പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്നു യെച്ചൂരി

കൊച്ചി: എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്നു സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എറണാകുളം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എം അനില്‍കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കലൂര്‍ ഐഎംഎ ഹാളില്‍ സംഘടിപ്പിച്ച സംവാദത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യത്തിന്റെ ഉപയോഗം കുറച്ചു കൊണ്ടുവരുകയെന്നതാണ് എല്‍ഡിഎഫിന്റെ പ്രധാന ഉത്തരവാദിത്തം. മദ്യ നിരോധനം നടപ്പാക്കുമെന്ന് ഇതിനര്‍ഥമില്ല. മദ്യത്തിന്റെ ഉപയോഗം ഘട്ടംഘട്ടമായി കുറച്ചു കൊണ്ടുവരുകയാണ് ലക്ഷ്യം. കേരളത്തില്‍ ബാറുകള്‍ പൂട്ടിയെന്ന യുഡിഎഫിന്റെ അവകാശവാദം വെറും തട്ടിപ്പാണ്. കേരളത്തില്‍ മദ്യ വില്‍പനയിലൂടെയുള്ള വരുമാനം കൂടിവരുന്നത് മദ്യത്തിന്റെ ഉപഭോഗം വര്‍ധിക്കുന്നതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിന്റെ മദ്യം നിമിത്തം ഏറ്റവും കൂടുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുള്ള സംസ്ഥാനമായി കേരളം മാറുകയാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു. എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ ജനങ്ങളുടെ ആരോഗ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കും. ആരോഗ്യമേഖലയിലെ സര്‍ക്കാര്‍ ആശുപത്രികളും ക്ലിനിക്കുകളും ചേര്‍ത്ത് നല്ല ശൃംഖല ഉണ്ടാക്കും. പര്യാപ്തമായ ശമ്പള വേതന നിരക്കുകള്‍ നല്‍കി ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കും. ആരോഗ്യ മേഖലയില്‍ മാത്രമല്ല, വിദ്യാഭ്യാസ മേഖലയിലും കോ ര്‍പറേറ്റ്‌വല്‍ക്കരണം സാമാന്യ ജനങ്ങളെ അകറ്റുന്നുണ്ടെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ സര്‍ക്കാര്‍ സൗകര്യങ്ങള്‍ പുനസ്സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുത്വത്തിന്റെ കടന്നുകയറ്റം എല്ലാ മേഖലയിലും ഉണ്ട്. സ്‌കൂളുകളില്‍ പോലും അതിനുള്ള ശ്രമം നടക്കുന്നുണ്ട്. രാജ്യം ഹിന്ദുക്കളുടേതു മാത്രമാണെന്നാണ് ബിജെപി പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഒരുപാട് സംസ്‌കാരങ്ങളുടെ സമ്മേളനമാണ് ഇന്ത്യന്‍ സംസ്‌കാരം. അത് മറികടക്കാനുള്ള ബിജെപിയുടെ ശ്രമം ചെറുത്തു തോല്‍പിക്കാന്‍ മുന്നൊരുക്കങ്ങള്‍ നടത്തണം. സ്ത്രീകളുടെ സുരക്ഷയിലും ദലിത് പ്രശ്‌നങ്ങളിലും എല്‍ഡിഎഫ് അധികാരത്തിലെത്തിയാ ല്‍ അനുകൂല നടപടി സ്വീകരിക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
Next Story

RELATED STORIES

Share it