Kottayam Local

പൂവരണി പീഡന കേസ്: വിധി ഇന്ന്

കോട്ടയം: സാക്ഷികളുടെ എണ്ണം കൊണ്ട് കേരളത്തിലെ ഏറ്റവും വലിയ കേസായ പൂവരണി പെണ്‍വാണിഭ കേസില്‍ അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ഒന്ന് (സ്‌പെഷ്യല്‍) ജഡ്ജി കെ ബാബു ഇന്ന് വിധി പറയും.
പാലാ സെന്റ് മേരീസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ബന്ധുവായ സ്ത്രീ പല സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കുന്നതിന് അവസരം ഒരുക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2007 ആഗസ്ത് മുതല്‍ 2008 മെയ് വരെയുള്ള ലൈംഗിക പീഡനങ്ങളെ തുടര്‍ന്ന് എയ്ഡ്‌സ് രോഗ ബാധിതയായ പെണ്‍കുട്ടി തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു. പ്രോസിക്യൂഷന്‍ ഭാഗത്തിനിന്ന് 183 പേരുടെ സാക്ഷിപ്പട്ടികയാണ് ഹാജരാക്കിയത്. 2014 ഏപ്രില്‍ മാസം 29ന് തുടങ്ങിയ വിചാരണ 2 വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായത്. അയര്‍ക്കുന്നം സ്വദേശിനിയായ ബന്ധുവായ സ്ത്രീ ഉള്‍പ്പെടെ കേസില്‍ 12 പ്രതികളാണ് ഉള്ളത്.
കേസില്‍ വിചാരണ നടക്കുന്നതിനിടെ 10ാം പ്രതി ആത്മഹത്യ ചെയ്തു. ചങ്ങനാശേരി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡിവൈഎസ്പി പി ബിജോയ് ആണ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോവല്‍, വില്‍പ്പന നടത്തല്‍, മാനഭംഗം, ബലാല്‍സംഗം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കന്യാകുമാരി, എറണാകുളം, കുമരകം, തിരുവല്ല, രാമപുരം, തിരുവനന്തപുരം, തുടങ്ങിയ സ്ഥലങ്ങളില്‍ പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. തീക്കോയ്, പൂഞ്ഞാര്‍, തിരുവനന്തപുരം, തൃശൂര്‍, പായിപ്പാട്, നെടുംമങ്ങാട്, നെയ്യാറ്റിന്‍കര, രാമപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് കേസിലെ പ്രതികള്‍.
പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍ ഗോപാലകൃഷ്ണനും, പ്രതികള്‍ക്കുവേണ്ടി സുരേഷ് ബാബു തോമസ്, ബോബന്‍ ടി തെക്കേല്‍, സി എസ് അജയന്‍, റോയി ജോസ്, രാജു എബ്രഹാം, സുരേഷ് പഴയിടം എന്നിവരും ഹാജരായി.
Next Story

RELATED STORIES

Share it