World

പുറത്തുപോക്ക് വേഗത്തിലാക്കണം: യൂറോപ്യന്‍ യൂനിയന്‍ നേതാക്കള്‍

ബ്രസ്സല്‍സ്: പുറത്തുപോവുകയാണെങ്കില്‍ അത് പെട്ടെന്നു തന്നെ ചെയ്യണമെന്ന് ബ്രിട്ടനോട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടുന്നതു സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ അവസാനിപ്പിക്കണം. യൂറോപ്യന്‍ യൂനിയനില്‍നിന്നു പുറത്തുപോവുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കാന്‍ ബ്രിട്ടന്‍ തയ്യാറാവണം- എംപിമാര്‍ ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്റ് അംഗങ്ങളും ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി പ്രതികരിക്കുകയായിരുന്നു അവര്‍.
സംഘടനയില്‍ നിന്നു പുറത്തുപോവുന്നതിനുള്ള രണ്ടു വര്‍ഷം നീളുന്ന നടപടികള്‍ ബ്രിട്ടന്‍ ആരംഭിക്കാന്‍ തയ്യാറായില്ലെങ്കില്‍ മറ്റു ചര്‍ച്ചകള്‍ അവരുമായി വേണ്ടെന്ന നിലപാടാണ് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് പോള്‍ ജങ്കര്‍ അടക്കമുള്ള ഇയു നേതാക്കള്‍ ഇന്നലെ ചേര്‍ന്ന പാര്‍ലമെന്റ് യോഗത്തില്‍ ഉന്നയിച്ചത്. ഇതിനു മുമ്പ് ബ്രിട്ടിഷ് നേതാക്കളുമായി ഇയു നേതാക്കള്‍ ഒരു ചര്‍ച്ചയും നടത്തരുതെന്നു ജങ്കര്‍ നിര്‍ദേശിച്ചു. ബ്രെക്‌സിറ്റ് സംബന്ധിച്ച് യൂറോപ്യന്‍ യൂനിയന്‍ നയതന്ത്ര പ്രതിനിധികള്‍ ബ്രിട്ടിഷ് നേതാക്കളുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തുന്നതിന് നിരോധനം കൊണ്ടുവരുന്നതായും ജങ്കര്‍ അറിയിച്ചു.
യൂറോപ്യന്‍ യൂനിയനില്‍നിന്നു വിട്ടുപോവുന്നതിനനുകൂലമായി ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ ബ്രിട്ടന്‍ വിധിയെഴുതിയതിനെത്തുടര്‍ന്നാണ് ഇയു പാര്‍ലമെന്റ് ഇന്നലെ അടിയന്തരയോഗം ചേര്‍ന്നത്.
Next Story

RELATED STORIES

Share it