Kottayam Local

'പുഴയോരം മുളയോരം' പദ്ധതിക്ക് തുടക്കമായി

ഈരാറ്റുപേട്ട: ആറ്റുതീരത്ത് മുളം തൈകള്‍ നട്ടുവളര്‍ത്തി മീനച്ചിലാറിനെയും തീരങ്ങളെയും സംരക്ഷിക്കാനുള്ള പദ്ധതിയായ 'പുഴയോരം മുളയോരം' ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ആര്‍ ഉദ്ഘാടനം ചെയ്തു. മീനച്ചില്‍ നദീസംരക്ഷണ സമിതിയുടെയും സംസ്ഥാന വനം വകുപ്പിന്റെയും നേതൃത്വത്തില്‍ നടത്തുന്ന ഈ പ്രോജക്ടില്‍ പൂഞ്ഞാര്‍ ഭാഗത്തെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അന്റോണിയന്‍ ക്ലബ്ബ് അംഗങ്ങളാണ്. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെയും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും സഹകരണത്തോടെയാണ് പദ്ധതി. മീനച്ചിലാറിന്റെ തീരത്ത് മുളംതൈകള്‍ നട്ടുകൊണ്ടുള്ള പ്രോജക്ട് ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന സമ്മേളനത്തില്‍ പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അധ്യക്ഷത വഹിച്ചു. മീനച്ചില്‍ നദീസംരക്ഷണ സമിതി പ്രസിഡന്റ് ഡോ. എസ് രാമചന്ദ്രന്‍, ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എം ടി ജോസ്, ഈരാറ്റുപേട്ട ജോയിന്റ് ബിഡിഒ ഗോപാലകൃഷ്ണന്‍, വാര്‍ഡ് മെംമ്പര്‍ നിര്‍മല മോഹനന്‍ സംസാരിച്ചു.സെന്റ് ആന്റണീസ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാ. ജോര്‍ജ് വയലില്‍കളപ്പുര, പിടിഎ പ്രസിഡന്റ് ജോസ് വലിയപറമ്പില്‍, അന്റോണിയന്‍ ക്ലബ്ബ് കോ ഓഡിനേറ്റര്‍ ടോണി പുതിയാപറമ്പില്‍, സി റെന്‍സി സെബാസ്റ്റ്യന്‍, തങ്കച്ചന്‍ കൊണ്ടാട്ടുപറമ്പില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it