Sports

പൂനെയ്ക്ക് ഡല്‍ഹി കടിഞ്ഞാണിട്ടു

പുനെ: അവസാന നിമിഷം വരെ ആവേശം നിറഞ്ഞുനിന്ന മല്‍സരത്തിനൊടുവില്‍ പൂനെയുടെ സ്വന്തം തട്ടകത്തില്‍ ഫ്രീകിക്ക് മാന്ത്രികന്‍ റോബര്‍ട്ടോ കാര്‍ലോസ് സംഘത്തിന് മിന്നും ജയം. പൂനെ ഛത്രപതി ശിവജി സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഡല്‍ഹി ഡൈനാമോസ് തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയത്. സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യന്‍ ദേശീയ താരം റോബിന്‍ സിങ്ങിന്റെ ഗോളിലൂടെ 24ാം മിനിറ്റില്‍  മുന്നിലെത്തിയ ഡെല്‍ഹി അധിക സമയത്ത് റിച്ചാര്‍ഡ് ഗാഡ്‌സെയിലൂടെ ലീഡുയര്‍ത്തി. എന്നാല്‍ തൊട്ടടുത്ത നിമിഷം തന്നെ കാലു ഉച്ചെയിലൂടെ പൂനെ ആശ്വാസ ഗോളും കണ്ടെത്തുകയായിരുന്നു.

മല്‍സരം തുടങ്ങി ഇരുടീമുകളുടേയും ആക്രമണ പ്രത്യാക്രമണങ്ങള്‍ക്കിടേയാണ് റോബിന്‍ സിങിലൂടെ ഡല്‍ഹി ലീഡ് നേടിയത്.  പന്ത് സ്വീകരിച്ച മൈതാനി ഹെഡറിലൂടെ ബോക്‌സിനകത്തേക്കു തൊടുത്തു. ഓടിയെത്തിയ  റോബിന്‍ സിങ് പന്ത് വലയിലാക്കുകയായിരുന്നു. അടുത്ത ഗോളിന് അധിക സമയത്തെ 96-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു.  ഗാഡ്‌സെയുടെ ഉഗ്രന്‍സ്മാഷ് ഉയര്‍ന്നു പൊങ്ങി ക്രോസ് ബാറിനെ തൊട്ടുരുമ്മി പൂനൈ വലയില്‍ പതിച്ചു. എന്നാല്‍ ഡല്‍ഹി താരങ്ങളേയും സ്തബ്ധരാക്കി അടുത്ത മിനിറ്റില്‍ പൂനെ മറുപടി നല്‍കി.  ജയത്തോടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റ് നേടിയ ഡല്‍ഹി പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഇതേ പോയന്റുള്ള പുണെ രണ്ടാം സ്ഥാനത്താണ്.
Next Story

RELATED STORIES

Share it