thrissur local

പൂരം പെയ്തിറങ്ങി; ഇലഞ്ഞിത്തറയില്‍ മേളവിസ്മയം തീര്‍ത്ത് പെരുവനവും സംഘവും

തൃശൂര്‍: ഇലഞ്ഞിത്തറയില്‍ കാത്തിരുന്ന മേളവിസ്മയം പൂരപ്രേമികള്‍ക്കു മുന്നില്‍. പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളത്തിന് പെരുവനം കുട്ടന്‍മാരാരും സംഘവും പാണ്ടിമേളത്തിന് തുടക്കമിട്ടു. ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് ചരിത്രപ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം തുടങ്ങിയത്.
ചെമ്പടകൊട്ടി തുടങ്ങിയ പാണ്ടിമേളം ഒരു കലാശം പുറത്ത് കൊട്ടിത്തീര്‍ത്താണ് വടക്കുന്നാഥന്റെ മതില്‍ക്കെട്ടില്‍ പ്രവേശിച്ചത്. പാറമേക്കാവ് വിഭാഗത്തിന്റെ പതിനഞ്ച് ഗജവീരന്മാര്‍ എഴുന്നള്ളിവന്നതോടെ മുന്നൂറോളം വരുന്ന മേളക്കാര്‍ ഇലഞ്ഞിത്തറയില്‍ നിരന്നുനിന്നു. ചെണ്ടയില്‍ വീണ ആദ്യകോലിന്റെ ആവേശം അവസാനംവരെ നിലനിര്‍ത്തിയ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി പെരുവനം കുട്ടന്‍മാരാര്‍ പ്രമാണം വഹിച്ച് കൊട്ടികയറിയപ്പോള്‍ ഇലഞ്ഞിത്തറമേളത്തില്‍ ഇത് വീണ്ടുമൊരു ചരിത്രമായി.
പതികാലത്തിന്റെ പെരുക്കത്തിനൊപ്പം പതിഞ്ഞുതുടങ്ങിയ മേളം താഴ്ചകളില്ലാത്ത ഉയര്‍ച്ചയിലേക്ക് ഓടിക്കയറിയപ്പോള്‍ മേളപ്രേമികള്‍ ആവേശത്തിന്റെ കൊടുമുടിയിലായി. പൂരപ്രേമികളുടെ കൈകള്‍ അന്തരീക്ഷത്തില്‍ താളം പിടിച്ചു. അടിച്ചുകലാശം, തകൃത, ത്രിപുട എന്നിങ്ങനെ അസുരവാദ്യത്തിന്റെ നാദം കാലങ്ങളോരോന്ന് മറികടന്ന് മുന്നേറി.
ഓരോ കാലവും കടന്ന് മേളം കലമ്പിയാര്‍ക്കുന്നതിനനുസരിച്ച് മേളപ്രേമികളുടെ ആവേശവും കൂടിക്കൂടി വന്നു. മേളകുലപതികള്‍ അല്‍പ്പം കുനിഞ്ഞ് മുട്ടുകൊണ്ട് ചെണ്ട മുന്നോട്ട് തള്ളിപ്പിടിച്ചുള്ള മുട്ടിന്മേല്‍ച്ചെണ്ടയിലെത്തിയപ്പോള്‍ ആവേശം അണപൊട്ടി. രൗദ്രഭാവം പൂണ്ട് മൂന്ന് മണിക്കൂറിലധികമാണ് മേളം കൊട്ടിക്കയറിയത്. ഒടുവില്‍ മേളപ്രേമികളെ വിസ്മയത്തുമ്പിലെത്തിച്ച് പെട്ടെന്ന് സമാപിച്ചപ്പോള്‍ ഇരമ്പിയാര്‍ത്തുവന്ന കടല്‍ നിശ്ചലമായതു പോലെ തോന്നി.
Next Story

RELATED STORIES

Share it