wayanad local

പുല്‍പ്പള്ളി അമ്പെയ്ത്ത് കേന്ദ്രം വീണ്ടും വിവാദത്തിലേക്ക്

പുല്‍പ്പള്ളി: പുല്‍പ്പള്ളിയില്‍ ആരംഭിക്കുന്ന അമ്പെയ്ത്ത് പരിശീലന കേന്ദ്രത്തിന്റെ നിര്‍മാണം വീണ്ടും വിവാദത്തിലേക്ക്. പരിശീലന കേന്ദ്രത്തിനായി നാലേക്കര്‍ സ്ഥലം വിട്ടുകൊടുത്തതിലാണ് വിവാദം.
അന്താരാഷ്ട്ര നിലവാരമുള്ള അമ്പെയ്ത്ത് പരിശീലന കേന്ദ്രം ആരംഭിക്കുന്നതിനു വേണ്ടി 2006ല്‍ പുല്‍പ്പള്ളിയിലെ കോളറാട്ടുകുന്നിന് സമീപം പഞ്ചായത്ത് എട്ട് ഏക്കര്‍ സ്ഥലം വിലയ്ക്കു വാങ്ങിയിരുന്നു. 2008ല്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കാനായി പഞ്ചായത്ത് അധികൃതര്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന് ഭൂമി കൈമാറി. മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കണമെന്നും അല്ലാത്തപക്ഷം സ്ഥലം തിരികെ തരണമെന്നും വ്യവസ്ഥ വച്ചായിരുന്നു അന്നു സ്ഥലം കൈമാറിയത്. എന്നാല്‍, കാലാവധിക്കുള്ളില്‍ സ്ഥാപനം പ്രാവര്‍ത്തികമാക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കഴിയാതെ വന്നതോടെ പഞ്ചായത്ത് അധികൃതര്‍ സ്ഥലം തിരികെ ആവശ്യപ്പെട്ടു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍, നാലേക്കര്‍ പഞ്ചായത്തിന് തിരികെ നല്‍കാമെന്നും ബാക്കി നാല് ഏക്കറില്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കാമെന്നും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധികൃതരും പഞ്ചായത്ത് അധികൃതരും തമ്മില്‍ ധാരണയുണ്ടാക്കി.
പുതിയ ഭരണസമിതി അധികാരത്തിലെത്തിയതോടെ അന്താരാഷ്ട്ര നിലവാരമുള്ള ഇന്‍സ്റ്റിറ്റിയൂട്ട് തന്നെ പുല്‍പ്പള്ളിയില്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം തിരികെയെടുത്ത നാല് ഏക്കര്‍ കൂടി സ്‌പോര്‍ട്‌സ് കൗണ്‍സിലിന് വിട്ടുകൊടുത്തു. ഇതാണിപ്പോള്‍ വിവാദമായിരിക്കുന്നത്.
പഞ്ചായത്തിന് ലഭിച്ച നാലേക്കര്‍ സ്ഥലം ആരെയും അറിയിക്കാതെ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് വിട്ടുകൊടുത്തുവെന്നാരോപിച്ച് പഞ്ചയാത്ത് ഭരണസമിതിയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തുവന്നു. പഞ്ചായത്ത് നേരത്തെ വിട്ടുകൊടുത്ത നാലേക്കര്‍ സ്ഥലത്ത് ആര്‍ച്ചറി ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കണമെന്നും ബാക്കി നാലേക്കര്‍ സ്ഥലത്ത് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മറ്റ് സ്ഥാപനങ്ങള്‍ ആരംഭിക്കണമെന്നുമാണ് കോണ്‍ഗ്രസ് അംഗങ്ങളുടെ ആവശ്യം. എന്നാല്‍, 100 കോടിയിലധികം രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതിയായതിനാലാണ് സ്ഥലം വിട്ടുകൊടുത്തതെന്നു ഭരണസമിതി അംഗങ്ങള്‍ പറയുന്നു. ഇതിനെതിരേ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭരണസമിതിയിലെ ഒമ്പതു കോ ണ്‍ഗ്രസ് അംഗങ്ങളും.
Next Story

RELATED STORIES

Share it