kasaragod local

പുല്ലൂപ്പിക്കടവ് പാലം: അപ്രോച്ച് റോഡ്  പ്രവൃത്തി അശാസ്ത്രീയമെന്ന് നാട്ടുകാര്‍

കക്കാട്: അത്തായക്കുന്ന്-പുല്ലൂപ്പി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഉദ്ഘാടനം 2016 ജനുവരി നാലിനു നടത്താന്‍ തീരുമാനിച്ചിരിക്കെ ഇരുഭാഗത്തെയും അപ്രോച്ച് റോഡ് പ്രവൃത്തിയുടെ ഗുണനിലവാരത്തെച്ചൊല്ലി ആശങ്ക. അശാസ്ത്രീയമായ ടാറിങ് റോഡ് എളുപ്പം തകരാന്‍ കാരണമാവുമെന്നും ടാറിങ് പ്രവൃത്തിക്ക് ഗുണനിലവാരം പോരെന്നുമാണ് ആക്ഷേപം.
റോഡിന് ഇരുവശവും കാല്‍നട യാത്രയ്ക്ക് സൗകര്യമില്ലാതെയാണു പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. അത്തായക്കുന്ന്, പുല്ലൂപ്പി ഭാഗത്ത് കുന്നിനു സമീപം സ്ഥിതിചെയ്യുന്ന ട്രാന്‍സ്‌ഫോമര്‍ റോഡിലേക്ക് തള്ളിനില്‍ക്കുകയാണ്. ഇതു സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കാത്ത പക്ഷം വാഹനഗതാഗതം ദുസ്സഹമാവും. കൂടാതെ, അപകടസാധ്യതയും ഏറെയാണ്. കൂടാതെ, കുന്നിനുമുകളിലെ റോഡിന്റെ വളവ് നിവര്‍ത്തണമെന്നും വൈദ്യുതിത്തൂണ്‍ മാറ്റിസ്ഥാപിക്കണമെന്നും നാട്ടുകാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇവയൊന്നും പരിഗണിക്കാതെയാണു പ്രവൃത്തി നടക്കുന്നത്.
പ്രതിഷേധം ശക്തമായതോടെ ഇക്കാര്യത്തില്‍ അനുകൂല നടപടി സ്വീകരിക്കണമെന്ന് കോപറേഷന്‍ ഡിവിഷന്‍ കൗണ്‍സിലര്‍ ടി കെ അഷ്‌റഫ് പൊതുമരാമത്ത് വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഴിമതിയും അവഗണനയും മൂലം കഴിഞ്ഞ 14 വര്‍ഷമായി നിര്‍മാണം ഇഴഞ്ഞുനീങ്ങിയിരുന്ന പാലത്തിന്റെ പ്രവൃത്തി നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ശക്തമായ സമര്‍ദ്ദത്തെ തുടര്‍ന്നാണു വേഗത്തിലായത്. 2001ല്‍ നാലുകോടി രൂപയുടെ എസ്റ്റിമേറ്റില്‍ തുടങ്ങിയ പ്രവൃത്തിക്ക് ഇപ്പോള്‍ 10 കോടിയിലധികം ചെലവായി.
എംഎല്‍എ ഫണ്ട് ഉപയോഗിച്ചാണ് പാലം പണി തുടങ്ങിയത്. മലപ്പുറത്തെ പി കെ കെ ഗ്രൂപ്പിനാണ് കരാര്‍. മയ്യില്‍, കണ്ണാടിപ്പറമ്പ്, പുല്ലൂപ്പിക്കടവ് ഭാഗങ്ങളിലുള്ളവര്‍ക്ക് കണ്ണൂര്‍ നഗരത്തിലെത്താന്‍ ഈ പാലം വളരെ സഹായകമാവും. 10 കിലോ മീറ്ററെങ്കിലും ലാഭിക്കാം.
Next Story

RELATED STORIES

Share it