thrissur local

പൂരം കാണാന്‍ വിദേശികള്‍ കൂട്ടത്തോടെ

തൃശൂര്‍: പൂര നഗരിയിലെത്തിയതാണ് ഫ്രാന്‍സില്‍നിന്നും ജോയും കൂട്ടുകാരും. നെറ്റില്‍ നിന്നാണ് ഇവര്‍ പൂര വിശേഷങ്ങള്‍ അറിഞ്ഞത്. അതോടെ പൂരം കാണാനുള്ള തയ്യാറെടുപ്പുകളായി. ഇന്ത്യയില്‍ ഏഴു തവണ വന്നുപോയിട്ടുള്ള ജോയും ഫ്രെഡിയും ജോയലും കേരളത്തിലെത്തുന്നത് ആദ്യമായാണ്. വല്ലച്ചിറ സെന്റ് അലോഷ്യസ് കോളജ് വിദ്യാര്‍ഥി ഗോകുലിന്റെ സഹായത്തോടെയാണ് ജോയും ഫ്രെഡിയും ജോയലും വടക്കുംനാഥ സന്നിധിയിലെത്തിയത്.
അയ്യന്തോള്‍ കാര്‍ത്ത്യായനി ഭഗവതിയുടെ ചെറുപൂരമാണ് ആദ്യം കാണാനായത്. തിടമ്പണിഞ്ഞ ആനയേയും കൂട്ടാനകളേയും കണ്ടപ്പോള്‍ ആവേശമായി. ആള്‍ക്കൂട്ടത്തിനിടയില്‍ ഇടിച്ചു കയറി നിന്ന് പൂരക്കാഴ്ചകള്‍ കാമറയില്‍ പകര്‍ത്തി. ഫ്രാന്‍സില്‍, ജോലിയില്‍ നിന്നും വിരമിച്ച് പെന്‍ഷനായി ജീവിതം തള്ളിനീക്കുമ്പോഴാണ് പൂരം ആഘോഷിക്കണമെന്ന് മൂന്നു പേര്‍ക്കും മോഹമുണ്ടായത്. നിങ്ങളുടെ പൂരം ഞങ്ങളെ അതിശയിപ്പിച്ചു എന്ന് മൂന്നുപേരും പറഞ്ഞു. പൂരം മുഴുവനും കാണണമെന്നുണ്ട്. പക്ഷേ ചുട്ടുപൊള്ളുന്ന വെയില്‍ സഹിക്കാന്‍ വയ്യ. കേരളത്തിലെ ആളുകള്‍ എങ്ങനെയാണ് ചൂട് അതിജീവിക്കുന്നത് എന്നാണ് മൂവര്‍ക്കും അത്ഭുതം.
പൂരം ആഘോഷിക്കാന്‍ അയര്‍ലന്‍ഡില്‍ നിന്നും കേറ്റും കൂട്ടുകാരന്‍ മൈക്കിളും യു.എസ്. സ്വദേശിയായ ജെസീക്കയും കൂട്ടുകാരന്‍ മൈക്കേലും ഒരുമിച്ചാണെത്തിയത്. ഇവരുടെ ആദ്യത്തെ ഇന്ത്യന്‍ യാത്രയാണിത്. പൂരം വ്യത്യസ്തമായൊരു അനുഭവമാണെന്ന് നാലുപേരും പറയുന്നു. ഇത്രയേറെ ആനകളെ ഒരുമിച്ച് കാണുന്നത് ആദ്യമാണ്. പക്ഷേ പൂരത്തിനേക്കാള്‍ അത്ഭുതപ്പെടുത്തിയത് പൂരത്തിരക്കാണെന്ന് അവര്‍ പറഞ്ഞു. ഇത്രയും ജനങ്ങള്‍ തിങ്ങിനിറഞ്ഞ ഒരു പരിപാടിയും ഇതുവരെ കണ്ടിട്ടില്ല. നിങ്ങളുടെ പൂരത്തിനെക്കുറിച്ച് തീര്‍ച്ചയായും തന്റെ വിദ്യാര്‍ഥികളോട് പറയുമെന്ന് യു.എസില്‍ അധ്യാപികയായ ജസീക്ക. പൂരം മുഴുവനും കാണാതെ മടക്കമില്ലെന്നു പറയുമ്പോള്‍ നാലുപേരിലും ആവേശം.
Next Story

RELATED STORIES

Share it