wayanad local

പുല്‍പ്പള്ളിയിലെ ആനക്കൊമ്പ് വേട്ട; ഒരാള്‍കൂടി അറസ്റ്റില്‍; അന്വേഷണം ഊര്‍ജിതമാക്കി

പുല്‍പ്പള്ളി: ടൗണിലെ കടയില്‍ നിന്ന് ഒരു ലക്ഷത്തോളം വിലമതിക്കുന്ന ആനക്കൊമ്പുകള്‍ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. ചീയമ്പം 73 കാട്ടുനായ്ക്ക കോളനിയിലെ രാജു(59)വിനെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. അമരക്കുനി പുത്തന്‍കുടിയില്‍ കുട്ടപ്പനെ ആനക്കൊമ്പുകള്‍ സഹിതം കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
ഒരു വര്‍ഷം മുമ്പ് രാജുവാണ് കുട്ടപ്പന് ആനക്കൊമ്പുകള്‍ വിറ്റത്. സീതാദേവി ക്ഷേത്രത്തിനടുത്തുള്ള കടയില്‍ നിന്നാണ് രണ്ടു കിലോയോളം തൂക്കം വരുന്ന കൊമ്പുകളുമായി ഞായറാഴ്ച കുട്ടപ്പന്‍ അറസ്റ്റിലായത്. ചീയമ്പം വനാതിര്‍ത്തിയില്‍ നിന്നാണ് ആനക്കൊമ്പുകള്‍ ലഭിച്ചതെന്നാണ് രാജുവിന്റെ മൊഴി. ഇതു വിശ്വാസയോഗ്യമാണോയെന്നതു വനംവകുപ്പ് പരിശോധിച്ചു വരികയാണ്.
കൊമ്പുകള്‍ക്ക് വര്‍ഷങ്ങളോളം പഴക്കമുള്ളതായാണ് വനംവകുപ്പിന്റെ നിഗമനം. കര്‍ണാടക വനത്തില്‍ നിന്നുള്ള ആനയുടെ കൊമ്പുകളാണ് ഇതെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ചെതലയം റേഞ്ച് ഓഫിസര്‍ കര്‍ണാടക വനംവകുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ട്.
വനത്തില്‍ ചെരിഞ്ഞതോ വേട്ടയാടിയതോ ആയ ആനയുടെ കൊമ്പുകളായിരിക്കാമെന്നും വനംവകുപ്പ് സംശയിക്കുന്നുണ്ട്. അതേസമയം, സംസ്ഥാനത്തെ ആനക്കൊമ്പ് മാഫിയയ്ക്ക് സംഭവവുമായി ബന്ധമുണ്ടോയെന്ന കാര്യത്തിലും സൂചനകള്‍ ലഭിച്ചിട്ടില്ല. പ്രാദേശികമായി നടന്ന ആനക്കൊമ്പ് കച്ചവടമായിരിക്കുമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് വനംവകുപ്പ് ആവര്‍ത്തിക്കുന്നത്. അറസ്റ്റിലായവരെ സുല്‍ത്താന്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-രണ്ടില്‍ ഹാജരാക്കി. വന്യജീവി സംരക്ഷണ നിയമം 1972ലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ഏഴു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ചെതലയം റേഞ്ച് ഓഫിസര്‍ ബി രഞ്ജിത്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Next Story

RELATED STORIES

Share it