പൂഞ്ഞാര്‍ സീറ്റ് കാശ് വാങ്ങി തീരുമാനിച്ചു

കോട്ടയം: ഇടതുമുന്നണി കാശ് വാങ്ങി സീറ്റ് തീരുമാനിച്ചുവെന്ന് പി സി ജോര്‍ജ്. ഇടതുമുന്നണിയില്‍ ഫാരിസ് അബൂബക്കര്‍മാരും ചാക്ക് രാധാകൃഷ്ണന്‍മാരും സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്ന സ്ഥിതിയുണ്ടായി. തന്നോട് ഇടതുമുന്നണി കാണിച്ചത് ചതിയും നെറികേടുമാണെന്നും പി സി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍ ജനപക്ഷ സ്ഥാനാര്‍ഥിയായി മല്‍സരിക്കും. പൂഞ്ഞാറിലെ ജനങ്ങളുടെ പിന്തുണ തനിക്കുണ്ട്. എന്നോട് മാത്രമല്ല, പൂഞ്ഞാറിലെ ജനങ്ങളോടുകൂടിയാണ് എല്‍ഡിഎഫ് നെറികേട് കാട്ടിയത്. കോട്ടയം ജില്ലയില്‍ 200 വോട്ടെങ്കിലും ഉള്ള ഏതെങ്കിലും മണ്ഡലം പൂഞ്ഞാറില്‍ മല്‍സരിക്കുന്ന ഫ്രാന്‍സിസ് ജോര്‍ജിന്റെ പാര്‍ട്ടിക്കുണ്ടോ. ഉണ്ടെങ്കില്‍ അതൊന്നു കാണിച്ചുതരണം. എനിക്കുള്ള വോട്ടുകള്‍ എത്രയെന്നു പറഞ്ഞ് ഞാന്‍ അഹങ്കരിക്കുന്നില്ല. നോമിനേഷന്‍ കൊടുത്തതിനുശേഷം രാഷ്ട്രീയ തീരുമാനം ഉണ്ടാവും. സീറ്റ് നിഷേധിച്ചുവെങ്കിലും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുമായി ഉണ്ടാക്കിയ ധാരണയില്‍ മാറ്റമുണ്ടാവില്ല. എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും ആ ധാരണ അഞ്ചുവര്‍ഷവും തുടരും. താനാരെയും ചതിക്കില്ല. എന്റെ ഹൃദയം നുറുങ്ങിയിരിക്കുകയാണ്. എനിക്കൊപ്പം ദൈവം ഉണ്ട്. എന്നെ ദൈവം രക്ഷിക്കും. വിഎസിനെ പിന്തുണച്ചതാണോ താന്‍ ചെയ്ത തെറ്റ്. വിഎസിനെ പ്പോലുള്ളവരെ പിന്തുണയ്ക്കുന്നത് പാപമാണെന്നു ഞാന്‍ അറിഞ്ഞില്ല. അദ്ദേഹത്തെ പിന്തുണയ്ക്കാതിരിക്കാന്‍ മനസ്സാക്ഷി അനുവദിക്കില്ല. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പി ജയരാജന്‍ നേരിട്ട് ആവശ്യപ്പെട്ടിട്ടാണ് കണ്ണൂരിലെ സിപിഎം യോഗങ്ങളില്‍ പ്രസംഗിക്കാന്‍ പോയത്. അന്ന് പിണറായി വിജയന്‍ കേരളത്തിലുണ്ടായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഗൗരിയമ്മയെ എകെജി സെന്റര്‍ കയറ്റി ഇറക്കി കഞ്ഞിയില്ലെന്നു പറഞ്ഞതുപോലെയായി.  താന്‍ ഇടതുമുന്നണിയുമായി സഹകരിക്കണമെന്നാണ് ഒരു നേതാവ് പറഞ്ഞത്. വെള്ളം കോരിയാണോ വിറക് വെട്ടിയാണോ താന്‍ സഹകരിക്കേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു. അദാനി ഗ്രൂപ്പില്‍ നിന്നും ഉമ്മന്‍ചാണ്ടി വാങ്ങിയ പണം മാത്രമല്ല, മറ്റു പലരും വാങ്ങിയ പണത്തിന്റെ കണക്കുകള്‍ അറിയാം. അതൊക്കെ പല സമയത്തായി പറയുമെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it