wayanad local

പുലിക്കാട്ട്കടവ് പാലം: നാട്ടുകാരുടെ കാത്തിരിപ്പ് നീളുന്നു

പനമരം: പുലിക്കാട്ട് കടവില്‍ പാലം വരുമെന്ന നാട്ടുകാരുടെ സ്വപ്‌നം നീളുന്നു. ഇതിനിടയില്‍ നിരവധി തവണ പാലം നിര്‍മിക്കുമെന്ന് വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും നാട്ടുകാരിപ്പോഴും താല്‍ക്കാലിക മരപ്പാലത്തിലൂടെയാണ് നടക്കുന്നത്. തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുലിക്കാട്ട് കടവിലെ പാലമാണ് വാഗ്ദാനങ്ങളിലൊതുങ്ങുന്നത്.
നിലവില്‍ പകുതിയിലേറെയും തകര്‍ന്ന പാലത്തിലൂടെ ജീവന്‍ പണയം വച്ചാണ് വിദ്യാര്‍ഥികളും നാട്ടുകാരും സഞ്ചരിക്കുന്നത്. വാളാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ജയ്ഹിന്ദ് സ്‌കൂള്‍ തുടങ്ങി നിരവധി വിദ്യാലങ്ങളിലേക്കുള്ള കുട്ടികളാണ് ഇതുവഴി സഞ്ചരിക്കുന്നത്. തൊണ്ടര്‍നാട് പഞ്ചായത്തിലെ പുതുശേരി, വളവില്‍, നീലോം എന്നിവിടങ്ങളിലുള്ളവര്‍ക്ക് മാനന്തവാടി, തവിഞ്ഞാല്‍ എന്നിവിടങ്ങളിലേക്ക് എളുപ്പമാര്‍ഗം കൂടിയാണിത്.
ആദ്യകാലങ്ങളില്‍ ജനങ്ങള്‍ ചെറിയ തോണികളിലായിരുന്നു സഞ്ചരിച്ചിരുന്നത്. തുടര്‍ന്ന് 1970ല്‍ തോണിമറിഞ്ഞ് ഒരാള്‍ മരിച്ചതോടെയാണ് നാട്ടുകാര്‍ കമ്പിയും മരപ്പലകകളും ഉപയോഗിച്ച് താല്‍ക്കാലിക പാലം നിര്‍മിച്ചത്. മാനന്തവാടി ജലവൈദ്യുത പദ്ധതി ഉദ്യോഗസ്ഥനാണ് അന്നു തോണി മറിഞ്ഞ് മരിച്ചത്. 50 വര്‍ഷത്തിലധികമായി നാട്ടുകാര്‍ സഞ്ചരിക്കുന്നത് ഈ താല്‍ക്കാലിക പാലത്തിലൂടെയാണ്. പാലത്തില്‍ നിന്ന് പുഴയില്‍ വീണ് ഒരു സ്ത്രീക്ക് പരിക്കേറ്റിരുന്നു. നിരവധി തവണ പരാതി അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനകം സമീപപ്രദേശങ്ങളിലെല്ലാം പാലം നിര്‍മാണം പൂര്‍ത്തിയായെങ്കിലും പുലിക്കാട്ട് കടവിലെ പാലത്തെ അധികൃതര്‍ അവഗണിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ പാലം പണി തുടങ്ങുമെന്നും സാധ്യതാ പഠനത്തിനായി 10 ലക്ഷം രൂപ അനുവദിച്ചെന്നും പറഞ്ഞ് മന്ത്രിമാരുടെ പടങ്ങളോടെ പ്രദേശത്ത് ഫഌക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നെങ്കിലും പണി ഇതുവരെ തുടങ്ങിയിട്ടില്ല.
Next Story

RELATED STORIES

Share it