Districts

പുറത്തേക്ക്

എച്ച് സുധീര്‍

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തുകയും തുടരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്ത സാഹചര്യത്തില്‍ ധനമന്ത്രി കെ എം മാണി മന്ത്രിസഭയ്ക്കു പുറത്തേക്ക്. തദ്ദേശ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു പിന്നാലെ ഹൈക്കോടതിവിധിയും തിരിച്ചടിയായതോടെ മാണിയുടെ രാജി അനിവാര്യമാണെന്നാണ് യുഡിഎഫ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സും ഘടകകക്ഷികളും സമ്മര്‍ദ്ദം ശക്തമാക്കിയതോടെ യുഡിഎഫിന്റെ അടിയന്തര നേതൃയോഗം ഇന്നു രാവിലെ 9നു തിരുവനന്തപുരത്തു ചേരും.
യോഗത്തില്‍ രാജി സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. മാണിയുടെ രാജിക്കാര്യത്തില്‍ ഇന്നു ചര്‍ച്ച ചെയ്തു തീരുമാനം അറിയിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചിട്ടുണ്ട്. യുഡിഎഫ് നേതാക്കന്‍മാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എല്ലാവരും ഇന്നു തിരുവനന്തപുരത്ത് എത്തുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. കോണ്‍ഗ്രസ്, മുസ്‌ലിംലീഗ് നേതൃത്വവുമായും കെ എം മാണിയുമായും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു.
അതേസമയം, പ്രതിപക്ഷവും നിലപാട് കടുപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. മാണി മാത്രമല്ല, മന്ത്രിസഭ തന്നെ രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷ നിലപാട്. വരുംദിവസങ്ങളില്‍ ശക്തമായ പ്രതിഷേധം അലയടിക്കുമെന്നും എല്‍ഡിഎഫ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. മാണിയുടെ രാജി ആവശ്യപ്പെട്ട് വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, എഐവൈഎഫ്, എസ്ഡിപിഐ, യുവമോര്‍ച്ച തുടങ്ങിയ സംഘടനകള്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. ഡിവൈഎഫ്‌ഐ, യുവമോര്‍ച്ച പ്രതിഷേധം ഏറെനേരം സംഘര്‍ഷത്തിനും കാരണമായി.
ഹൈക്കോടതിയുടെ കടുത്ത പരാമര്‍ശങ്ങളെ തുടര്‍ന്നാണ് മാണിയുടെ അടി തെറ്റിയത്. നിലവിലെ സാഹചര്യത്തില്‍ മാണിയുടെ രാജി യുഡിഎഫിന് അനിവാര്യമാണ്. തിരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ കോടതിവിധിയിലും തിരിച്ചടി നേരിട്ടതോടെ മുഖം രക്ഷിക്കാന്‍ മാണിയുടെ രാജിക്ക് സമ്മര്‍ദ്ദമേറുകയാണ്. യുഡിഎഫില്‍ നിന്നു പിന്തുണയില്ലാത്തതിനാലും കേരളാ കോണ്‍ഗ്രസ്സില്‍ നിന്നുപോലും എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലും മാണിയുടെ പ്രതിരോധം നിലനില്‍ക്കില്ല.
മുന്നണിയില്‍ ഗുരുതരമായ സ്ഥിതിവിശേഷമാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. രാജി തന്നെ വേണമെന്നാണ് പാര്‍ട്ടി നിലപാടെന്ന് സുധീരന്‍ അറിയിച്ചതായാണ് സൂചന. രാജിയല്ലാതെ മറ്റു പോംവഴിയില്ലെന്ന് മുസ്‌ലിംലീഗും നിലപാട് അറിയിച്ചിട്ടുണ്ട്. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഇന്നലെ വൈകീട്ട് എറണാകുളത്ത് യുഡിഎഫ് യോഗം ചേരാനായിരുന്നു തീരുമാനം. ഘടകകക്ഷി നേതാക്കളോട് എറണാകുളത്തെത്താന്‍ അറിയിച്ചിരുന്നു. എന്നാല്‍, മുംബൈയിലുള്ള രമേശ് ചെന്നിത്തലയും ബംഗളൂരുവിലുള്ള യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനും പങ്കെടുക്കാന്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് യോഗം ഇന്നത്തേക്കു മാറ്റിയത്.
അതേസമയം, യുഡിഎഫ് യോഗത്തിനു മുന്നോടിയായി മാണിയുടെ വസതിയില്‍ കേരളാ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗവും വിളിച്ചിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലാവധിക്ക് ആറു മാസം മാത്രം ശേഷിക്കെ മന്ത്രി രാജിവയ്ക്കരുതെന്ന നിലപാടാണ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനുള്ളത്.
Next Story

RELATED STORIES

Share it