kozhikode local

പൂരാവേശമായി കലാശക്കൊട്ട്

കോഴിക്കോട്: പൂരാവേശമായി നഗരത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ട്. നേരം വെള്ളകീറുന്നതിനു മുമ്പ് തന്നെ പ്രചരണ വാഹനങ്ങളിലും സ്വന്തം വാഹനങ്ങളിലും കൊടിക്കൂറകളും ബാന്റ് വാദ്യങ്ങളും രാഷ്ട്രീയ പ്രചരണ പാട്ടുകളുമായെത്തിയവരുടെ ശബ്ദഘോഷം കേട്ടാണ് ഇന്നലെ ജനം ഉണര്‍ന്നത്. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണികളുടെ പ്രവര്‍ത്തകര്‍ ആവേശം ഒട്ടും ചോരാതെയായിരുന്നു കലാശക്കൊട്ടിലേക്ക് കൊട്ടികയറിയത്. ഇരുകരക്കാര്‍ തമ്മിലുള്ള കമ്പക്കെട്ട് പോലെയായിരുന്നു വാദ്യമേളങ്ങളിലെ ശബ്ദഘോഷം. എസ്ഡിപിഐ-എസ്പി സഖ്യവും ഒട്ടും മോശമല്ലാത്ത പ്രചരണമാണ് നടത്തിയത്. സ്ഥാനാര്‍ഥികളുടെ ചിത്രം പതിച്ച ബനിയനുകളും മുഖം മൂടികളും ധരിച്ചെത്തിയവരില്‍ നിരവധി യുവതികളുമുണ്ടായിരുന്നു.
നിയോജക മണ്ഡലടിസ്ഥാനത്തിലായിരുന്നു കലാശക്കൊട്ട് വേദികള്‍. സൗത്ത് നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളായ എം കെ മുനീറിന്റേയും അബ്ദുല്‍ വഹാബിന്റേയും സതീശന്റേയും അണികള്‍ കുറ്റിച്ചിറയിലാണ് ഏറെ നേരം തമ്പടിച്ചത്.
കോഴിക്കോട് കടപ്പുറത്തെ വീഥികളില്‍ പ്രദീപ് കുമാറിന്റേയും സുരേഷ് ബാബുവിന്റേയും അണികള്‍ എത്തിയപ്പോള്‍ അവിടെ ആവേശക്കടലിരമ്പി. ബാന്റ് വാദ്യങ്ങളും ചെണ്ടമേളങ്ങളും'പെരുമ്പറ'പോലുള്ള ശബ്ദം കൂടിയ വാദ്യവും പ്രവര്‍ത്തകരുടെ ആവേശത്തെ നൃത്തച്ചുവടുകളാക്കി. പാര്‍ട്ടികൊടികള്‍ വാഹനത്തിലിരുന്ന് വാനില്‍ ചുഴറ്റിയായിരുന്നു ചിലരുടെ ആവേശപ്രകടനം. കഴിഞ്ഞ രണ്ടര മാസക്കാലമായി ഊണും ഉറക്കില്ലാതെ തങ്ങളുടെ മുന്നണിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചവര്‍ക്ക് കലാശക്കൊട്ട് ഒരു പൂരസമാപ്തിയുടെ പ്രതീതിയാണ് ജനിപ്പിച്ചത്.
സത്രീകളും കുട്ടികളുമടക്കം ഇവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് റോഡിലിറങ്ങി.
ഇരുവശത്തും കെട്ടിടങ്ങളിലും ജനം പ്രചരണോല്‍സവത്തിന് ആവേശം പകര്‍ന്നു. ഇരുചക്രവാഹനങ്ങളോടിച്ചിരുന്നവര്‍ നടത്തിയ അഭ്യാസ പ്രകടനങ്ങള്‍ അതിരുവിട്ട ആവേശമായി. ഇന്ന് മുതല്‍ നിശബ്ദ പ്രചരണമാണ്. വോട്ടുറപ്പിക്കുകയും വിട്ടുപോയവരെ കണ്ടെത്തലും ആടി നില്‍ക്കുന്ന വോട്ടുകളെ അരക്കിട്ട് ഉറപ്പിക്കലുമൊക്കെയാണ് ഇനിയുള്ള മണിക്കൂറുകളില്‍ നടത്തുക.
Next Story

RELATED STORIES

Share it