kasaragod local

പൂര്‍ണ ആത്മവിശ്വാസത്തോടെ യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടും: മുഖ്യമന്ത്രി

കാസര്‍കോട്: ഏതു സമയത്തും തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഐക്യജനാധിപത്യമുന്നണി പരിപൂര്‍ണ ആത്മവിശ്വാസത്തോടെ സജ്ജമായിരിക്കുകയാണന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ വനിതാഭവന്‍ ഓഡിറ്റോറിയത്തില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് സംസ്ഥാനതല പ്രചാരണ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറുമാസത്തില്‍ കൂടുതല്‍ ആയുസില്ല എന്നായിരുന്നു തന്റെ സര്‍ക്കാരിനെപ്പറ്റി ആദ്യം പ്രചരിപ്പിച്ചത്.
നാളിതുവരെ കേരളത്തിന് അന്യമായിരുന്ന തരത്തിലുള്ള വികസനപ്രവര്‍ത്തങ്ങളുമായി ഈ സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി. ഈ കാലത്തിനിടയില്‍ നടന്ന മൂന്നു ഉപതിരഞ്ഞടുപ്പുകളിലും മിന്നുന്ന വിജയവും നേടി. ഒരിക്കല്‍പ്പോലും നേരിയ ഭൂരിപക്ഷം എന്നതോന്നല്‍ ഉണ്ടായിട്ടില്ല. പ്രഖ്യാപിച്ച എല്ലാ പദ്ധതികളും പൂര്‍ത്തിയാക്കി. വികസനവും കരുതലും എന്ന സര്‍ക്കാര്‍ പോളിസി ജനങ്ങള്‍ ഏറ്റുവാങ്ങിയത് ഹൃദയത്തിലായിരുന്നു. സര്‍ക്കാരിന്റെ ഓരോ പ്രവര്‍ത്തനവും ജനങ്ങള്‍ക്ക് വേണ്ടിയുള്ളതും സുതാര്യവുമായിരുന്നു. സ്വപ്‌ന പദ്ധതികളൊക്കെയും യാഥാര്‍ഥ്യമാക്കിയ സര്‍ക്കാരാണ് ഇത്.
വിഴിഞ്ഞം, കണ്ണൂര്‍ വിമാനത്താവളം, സ്മാര്‍ട്ട്‌സിറ്റി, മെട്രോ റെയില്‍ ഒക്കെ ഇന്ന് യാതാര്‍ത്ഥ്യമാണ്. നാനൂറു ദിവസം കൊണ്ട് നൂറ്പാലങ്ങള്‍ എന്ന പദ്ധതിയെ പ്രതിപക്ഷം പരസ്യമായി പരിഹസിച്ചിരുന്നു. കഴിഞ്ഞ ദിവസം നൂറാമത്തെപാലത്തിന്റെ ഉദ്ഘാടനവും നടന്നു.
സമൂഹത്തിലെ അവശര്‍ക്കും അശരണര്‍ക്കും കാരുണ്യഫണ്ട് പോലുള്ള വിവിധങ്ങളായ പദ്ധതികളാണ് ഈ സര്‍ക്കാര്‍ നടപ്പിലാക്കിയത്. നിയമസഭയി ല്‍ അഭിപ്രായവും എതിര്‍പ്പും പ്രകടിപ്പിക്കുന്നതിന് പകരം, സഭാപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന സമീപനമാണ് പ്രതിപക്ഷം കൈക്കൊള്ളുന്നത്. അവസാനം ചേര്‍ന്ന പതിനാലു ദിവസത്തെ നിയമസഭാ സമ്മേളനത്തില്‍, രണ്ടു ദിവസം മാത്രമാണ് സഭ സമ്മേളിക്കാനായത്.
ആ രണ്ടു ദിവസവും അനുശോചന പ്രമേയങ്ങള്‍ മാത്രമാണ് നടന്നത്. കഴിഞ്ഞ സമ്മേളനം ഈ നിയമസഭയുടെ അവസാനതെതായിട്ടു പോലും ക്രിയാത്മകമായി പ്രവര്‍ത്തിക്കേണ്ട പ്രതിപക്ഷം, സഭ അലങ്കോലപ്പെടുത്തുന്ന പ്രവര്‍ത്തനമാണ് നടത്തിയത്. അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിക്കലും വിടുവായത്വവുമല്ലാതെ പ്രതിപക്ഷത്തിന് ആത്മവിശ്വാസമില്ലെന്ന് അദ്ദേഹം പഞ്ഞു.
പ്രധാനമന്ത്രിയുടെ വാക്കും പോക്കും രണ്ടുവഴിക്കാണ്. സിപിഎം അക്രമരാഷ്ട്രീയത്തിനും ബിജെപി വര്‍ഗീയതയ്ക്കും പ്രധാന്യം കൊടുക്കുമ്പോള്‍ വികസനവും ജനക്ഷേമവുമാണ് ഐക്യജനാധിപത്യമുന്നണി മുന്നോട്ടു വയ്ക്കുന്നത്-അദ്ദേഹം പറഞ്ഞു. യുഡിഎഫ് സംസ്ഥാന കണ്‍വീനര്‍ പി പി തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it