പുല്ലാങ്കുഴല്‍ ഇതിഹാസത്തിന് സംഗീതലോകത്തിന്റെ വിട

ചെന്നൈ: ഇന്നലെ അന്തരിച്ച പുല്ലാങ്കുഴല്‍ ഇതിഹാസം എ ന്‍ രമണിക്കു സംഗീതലോകത്തിന്റെ ആദരാഞ്ജലികള്‍. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത, മുന്‍ മുഖ്യമന്ത്രി കരുണാനിധി അടക്കം ഒട്ടേറെ പ്രമുഖര്‍ സംഗീത കുലപതി—ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.82കാരനായ എന്‍ രമണി അര്‍ബുദരോഗബാധയെത്തുടര്‍ന്ന് ഏറെനാളായി ചികില്‍സയിലായിരുന്നു. പ്രശസ്ത പുല്ലാങ്കുഴല്‍ വിദഗ്ധന്‍ ആര്‍ ത്യാഗരാജന്‍ മകനാണ്.

പേരക്കുട്ടി അതുല്‍ കുമാറും മുത്തശ്ശന്റെ വഴിയിലെ അതുല്യ പുല്ലാങ്കുഴല്‍ പ്രതിഭയാണ്.അഴിയൂര്‍ നാരായണസ്വാമിയില്‍ നിന്നു പുല്ലാങ്കുഴലിന്റെ ആദ്യപാഠങ്ങള്‍ പഠിച്ച രമണി മാതാവ് ശാരദാംബാളില്‍ നിന്നും ഗുരുകല രീതിയില്‍ പുല്ലാങ്കുഴല്‍ അഭ്യസിച്ചു.നാഗപട്ടണത്ത് ഒരു സംഗീതസന്ധ്യയില്‍ രമണിയുടെ പുല്ലാങ്കുഴല്‍ ശ്രവിച്ച മാലി ചെന്നൈയിലേക്കു ക്ഷണിക്കുകയായിരുന്നു.

1950കളില്‍ ചെന്നൈയിലെത്തിയ രമണി പിന്നീടുള്ള തന്റെ സംഗീതജീവിതത്തിനു ചെന്നൈ താവളമാക്കിയതായി പുത്രന്‍ ആര്‍ മോഹന്‍ അനുസ്മരിച്ചു. 1950-60കളില്‍ തഞ്ചാവൂര്‍ സംഗീതോല്‍സവങ്ങളില്‍ തഞ്ചാവൂര്‍ എം ത്യാഗരാജന്‍, തിരുവാരൂര്‍ നമശ്ശിവായം എന്നിവരോടൊപ്പം കച്ചേരികളില്‍ രമണി ശ്രദ്ധേയനായി.

പുല്ലാങ്കുഴല്‍ ചക്രവര്‍ത്തി മാലി തന്റെ മരണശയ്യയ്ക്കരികില്‍ രമണിയെ ഇരുത്തി പുല്ലാങ്കുഴല്‍ വായിക്കാന്‍ ആവശ്യപ്പെട്ടു. ഒരു കീര്‍ത്തനം നിറകണ്ണുകളോടെ രമണി ആലപിച്ചു. മണിക്കൂറുകള്‍ക്കകം മാലി കണ്ണടച്ചു എന്നെന്നേക്കുമായി.തിരുപ്പതി ദേവസ്ഥാനം ആസ്ഥാന വിദ്വാനായ എന്‍ രമണിക്ക് പത്മശ്രീയും സംഗീതനാടക അക്കാദമി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. കാമാക്ഷിയമ്മയാണു ഭാര്യ.
Next Story

RELATED STORIES

Share it