പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്ന് മന്ത്രി രാമകൃഷ്ണന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. നിലവിലെ സ്ഥിതി തുടരും. മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് സര്‍ക്കാര്‍ നയം. എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങളില്‍നിന്നുതന്നെ സര്‍ക്കാര്‍ നയം വ്യക്തമാണ്. ബാറുകള്‍ പൂട്ടിയശേഷം സംസ്ഥാനത്ത് മദ്യ ഉപഭോഗം കൂടുകയാണുണ്ടായത്. ഇതുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ മുന്നണിയുമായി ആലോചിച്ചു തീരുമാനിക്കും. മദ്യ ഉപഭോഗം കുറച്ചുകൊണ്ടുവരുക എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. ഇതിനായി സര്‍ക്കാര്‍തലത്തില്‍ വിപുലമായ ബോധവല്‍ക്കരണവും ചര്‍ച്ചകളും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ നിലവിലെ മദ്യനയം തിരുത്തില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പി ല്‍ ജയിച്ചാല്‍ എല്‍ഡിഎഫിന്റെ മദ്യനയം അപ്പോള്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് നിലവില്‍ 810 ബിയര്‍-വൈന്‍ പാര്‍ലറുകളും 28 പഞ്ചനക്ഷത്ര ബാര്‍ ഹോട്ടലുകളുമാണുള്ളത്. പുറമേ ബവ്‌കോയുടെ 270ഉം കണ്‍സ്യൂമര്‍ഫെഡിന്റെ 36ഉം മദ്യവില്‍പന കേന്ദ്രങ്ങളുണ്ട്.
കഴിഞ്ഞ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഇതു യഥാക്രമം 388, 46 എന്നിങ്ങനെയായിരുന്നു. 730 ബാറുകളും പ്രവര്‍ത്തിച്ചിരുന്നു. അതില്‍ സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ 418 ബാറുകള്‍ നിലവാരമില്ലെന്ന പേരില്‍ യുഡിഎഫ് സര്‍ക്കാര്‍ ആദ്യം പൂട്ടി. പിന്നീട് ഇതു തുറക്കുന്നതിനെ ചൊല്ലി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി എം സുധീരനും ഭിന്ന നിലപാടുകള്‍ എടുത്തതോടെ ശേഷിച്ച 312 ബാറുകള്‍ കൂടി സര്‍ക്കാര്‍ അടച്ചുപൂട്ടുകയായിരുന്നു.
Next Story

RELATED STORIES

Share it