പുലിക്കുട്ടിയെ മെരുക്കിയ ജയന്റ് കില്ലര്‍ക്ക് ഇത് മൂന്നാമങ്കം

മുജീബ് പുള്ളിച്ചോല

മലപ്പുറം: ക്യത്യം പത്തുവര്‍ഷങ്ങള്‍ക്കു മുമ്പുള്ള നിയമസഭാ തിരഞ്ഞെടുപ്പ് കാലം. കുറ്റിപ്പുറം നിയമസഭാമണ്ഡലം സാക്ഷ്യം വഹിക്കുന്നത് ഉശിരുള്ള പോരിന്. യുഡിഎഫിനുവേണ്ടി മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ തന്ത്രജ്ഞന്‍ പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടിയെന്ന പി കെ കുഞ്ഞാലിക്കുട്ടി അങ്കക്കളത്തില്‍. എതിരാളി തന്റെ ശിഷ്യന്‍ തന്നെ. മുസ്‌ലിം യൂത്ത് ലീഗിന്റെ അമരക്കാനായിരുന്ന ഡോ. കെ ടി ജലീല്‍ പലവിധ അഭിപ്രായ വ്യത്യാസങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്ന് വിടുതല്‍ വാങ്ങിയിരിക്കുന്നു. ഇടതുപക്ഷം മറ്റൊന്നും ആലോചിച്ചില്ല. മുസ്‌ലിംലീഗിന്റെ പുലിക്കുട്ടിയെ മെരുക്കാന്‍ ജലീലിനെതന്നെ നിയോഗിച്ചു.
ലീഗ് തിരഞ്ഞെടുപ്പ് വേദികളില്‍ പ്രഭാഷകര്‍ ജലീലിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ പ്രസംഗിച്ചത് ഇപ്രകാരമായിരുന്നു, മൂട്ടയെ തുരത്താന്‍ പീരങ്കി ആരും ഉപയോഗിക്കാറില്ല. പക്ഷേ, തിരഞ്ഞെടുപ്പ് ഫലം വന്നു. ശിഷ്യനു മുന്നില്‍ ഗുരുവിന് കാലിടറി. പീരങ്കിയല്ല ആറ്റംബോംബ് വര്‍ഷിച്ചിട്ടും ഈ പോരാളിയെ പിന്നെ ലീഗിന് തുരത്താന്‍ കഴിഞ്ഞിട്ടില്ല. 8,781 വോട്ടിന് കെ ടി ജലീല്‍ എന്ന ലീഗ് വേദികളിലെ ഈ തീപ്പൊരി പ്രാസംഗികനോട് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ ചാണക്യന്‍ പി കെ കുഞ്ഞാലിക്കുട്ടി അടിയറവ് പറഞ്ഞു.
കേരള രാഷ്ട്രിയത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട തിരഞ്ഞെടുപ്പു ഫലമായിരുന്നു അത്. ലീഗിനെയും കുഞ്ഞാലിക്കുട്ടിയെയും ഇരുത്തിചിന്തിപ്പിച്ച, പാഠം പഠിപ്പിച്ച തോല്‍വി. ഇന്ന് കുറ്റിപ്പുറം നിയമസഭാ പോരിനില്ല. വിമര്‍ശകര്‍ പറയുന്നതുപോലെ ലിഗിനെ പാഠം പഠിപ്പിച്ച ലീഗ് മറക്കാനാഗ്രഹിക്കുന്ന കുറ്റിപ്പുറത്തെ കീറിമുറിച്ച് നിളയിലേക്ക് എറിഞ്ഞുകൊടുത്ത് കുറ്റിപ്പുറത്തോട് പക തീര്‍ത്തു.
പുനര്‍ നിര്‍ണയത്തിലൂടെ കുറ്റിപ്പുറം ഇല്ലാതായപ്പോള്‍ നിലവില്‍ വന്ന തവനൂരില്‍ രണ്ടാമതും ഇടതിനുവേണ്ടി പോരിനിറങ്ങി. വിജയം ജലീലിനൊപ്പം നിന്നു. 6,854 വോട്ടിന്റെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസ്സിലെ വി വി പ്രകാശിനെ തറപറ്റിച്ചു. നിയമസഭയിലേക്ക് ഹാട്രിക് തികയ്ക്കാനായി ഇടതു സ്വതന്ത്രനായി മൂന്നാമതും മല്‍സര രംഗത്തുണ്ട്. ഇപ്രാവശ്യം യൂത്ത് കോണ്‍ഗ്രസ് യുവ നേതാവ് പി ഇഫ്തിഖാറുദ്ദീനാണ് എതിരാളി. കുറ്റിപ്പുറത്തിന്റെ സുല്‍ത്താനായതിനുശേഷം ജലീല്‍ ഇടതുപക്ഷത്തിന്റെ സഹയാത്രികനായി. സിപിഎം മെമ്പര്‍ഷിപ്പ് എടുത്തിട്ടില്ലെങ്കിലും സിപിഎം സമരങ്ങളിലും വേദികളിലും ഒഴിച്ചുകൂടാനാവാത്ത വിഭവമായി മാറി അര സഖാവായി' സിപിഎമ്മിനോടൊപ്പം ജലീല്‍ സഞ്ചരിക്കുന്നു. പിണറായി വിജയന്റെ സന്തത സഹചാരിയായിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
പിണറായി സഖാവ് എപ്പോഴൊക്കെ കേരളം ചുറ്റിയുള്ള യാത്ര നടത്തുന്നുണ്ടോ അപ്പോഴൊക്കെ ഈ പ്രാസംഗികന്‍ യാത്രയോടൊപ്പമുണ്ടാവും. സമുദായ ബാലന്‍സ് ഒപ്പിക്കാനാണെങ്കിലും സിപിഎമ്മിന്റെ വേദികളില്‍ കൈയടി ലഭിക്കുന്ന നേതാവായി ജലീല്‍ മാറി. കാര്യങ്ങള്‍ ഇങ്ങിനെയായ സ്ഥിതിക്ക് ഇനി 'ഫുള്‍ സഖാവ്ആയിക്കൂടെ എന്നു ചോദിച്ചാല്‍ രാഷ്ട്രീയത്തില്‍ സ്വതന്ത്ര കാഴ്ചപ്പാടുകളുള്ളതിനാല്‍ സ്വതന്ത്രനായിതന്നെ തുടരട്ടെ എന്നാണു പ്രതികരണം.
വളാഞ്ചേരി കൂരിപ്പറമ്പില്‍ തെക്കുംപാട്ട് കുഞ്ഞിമുഹമ്മദിന്റെയും നഫീസയുടെയും മകനായ ജലീല്‍ തിരൂരങ്ങാടി പിഎസ്എംഒ കോളജില്‍ നിന്നു ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് എംഫില്‍, കേരള സര്‍വകലാശാലയില്‍ നിന്നു പിഎച്ച്ഡി എന്നിവ നേടി. 94ല്‍ പിഎസ്എംഒ കോളജില്‍ ചരിത്ര അധ്യാപകനായി.
യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രിയ നേതാവായി. 2005ല്‍ മുസ്‌ലിം ലീഗില്‍ നിന്നു വിട്ടു. 2006ല്‍ കുറ്റിപ്പുറത്തുനിന്ന് ഇടതു സ്വതന്ത്രനായി ആദ്യമായി നിയമസഭയിലേക്ക്. 2011ല്‍ തവനൂരില്‍ നിന്നും നിയമസഭാംഗമായി. രണ്ടാം തവണയാണ് തവനൂരില്‍നിന്നു മല്‍സരിക്കുന്നത്.
Next Story

RELATED STORIES

Share it