പൂജ്യത്തിന് എല്ലാവരും പുറത്ത്

ലണ്ടന്‍: ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഒരു ടീമിലെ ബാറ്റ്‌സ്മാന്‍മാരെല്ലാം പൂജ്യം റണ്‍സിനു പുറത്തായി. ഇംഗ്ലണ്ടിലെ കെന്റ് ഗ്രാമത്തില്‍ ക്രൈസ്റ്റ് ചര്‍ച്ച് യൂനിവേഴ്‌സിറ്റി ടീമിനെതിരേ നടന്ന കലാശപ്പോരാട്ടത്തില്‍ ബാപ്‌ചൈല്‍ഡ് ക്രിക്കറ്റ് ക്ലബ്ബിലെ ടീമംഗങ്ങളാണ് ക്രിക്കറ്റില്‍ നാണക്കേടിന്റെ പുതിയ അധ്യായം രചിച്ചു ചേര്‍ത്തത്.
ആദ്യം ബാറ്റ് ചെയ്ത ക്രൈസ്റ്റ് ചര്‍ച്ച് ടീം 120 റണ്‍സ് അടിച്ചെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ ബാപ്‌ചൈല്‍ഡിന്റെ ആറു ബാറ്റ്‌സ്മാന്‍മാരും ഒരു റണ്‍സ് പോലും സ്‌കോര്‍ ചെയ്യാതെ ഒന്നിനു പുറകെ ഒന്നായി കൂടാരം കയറി.
മൂന്നു ഓവറും രണ്ട് പന്തും മാത്രമാണ് ബാപ്‌ചൈല്‍ഡ് ബാറ്റ്‌സ്മാന്‍മാര്‍ ആകെ ബാറ്റ് ചെയ്തത്. ക്രൈസ്റ്റ് ചര്‍ച്ചിനു വേണ്ടി ഫ്രേസര്‍മക് വിനി, ഫിലിപ്പ് സീമന്‍സ് എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തിയാണ് എതിര്‍ടീമിനെ നാണം കെടുത്തിയത്.
അഭ്യന്തര ക്രിക്കറ്റില്‍ ഒരു റണ്‍സ് നേടി ടീം പുറത്തായതായിരുന്നു ഇതുവരെയുളള റെക്കോഡ്. 1913ല്‍ സോമര്‍സെറ്റിനെതിരേ നടന്ന മല്‍സരത്തില്‍ ലാങ്‌പോര്‍ട്ട് സിസിയുടെ പത്ത് ബാറ്റ്‌സ്മാന്‍മാരും പൂജ്യത്തിന് പുറത്താവുകയായിരുന്നു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആറു റണ്‍സാണ് ഏറ്റവും ചെറിയ ടീം സ്‌കോര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ 26 റണ്‍സാണ് ഒരു ടീമിന്റെ ഏറ്റവും ചെറിയ സ്‌കോര്‍. 1955ല്‍ ഓക്‌ലന്റില്‍ നടന്ന മല്‍സരത്തില്‍ ഇംഗ്ലണ്ടിനെതിരേ ന്യൂസിലന്റ് 26 റണ്‍സ് മാത്രമെടുത്ത് പുറത്താവുകയായിരുന്നു.
Next Story

RELATED STORIES

Share it