Kerala

പുറ്റിങ്ങല്‍ വെടിക്കെട്ട്: പീതാംബരക്കുറുപ്പ് ഹാജരായില്ല; കലക്ടറുടെ മൊഴിയെടുത്തു

പുറ്റിങ്ങല്‍ വെടിക്കെട്ട്: പീതാംബരക്കുറുപ്പ് ഹാജരായില്ല; കലക്ടറുടെ മൊഴിയെടുത്തു
X
MP-Peethambara-Kurup--12-04

കൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ മുമ്പാകെ മുന്‍ എംപിയും ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് ചെയര്‍മാനുമായ എന്‍ പീതാംബരക്കുറുപ്പ് മൊഴി നല്‍കാനെത്തിയില്ല. വാഹനാപകടത്തില്‍ പരിക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാലാണ് അദ്ദേഹം ഹാജരാവാതിരുന്നത്. പിന്നീട് ഹാജരായി മൊഴി നല്‍കാന്‍ അവസരം നല്‍കണമെന്ന് പീതാംബരക്കുറുപ്പിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ രാജേഷ് ഉളിയക്കോവില്‍ കമ്മിഷനോട് അഭ്യര്‍ഥിച്ചു.
അതേസമയം, ജില്ലാ കലക്ടര്‍ എ ഷൈനാമോളും സിറ്റി പോലിസ് കമ്മീഷണര്‍ പി പ്രകാശും ഇന്നലെ കമ്മീഷന് മുമ്പാകെ ഹാജരായി മൊഴി നല്‍കി. മല്‍സരകമ്പം മുന്‍കൂട്ടി നിരോധിച്ചിരുന്നുവെന്നാണ് ജില്ലാ കലക്ടറുടെ മൊഴി. മല്‍സരക്കമ്പത്തിന് അനുമതി നല്‍കിയിരുന്നില്ലെന്നും ആചാരപരമായി നടത്താമെന്ന് മാത്രമാണ് ശുപാര്‍ശ നല്‍കിയിരുന്നതെന്നും സിറ്റി പോലിസ് കമ്മീഷണര്‍ പി പ്രകാശ് വ്യക്തമാക്കി. രാഷ്ട്രീയ സമ്മര്‍ദ്ദമില്ലായിരുന്നുവെന്നും കമ്മീഷണര്‍ മൊഴി നല്‍കിയിട്ടുണ്ട്. വാക്കാലോ രേഖാമൂലമോ അനുമതി നല്‍കിയിട്ടില്ലെന്ന് എഡിഎം ഷാനവാസ് കമ്മീഷനെ അറിയിച്ചു. നിയമപരമായല്ലാതെ ഒന്നും ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ക്ഷേത്രം ഭാരവാഹികള്‍ തന്നെ വിളിച്ചിട്ടില്ലെന്നും എഡിഎം മൊഴി നല്‍കി.
വെടിക്കെട്ട് നിരോധിക്കുന്ന രീതിയിലുള്ള നീക്കം ഉണ്ടാവരുതെന്ന് തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ളവയുടെ സംഘാടകര്‍ കമ്മീഷനോട് അഭ്യര്‍ഥിച്ചു. നിയന്ത്രണങ്ങളോടെ വെടിക്കെട്ടിന് അനുമതി നല്‍കണമെന്ന് തൃശൂര്‍ പൂരത്തിന് നേതൃത്വം നല്‍കുന്ന തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും നെന്മാറ വേല സംഘടിപ്പിക്കുന്ന നെന്മാറ - വല്ലങ്ങി ദേശക്കാരും കമ്മിഷനോട് അഭ്യര്‍ഥിച്ചു. മൊഴി നല്‍കാനെത്താത്തവര്‍ക്ക് വീണ്ടും സമന്‍സ് അയക്കുമെന്ന് കമ്മീഷന്‍ ചെയര്‍മാനും ചെന്നൈയിലെ ജോയിന്റ് ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസ്സീവ്‌സുമായ ഡോ. എ കെ യാദവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Next Story

RELATED STORIES

Share it