Pathanamthitta local

പുളിക്കീഴില്‍ കിണര്‍ റീച്ചാര്‍ജിങിന് 63 ലക്ഷത്തിന്റെ ഭരണാനുമതി

തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് സംയോജിത നീര്‍ത്തട പരിപാലന പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന കിണര്‍ റീച്ചാര്‍ജിങിന് ബ്ലോക്ക് പരിധിയിലെ അഞ്ച് പഞ്ചായത്തികളിലെ വിവിധ വാട്ടര്‍ഷെഡുകളിലായി 63 ലക്ഷത്തിന്റെ ഭരണാനുമതി നല്‍കിയതായി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍കുര്യന്‍ പറഞ്ഞു.
അപ്പര്‍കുട്ടനാട്ടിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കിയത്. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച കിണര്‍ റീച്ചാര്‍ജിങ് പരിശീലന പരിപാടിയായ മഴപ്പൊലിമ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തില്‍ യൂനിറ്റ് ഒന്നിന് 10000 രൂപ വീതം 630 ഗുണഭോക്താക്കള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. വിവിധ വാട്ടര്‍ഷെഡുകളിലെ നീര്‍ത്തട ഗ്രാമസഭ മുഖേനയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. ഈ ബൃഹത് പദ്ധതിക്ക് മുമ്പ് ഗാര്‍ഹിക ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി 1400 കുടുംബങ്ങള്‍ക്ക് ടെറാഫില്‍ ഫില്‍റ്റര്‍ വിതരണം ചെയ്തിരുന്നു. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഴപ്പൊലിമയാണ് പദ്ധതിയുടെ സാങ്കേതിക ഉപദേഷ്ടാക്കള്‍.
തൃശൂര്‍ ജില്ലയില്‍ വന്‍ വിജയം നേടിയ പദ്ധതിയാണിത്. മഴവെള്ളം നേരിട്ടോ അരിച്ചോ കിണറ്റിലെത്തിച്ച് കിണറിനുചുറ്റുമുള്ള ജലവലയം കൂടുതല്‍ വിസ്തൃതമാക്കി ജല ഉറവകള്‍ സമ്പുഷ്ടമാക്കുന്നതാണ് പദ്ധതി. ഈ പ്രക്രിയയിലൂടെ വെള്ളത്തിന്റെ ഉപ്പുരസം, കലക്കല്‍, കാഠിന്യം, നിറവ്യത്യാസം തുടങ്ങിയ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും. വൈസ് പ്രസിഡന്റ് സുമ ചെറിയാന്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനില്‍മേരി ചെറിയാന്‍, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൂസമ്മ പൗലോസ് സംസാരിച്ചു.
Next Story

RELATED STORIES

Share it