പുളിക്കല്‍ മങ്ങാട്ടുമുറി എഎംഎല്‍പി സ്‌കൂള്‍ അടച്ചുപൂട്ടി

കൊണ്ടോട്ടി: പുളിക്കല്‍ മങ്ങാട്ടുമുറി എഎംഎല്‍പി സ്‌കൂള്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് അടച്ചുപൂട്ടി. കൊണ്ടോട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കെ ആശിഷിന്റെ നേതൃത്വത്തില്‍ ആറ് വിദ്യാഭ്യാസ ഓഫിസ് ജീവനക്കാര്‍ രാവിലെ ആറുമണിയോടെ സ്‌കൂളിലെത്തി പൂട്ടുപൊളിച്ച് ഓഫിസിനകത്തു കയറിയാണ് രേഖകള്‍ എടുത്തത്. നാട്ടുകാരുടെ പ്രതിഷേധമുണ്ടാവുമെന്നറിഞ്ഞ് സ്‌കൂളിനു ചുറ്റും പോലിസ് വലയം തീര്‍ത്തിരുന്നു. എന്നാല്‍, പ്രതിഷേധം ശക്തമാവും മുമ്പുതന്നെ എഇഒ സ്‌കൂളിനകത്തു കയറി ഫയലുകള്‍ പരിശോധിച്ചു. മുഴുവന്‍ രേഖകളും സ്‌കൂളിലില്ലായിരുന്നു. മറ്റുള്ളവ പരിശോധിക്കുന്നതിനിടെ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായി. പോലിസ് വലയം ഭേദിച്ച് സ്‌കൂള്‍ മുറ്റത്തെത്തിയ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധം ശക്തമാവുമെന്നു കണ്ട എഇഒ കിട്ടിയ രേഖകള്‍ എടുത്ത് ഓഫിസ് മുറി സീല്‍ ചെയ്ത് ഓഫിസിലും ക്ലാസ് മുറികളിലും കോടതി ഉത്തരവ് പതിച്ചു എട്ടുമണിയോടെ പുറത്തിറങ്ങി. സ്‌കൂള്‍ അടച്ചുപൂട്ടിയ റിപോര്‍ട്ട് 10ന് ഹൈക്കോടതിയില്‍ നല്‍കും.
കോടതി ഉത്തരവിനെ തുടര്‍ന്ന് രണ്ടുതവണ സ്‌കൂള്‍ അടച്ചുപൂട്ടാനെത്തിയ കൊണ്ടോട്ടി എഇഒക്ക് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങേണ്ടിവന്നിരുന്നു. കഴിഞ്ഞ 28നാണ് അവസാനമായി എത്തിയിരുന്നത്. തുടര്‍ന്ന് എഇഒ ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വിധി നടപ്പാക്കാനായില്ലെന്ന് കോടതിയെ അറിയിച്ചു. ജൂണ്‍ 10നു മുമ്പ് വേണ്ട പോലിസ് സംരക്ഷണയില്‍ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.
രാവിലെ സ്‌കൂളിന്റെ പ്രവര്‍ത്തനസമയമായപ്പോഴേക്കും നാട്ടുകാരും രംഗത്തെത്തിയിരുന്നു.—ഇതിനിടെ സ്‌കൂളിലെത്തിയ വിദ്യാര്‍ഥികളെ ക്ലാസ് മുറികളില്‍ ഇരുത്തി പഠിപ്പിക്കാനും അധ്യാപകര്‍ തയ്യാറായി. സ്‌കൂള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭത്തിലായിരുന്നു. ഒളവട്ടൂര്‍ മങ്ങാട്ടുമുറി പ്രദേശത്തെ സാധാരണക്കാരുടെ മക്കള്‍ക്ക് ഏറെ ആശ്വാസമായിരുന്ന സ്‌കൂള്‍ ലാഭകരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് മാനേജര്‍ കോടതിയെ സമീപിച്ചത്. സ്‌കൂളില്‍ നിലവില്‍ 73 കുട്ടികളും അഞ്ച് അധ്യാപകരുമാണുള്ളത്. ഈ വര്‍ഷം പുതുതായി 18 വിദ്യാര്‍ഥികളാണ് ഒന്നാംക്ലാസിലേക്ക് പ്രവേശനം നേടിയത്..
Next Story

RELATED STORIES

Share it