wayanad local

പുല്‍പ്പള്ളിയില്‍ ഗതാഗതക്കുരുക്കും മാലിന്യവും പ്രധാന പ്രശ്‌നങ്ങള്‍

പുല്‍പ്പള്ളി: ഗതാഗതക്കുരുക്കും മാലിന്യപ്രശ്‌നവും പ്രധാനമായി പരിഹരിക്കണമെന്നുള്ള നിര്‍ദേശങ്ങളടങ്ങുന്ന സമഗ്ര വികസനരേഖ വ്യാപാരി വ്യവസായി ഏകോപന സമിതി പുല്‍പ്പള്ളി യൂനിറ്റ് ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ക്ക് കൈമാറി. കഴിഞ്ഞ ദിവസം നടന്ന സ്വീകരണ യോഗത്തിലാണ് ഏകോപന സമിതി ഭാരവാഹികള്‍ പഞ്ചായത്ത് അധികൃതര്‍ക്ക് പഞ്ചായത്തിന്റെ സമഗ്ര വികസനരേഖ കൈമാറിയത്.
അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കേണ്ടതും പഞ്ചായത്തിന്റെ സമഗ്രവികസനം ലക്ഷ്യംവച്ചുകൊണ്ടുള്ളതുമായ വികസന രേഖയാണ് ജില്ലാ വൈസ് പ്രസിഡന്റ് മത്തായി തണ്ടായിമറ്റം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശിന് കൈമാറിയത്.
ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നും മാലിന്യം നീക്കം ചെയ്യുന്നതിന് അടിയന്തര നടപടികളുണ്ടാവണമെന്നുമാണ് പ്രധാന ആവശ്യങ്ങള്‍.
മാലിന്യം നീക്കംചെയ്യുന്നതിന് പഞ്ചായത്തില്‍ ആവശ്യത്തിന് ജീവനക്കാരുണ്ടെങ്കിലും മാലിന്യനീക്കം നടക്കാറില്ല. ബസ്‌സ്റ്റാന്റിന്റെ പിന്‍ഭാഗത്തും കച്ചവടസ്ഥാപനങ്ങളുടെ പുറകിലും ടൗണില്‍ തന്നെ ആളൊഴിഞ്ഞ മുക്കിലും മൂലയിലുമൊക്കെയാണ് ഇപ്പോള്‍ മാലിന്യം കൂട്ടിയിടുന്നതും കത്തിക്കുന്നതും. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ഒരു വര്‍ഷം മുമ്പ് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഗതാഗത പരിഷ്‌കാരം നടപ്പാക്കിയിരുന്നു. എന്നാല്‍, ഇതു കൃത്യമായി പാലിക്കപ്പെടുന്നില്ല. ഇക്കാരണത്താല്‍ തന്നെ ടൗണില്‍ ഓരോ ദിവസവും ഗതാഗതപ്രശ്‌നം വഷളായിക്കൊണ്ടിരിക്കുകയാണ്.
ടൗണില്‍ ശേഷിക്കുന്ന ഭാഗത്തുകൂടി നവീകരണ പ്രവൃത്തികള്‍ നടത്തുക, ആവശ്യമുള്ള ഇടങ്ങളിലെല്ലാം സീബ്രാലൈനുകള്‍ സ്ഥാപിക്കുക, താഴെയങ്ങാടി, സ്‌കൂള്‍ കവല, അനശ്വര കവല, ആശുപത്രിക്കവല എന്നിവിടങ്ങലില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുക, കുടിവെള്ളവിതരണം കാര്യക്ഷമമാക്കുക, മല്‍സ്യ-മാംസ മാര്‍ക്കറ്റിനോടനുബന്ധിച്ച് സ്ലോട്ടര്‍ ഹൗസ് നിര്‍മിക്കുക, ട്രാഫിക് അഡൈ്വസറി ബോര്‍ഡ് പുനസ്സംഘടിപ്പിക്കുക എന്നിവയാണ് മറ്റ് നിര്‍ദേശങ്ങള്‍.
Next Story

RELATED STORIES

Share it