thrissur local

പൂരപ്പൊലിമ കുറഞ്ഞില്ല; ശബ്ദ പെരുമയോടെ വെടിക്കെട്ട്

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: ആശങ്കകളും ഭയവും അസ്ഥാനത്താക്കി ശബ്ദപ്പെരുമ ഒട്ടും കുറയാതെ തൃശൂരിനെ വിറപ്പിച്ച വെടിക്കെട്ട് പൂരത്തിലെ ഏറ്റവും വലിയ ആകര്‍ഷണമായി. മാനത്ത് പുത്തന്‍വിസ്മയങ്ങള്‍ സൃഷ്ടിച്ചു കൊണ്ടാണ് ഇന്നലെ പുലര്‍ച്ചെ മൂന്നിനാരംഭിച്ച വെടിക്കെട്ട് അഞ്ചുമണിയോടെ അവസാനിച്ചത്.
കോടതി നിയന്ത്രണങ്ങളും നിയമങ്ങളും പൂര്‍ണ്ണമായി പാലിച്ചുകൊണ്ട് 4000 കിലോ വെടിമരുന്നാണ് വെടിക്കെട്ടിലുപയോഗിച്ചത്. ശബ്ദ നിയന്ത്രണവും നിരോധിച്ച വസ്തുക്കള്‍ ഉപയോഗിക്കാതെയുമുള്ള വെടിക്കെട്ട് കാണാന്‍ ജനലക്ഷങ്ങളാണ് തേക്കിന്‍കാട് മൈതാനിയില്‍ പാതിരാവിലും ഒത്തുകൂടിയത്.
പൂരം വെടിക്കെട്ടിന്റെ കൂട്ട പൊരിച്ചിലില്‍ എട്ടു ദിക്കുകളും വിറ പൂണ്ടു. ആകാശത്ത് അഗ്നിപൂക്കളങ്ങളായി പൊട്ടിവിരിഞ്ഞ അമിട്ടുകളുടെ വര്‍ണ മനോഹാരിത കണ്ടപ്പോള്‍ കാണികളുടെ ആവേശം ഹര്‍ഷാരവമായി ഉയരുകയായിരുന്നു. രാത്രി മൂന്നുമണിക്ക് വടക്കുംനാഥന്റെ നിയമവെടി മുടങ്ങിയതോടെയാണ് വെടിക്കെട്ടിന് തുടക്കമായത്. 3.25ന് പാറമേക്കാവ് വിഭാഗം ആദ്യവെടിക്കെട്ടിന് തീ കൊളുത്തി. ചൈനീസ് അമിട്ടുകളും അടക്കാംപെട്ടികളും പൂത്തിരികളും മാനത്ത് വര്‍ണ്ണപൂക്കള്‍ വിരിയിച്ചു കൊണ്ട് ഏഴു മിനിറ്റ് നീണ്ടു നിന്ന വെടിക്കെട്ട് വലിയ വിസ്മയ കാഴ്ച്ചയായി മാറി. ഒടുവിലെ കൂട്ടപ്പൊരിച്ചിലില്‍ തൃശൂര്‍ നഗരവും പരിസര പ്രദേശങ്ങളും ശരിക്കും കുലുങ്ങുക തന്നെയായിരുന്നു.
പിന്നീട് ഒരു മണിക്കൂറോളം കഴിഞ്ഞ് പുലര്‍ച്ചെ 4.15ന് തിരുവമ്പാടി അവരുടെ കമ്പക്കെട്ടിന് തീ കൊളുത്തി. എട്ടു മിനിറ്റ് സമയം കൊണ്ടാണ് അവരുടെ വെടിക്കോപ്പുകള്‍ പൊട്ടിത്തീര്‍ന്നത്. ഓലപ്പടക്കങ്ങളും ഗുണ്ടുകളും ചേര്‍ന്നുള്ള വെടിക്കെട്ട് പൊട്ടിക്കയറിയത് കുഴിമിന്നുകളും ഡൈനകളും ഒരുക്കിയ ഉഗ്രസ്‌ഫോടനങ്ങളുടെ കൂട്ടപ്പൊരിച്ചിലിലേക്കായിരുന്നു. കാതടിപ്പിക്കുന്ന കൂട്ടപ്പൊരിച്ചിലില്‍ തൃശൂര്‍ പൂരപ്പറമ്പ് വലിയൊരു അഗ്നികുണ്ടമായി മാറി. തേക്കിന്‍കാട് മൈതാനത്തിനു ചുറ്റും കാത്തിരുന്ന ജനം ഇമ വെട്ടാതെ ഇതെല്ലാം നോക്കി നില്‍ക്കുകയായിരുന്നു. പിന്നീട് തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങളുടെ ആകാശപൂരമാണ് അരങ്ങേറിയത്.
അമിട്ടുകളുടേയും അടക്കാംപ്പെട്ടികളുടേയും പൂരമായത് മാറുകതന്നെ ചെയ്തു. അവ പല വര്‍ണങ്ങളില്‍ മാനത്ത് അഗ്നിഗോളങ്ങളൊരുക്കി. വെള്ളി നിറത്തിലും സ്വര്‍ണ വര്‍ണത്തിലും ആകാശത്ത് അമിട്ടുകള്‍ പൊട്ടിവിരിഞ്ഞപ്പോള്‍ പുരുഷാരം ഒന്നടങ്കം ആര്‍ത്തുവിളിക്കുകയായിരുന്നു.
പച്ച, നീല, ചുവപ്പ്, വൈലറ്റ് തുടങ്ങിയ നിറങ്ങളാല്‍ വാനം മിന്നിത്തിളങ്ങി. നീല അമിട്ടുകളും അവക്കൊപ്പം പിറന്ന കുടകളുമെല്ലാം ആകാശത്തെ ഒരു ചിത്രശാലയാക്കി മാറ്റുകയായിരുന്നു.
പുലര്‍ച്ചെ 5.15ഓടെയാണ് വെടിക്കെട്ടിലെ എല്ലാ വിഭവങ്ങളും പൊട്ടിതീര്‍ന്നത്. തിരുവമ്പാടിക്ക് വേണ്ടി മുണ്ടത്തിക്കോട് സതീശനും പാറമേക്കാവിന് വേണ്ടി ചാലക്കുടി സ്റ്റിബിന്‍ സ്റ്റീഫനുമാണ് വെടിക്കോപ്പുകള്‍ ഒരുക്കിയിരുന്നത്.
കര്‍ശനമായ പരിശോധനകള്‍ക്കു ശേഷമാണ് റവന്യൂ വിഭാഗവും പോലിസും സ്‌ഫോടക വസ്തു ഡിപ്പാര്‍ട്ട്‌മെന്റും വെടിക്കെട്ടിന് അനുവാദം നല്‍കിയത്. നിശ്ചിത ദൂരപരിധിക്കപ്പുറത്തു മാത്രമേ ജനങ്ങളെ നിര്‍ത്താന്‍ പോലിസ് അനുവദിച്ചത്. വടം കെട്ടിയാണ് പോലിസ് ജനങ്ങളെ നിയന്ത്രിച്ചിരുന്നത്. ഇരുവിഭാഗക്കാരും പകല്‍ വെടിക്കെട്ടും ഗംഭീരമാക്കി.
ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു ഇത് തുടങ്ങിയത്. കരുതി വെച്ച കുഴിമിന്നുകളും ഡൈനകളും പുലര്‍ച്ചെ നടന്ന വെടിക്കെട്ടിനേക്കാള്‍ അതിഗംഭീരമായിരുന്നു. വെടിക്കെട്ടില്ലെങ്കില്‍ എന്തു തൃശൂര്‍ പൂരമെന്നാണ് വെടിക്കെട്ട് കാണാനെത്തിയവര്‍ ചോദിച്ചിരുന്നത്.
Next Story

RELATED STORIES

Share it