പുലിനഖം വില്‍ക്കാന്‍ ശ്രമം; അഞ്ചു പേര്‍ പിടിയില്‍

പുനലൂര്‍: പുലിയുടെ നഖങ്ങളും പല്ലുകളും വില്‍പന നടത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് അഞ്ചുപേരേ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. പിറവന്തൂര്‍ കുര്യോട്ടുമല ആദിവാസി കോളനിയില്‍ ചിത്രാഭവനില്‍ രാമചന്ദ്രന്‍(45), ഉറുകുന്ന് പുത്തന്‍പുര വീട്ടില്‍ റോയി ജോസഫ്(40), തട്ടത്തുമല മറവന്‍കുഴി പണയില്‍ വീട്ടില്‍ ബദറുദ്ധീന്‍ (60), അഞ്ചല്‍ വടമണ്‍ രമണി വിലാസത്തില്‍ ഭുവനേന്ദ്രന്‍(49), പുനലൂര്‍ വെട്ടിത്തിട്ട അനുരാജ് ഭവനില്‍ തോബിയാസ്(45) എന്നിവരാണു പിടിയിലായത്.
റോയി തോമസ് പാസ്റ്ററാണ്. ഇവരില്‍ നിന്ന് പുലിയുടെ നാല് പല്ലുകളും 13 നഖങ്ങളും ഇവ കടത്താന്‍ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. പുനലൂര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ കോശി ജോണിന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകീട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പുളിയറ ഭാഗത്ത് കാട്ടില്‍ ചത്തുകിടന്ന പുലിയുടെ നഖവും പല്ലുമാണിതെന്നും രാമചന്ദ്രന്‍ ഇതു ശേഖരിച്ച് ബന്ധുവിനു കൈമാറിയതിനെ തുടര്‍ന്നാണ് വില്‍പന നടത്താന്‍ ശ്രമം നടന്നതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നാല് വയസ്സ് പ്രായം വരുന്ന പുലിയുടെതാണിത്.
പല്ലിനും നഖത്തിനും ഒരു വര്‍ഷത്തെ പഴക്കമുണ്ട്. ഇടനിലക്കാര്‍ മുഖേനയാണ് ഇവ വില്‍പന നടത്താന്‍ ശ്രമിച്ചത്. വനംവകുപ്പ് അധികൃതര്‍ക്കു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ഡിഎഫ്ഒയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് അഞ്ചുപേരും പിടിയിലായത്. പുനലൂരിലെ ഡിഎഫ്ഒ ഓഫിസിലെത്തിച്ച് ഇവരെ ചോദ്യംചെയ്തു.
ഇന്നുരാവിലെ കോടതിയില്‍ ഹാജരാക്കും. പുനലൂരിലെ ഫ്‌ളൈയിങ് സ്‌ക്വാഡ് ഡിഎഫ്ഒ ടോണി വര്‍ഗീസ്, ശെന്തുരുണി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഷാനവാസ്, റേഞ്ച് ഓഫിസര്‍മാരായ പി സുഭാഷ്, പി ജി ചന്ദ്രന്‍പിള്ള, എന്‍ എസ് ഗിരീഷ്ബാബു, ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ സി രാജുക്കുട്ടി അന്വേഷണത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it