പൂനെ എന്‍ജിനീയറിങ് കോളജിന് അപൂര്‍വ നേട്ടം

പൂനെ: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് 20 ഉപഗ്രഹങ്ങള്‍ വിജയകരമായി കുതിച്ചുയര്‍ന്നപ്പോള്‍ പൂനെ എന്‍ജിനീയറിങ് കോളജിന് ആഹ്ലാദത്തിന്റെ നിമിഷമായിരുന്നു.
കോളജ് വികസിപ്പിച്ചെടുത്ത 'സ്വയം' എന്ന കൊച്ചു ഉപഗ്രഹവും മറ്റ് ഉപഗ്രഹങ്ങളോടൊപ്പം മാനത്തേക്കുയര്‍ന്നതാണ് അവര്‍ക്കു സന്തോഷം പകര്‍ന്നത്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ പോലും ആശയവിനിമയം സാധ്യമാക്കുന്ന 1000 ഗ്രാമില്‍ താഴെ ഭാരമുള്ള ഉപഗ്രഹമാണ് സ്വയം. കഴിഞ്ഞ എട്ടു വര്‍ഷമായി 170 വിദ്യാര്‍ഥികള്‍ അഹോരാത്രം ശ്രമിച്ചതിന്റെ ഫലമാണ് ഈ അദ്ഭുതകരമായ നേട്ടമെന്ന് കോളജ് ഡയറക്ടര്‍ ഡോ. പി ബി അഹുജ പറഞ്ഞു.
സ്ഥാപനം ഇപ്പോള്‍ ബഹിരാകാശത്തേക്ക് അതിന്റെ പാദം ഊന്നിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാന്‍ കോളജിലെ എണ്ണൂറോളം വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളും അധ്യാപകരും കോളജ് ഓഡിറ്റോറിയത്തിലെത്തിയിരുന്നു. ചെന്നൈയിലെ സത്യഭാമ സര്‍വകലാശാല വികസിപ്പിച്ചെടുത്ത 'സത്യഭാമ സാറ്റ്' എന്ന ഉപഗ്രഹവും ഇന്നലെ വിക്ഷേപിച്ച ഉപഗ്രഹങ്ങളുടെ കൂട്ടത്തിലുണ്ട്.
Next Story

RELATED STORIES

Share it