 ബി പ്രകാരം നാലു വര്‍ഷത്തെ തടവും 50,000 രൂപ പിഴയുമാണ് വിധിച്ചത്. എന്നാല്‍, ശിക്ഷ കാലാവധി ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ പ്രതി ഏഴു വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാവും.
ഒന്നാം പ്രതിയെ കൂടാതെ രണ്ടാം പ്രതി തീക്കോയി വേലത്തുശേരി വടക്കേല്‍ വീട്ടില്‍ ജോമിനി (33), മൂന്നാം പ്രതി ജോമിനിയുടെ ഭര്‍ത്താവ് പൂഞ്ഞാര്‍ സ്വദേശി ജ്യോതിഷ് (35), നാലാം പ്രതി പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി തങ്കമണി (48), അഞ്ചാം പ്രതി കൊല്ലം തൃക്കരുവ ഉത്രട്ടാതിയില്‍ സതീഷ്‌കുമാര്‍ (58), ആറാം തൃശൂര്‍ പറക്കാട്ട് കിഴക്കുംപുറത്ത് സ്വദേശി രാഖി (33) എന്നിവര്‍ക്കും അഡീഷനല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി ഒന്ന് (സ്‌പെഷ്യല്‍) ജഡ്ജി കെ ബാബു ശിക്ഷ വിധിച്ചു. രണ്ട്, മൂന്ന് പ്രതികള്‍ക്ക് വിവിധ വകുപ്പ് പ്രകാരം 22 വര്‍ഷം തടവും മൂന്നര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഒരുമിച്ചാണെങ്കില്‍ 6 വര്‍ഷം തടവനുഭവിച്ചാല്‍ മതി.
കേസിലെ നാലാം പ്രതിക്ക് വിവിധ വകുപ്പ് പ്രകാരം ആറ് വര്‍ഷം കഠിന തടവും 35,000 രൂപ പിഴയും ഒടുക്കണം. ശിക്ഷ ഒരുമിച്ച് ആയാല്‍ നാല് വര്‍ഷം അനുഭവിച്ചാല്‍ മതി. അഞ്ചാം പ്രതിക്ക് വിവിധ വകുപ്പ് പ്രകാരം 14 വര്‍ഷം കഠിനതടവും വിവിധ വകുപ്പ് പ്രകാരം 1.65 ലക്ഷം പിഴയും ഒടുക്കണം. ഒരുമിച്ചായാല്‍ ആറുവര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതി. ആറാം പ്രതിക്ക് വിവിധ വകുപ്പുകളിലായി എട്ടു വര്‍ഷം കഠിന തടവും വിവിധ വകുപ്പ് പ്രകാരം 75,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ഒരുമിച്ചായാല്‍ നാല് വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതി. പ്രതികള്‍ പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു ലക്ഷം രൂപയ്ക്ക് ഓരോ വര്‍ഷം വീതം കൂടി തടവ് അനുഭവിക്കണം.
പിഴ തുക പെണ്‍കുട്ടിയുടെ മാതാവിന് നല്‍കണമെന്നും വിധിയില്‍ പറയുന്നു. കേസില്‍ മുഖ്യപ്രതി ലിസിയടക്കം ആറുപേര്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കേസില്‍ അഞ്ചുപേരെ വെറുതെവിട്ടു. 12 പ്രതികളുണ്ടായിരുന്ന കേസില്‍ വിസ്താരം നടക്കുന്നതിനിടെ 10ാം പ്രതി ജീവനൊടുക്കി. പാലാ സെന്റ് മേരീസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്. തുടര്‍ന്ന് എയ്ഡ്‌സ് ബാധിച്ച പെണ്‍കുട്ടി തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചിരുന്നു.
2008 മെയ് 27 നാണ് ബന്ധുവായ ലിസി തന്റെ മകളെ പലര്‍ക്കും കാഴ്ചവച്ചതായി പൂവരണി സ്വദേശിനി പരാതി നല്‍കിയത്. മാസങ്ങളോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നത്. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് 183 പേരുടെ സാക്ഷിപ്പട്ടികയാണ് ഹാജരാക്കിയത്. 2014 ഏപ്രില്‍ മാസം 29ന് തുടങ്ങിയ വിചാരണ രണ്ട് വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായത്. ചങ്ങനാശ്ശേരി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡിവൈഎസ്പി പി ബിജോയ് ആണ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. വിധി കേള്‍ക്കാന്‍ പി ബിജോയി കോടതിയില്‍ എത്തിയിരുന്നു. സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. എന്‍ ഗോപാലകൃഷ്ണനാണ് വാദിക്ക് വേണ്ടി ഹാജരായത്.
Next Story

RELATED STORIES

Share it