പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം; യുഎപിഎ ചുമത്താത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി

കൊച്ചി: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തക്കേസില്‍ യുഎപിഎ ചുമത്താത്തത് എന്തെന്ന് ഹൈക്കോടതി. സ്‌ഫോടനം നടത്തി ജനങ്ങളില്‍ ഭീതി സൃഷ്ടിക്കുന്നത് നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നതിനാല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തക്കേസിനും യുഎപിഎ ബാധകമാവില്ലേയെന്ന് ജസ്റ്റിസ് പി ഉബൈദ് ആരാഞ്ഞു. ഇതുസംബന്ധിച്ച വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. നിശ്ചിത ദിവസത്തിനകം കുറ്റപത്രം നല്‍കാന്‍ കഴിയുമോയെന്ന ചോദ്യത്തിന് സര്‍ക്കാര്‍ മുദ്ര വച്ച കവറില്‍ സമര്‍പിച്ച റിപോര്‍ട്ട് പൂര്‍ണമല്ലെന്ന് വ്യക്തമാക്കിയ കോടതി റിപോര്‍ട്ടിന്റെ ഉള്ളടക്കത്തിന്റെ കാര്യത്തില്‍ അതൃപ്തി വെളിപ്പെടുത്തുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ക്ഷേത്ര ഭാരവാഹികളടക്കമുള്ളവരുടെ ജാമ്യ ഹരജികളാണ് കോടതി പരിഗണിച്ചത്.
കോടതിയുടെ ചോദ്യത്തിന് ഉത്തരം നല്‍കുന്നതല്ല സര്‍ക്കാര്‍ സമര്‍പിച്ച റിപോര്‍ട്ടെന്ന് കോടതി വ്യക്തമാക്കി. സ്‌ഫോടകവസ്തു പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ദുരന്തത്തില്‍ നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്. സ്‌ഫോടകവസ്തുക്കള്‍ അനധികൃതമായി അധിക അളവില്‍ സൂക്ഷിച്ചതാണ് സ്‌ഫോടനത്തിന് കാരണമായത്. ജനമനസ്സുകളില്‍ ഭീതിയുളവാക്കാന്‍ ഇത് മതിയാവുന്നതാണെന്നിരിക്കെ ഈ കേസ് യുഎപിഎ ചുമത്താന്‍ പര്യാപ്തമാണെന്ന് കോടതി വ്യക്തമാക്കി.
ഈ സാഹചര്യത്തില്‍ അന്തിമ റിപോര്‍ട്ട് ഉടന്‍ നല്‍കാനും പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്താനും കഴിയുമോയെന്നത് സംബന്ധിച്ച് വ്യക്തമായ വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.അതേസമയം, ദുരന്തമുണ്ടായത് ക്ഷേത്രാചാരത്തിന്റെ ഭാഗമായുള്ള വെടിക്കെട്ടിനിടെയാണെന്നും സ്‌ഫോടകവസ്തു ഉപയോഗിച്ചതിന്റെ പേരില്‍ യുഎപിഎ ചുമത്താന്‍ കഴിയില്ലെന്നും പ്രതികളുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ വിശദീകരണത്തിനായി കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
Next Story

RELATED STORIES

Share it