പൂഞ്ഞാറുകണ്ടം ഇരട്ടക്കൊലക്കേസ്; പിതാവിനും മകനും ജീവപര്യന്തം കഠിനതടവ്

തൊടുപുഴ: അടിമാലി പൂഞ്ഞാറുകണ്ടം ഇരട്ടക്കൊലക്കേസില്‍ പ്രതികളായ പിതാവിനെയും മകനെയും ജീവപര്യന്തം കഠിന തടവിന് തൊടുപുഴ അഡീഷനല്‍ രണ്ടാം കോടതി ജഡ്ജ് ഷാജഹാന്‍ ശിക്ഷിച്ചു. വെള്ളത്തൂവല്‍ മണലേല്‍ വാസു (64), മകന്‍ സൈമണ്‍ (40) എന്നിവരെയാണു ശിക്ഷിച്ചത്. പ്രതികള്‍ അരലക്ഷം രൂപ വീതം പിഴയൊടുക്കുകയും വേണം. ഓടയ്ക്കാസിറ്റി ആശാരിക്കുടി ഷിജു, മന്നാങ്കണ്ടം എട്ടുകുടി കുഞ്ഞൂട്ടിക്കുടി രാരിച്ചന്‍ എന്നിവരാണ് പ്രതികളുടെ വെട്ടേറ്റു മരിച്ചത്.
2009 ഫെബ്രുവരി ആറിന് വൈകീട്ടായിരുന്നു കേസിനാസ്പദമായ സംഭവം. വാസുവും മകന്‍ സൈമണും നടത്തുന്ന പൂഞ്ഞാറുകണ്ടത്തെ കള്ളുഷാപ്പില്‍ വച്ച് റഷീദ് എന്നയാളുമായി ഫെബ്രുവരി അഞ്ചിന് വാക്കുതര്‍ക്കമുണ്ടായി. കള്ളിനൊപ്പം കറി വാങ്ങിയപ്പോള്‍ വില നല്‍കാഞ്ഞതിനെ തുടര്‍ന്നാണ് റഷീദുമായി പ്രശ്‌നമുണ്ടായത്. പിറ്റേന്ന്, കൊല്ലപ്പെട്ട രാരിച്ചന്‍, ഷിജു, സുഹൃത്തുക്കളായ ഉമേഷ്, തങ്കച്ചന്‍ എന്നിവര്‍ റഷീദിനൊപ്പം ഷാപ്പിലെത്തി പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ ശ്രമിച്ചു.
ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ പ്രതികള്‍ ഇവരെ വെട്ടുകയായിരുന്നു. വെട്ടേറ്റ രാരിച്ചനും ഷിജുവും മരിക്കുകയും ഉമേഷ്, തങ്കച്ചന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇവരാണ് കേസിലെ മുഖ്യ സാക്ഷികള്‍. പ്രോസിക്യൂഷനുവേണ്ടി അഡ്വ. നൂര്‍ സമീറാണ് കോടതിയില്‍ ഹാജരായത്. 53 സാക്ഷികളാണ് കേസിലുള്ളത്. 40 പ്രമാണങ്ങളും 45 തൊണ്ടിസാധനങ്ങളും കോടതി പരിശോധിച്ചു. 33 സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. അടിമാലി സിഐ ശ്യാംകുമാറാണ് കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടുകയും കുറ്റപത്രം കോടതിയില്‍ നല്‍കുകയും ചെയ്തത്. തങ്കായിക്കും ഉമേഷിനും കുത്തേറ്റ കേസില്‍ പ്രതികള്‍ രണ്ടു വര്‍ഷം കഠിനതടവുകൂടി അനുഭവിക്കണമെന്ന് വിധിന്യായത്തില്‍ പറഞ്ഞിട്ടുണ്ട്.
Next Story

RELATED STORIES

Share it