thrissur local

പുന്നയൂര്‍ പഞ്ചായത്ത് ഒത്താശ ചെയ്യുന്നതായി ആരോപണം

ചാവക്കാട്: കടലോരത്തെ പുറംമ്പോക്ക് ഭൂമി കൈ്േറ്റത്തിന് പുന്നയൂര്‍ പഞ്ചായത്ത് അധികൃതര്‍ കൂട്ടുനില്‍ക്കുന്നതായി താലൂക്ക് വികസന സമിതി യോഗത്തില്‍ ആരോപണം.
സംസ്ഥാനത്ത് നിലനില്‍ക്കുന്ന നിയമവ്യവസ്ഥയെ പുല്ലുവില കല്‍പ്പിക്കാതെയാണ് പഞ്ചായത്ത് അധികൃതര്‍ ഭൂമി കൈയ്യേറ്റത്തിന് കൂട്ട് നില്‍ക്കുന്നതെന്നും യോഗത്തില്‍ ആരോപണമുയര്‍ന്നു. സര്‍ക്കാര്‍ അധീനതയിലുള്ള കടലോരത്തെ ഭൂമി കൈയേറി അനധികൃതമായി വീടുവെക്കുന്നവര്‍ക്ക് കെട്ടിട നമ്പര്‍ നല്‍കാന്‍ തീരുമാനിച്ച പുന്നയൂര്‍ പഞ്ചായത്തിലെ ജനപ്രതിനിധികള്‍ നടപടി ന്യായീകരിക്കാനാവില്ല. കടലോരത്തെ മല്‍സ്യത്തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ മുമ്പ് ഇറക്കിയ ഉത്തരവ് ദുരുപയോഗിക്കുകയാണെന്നും മേഖലയില്‍ സ്വന്തമായി ഭൂമിയും വീടുമുള്ളവരാണ് തീരഭൂമി കൈയേറി പിന്നീട് ഈ ഭൂമി വന്‍ വിലക്ക് മറിച്ച് വില്‍ക്കുകയാണെന്നും യോഗത്തില്‍ അംഗങ്ങള്‍ ആരോപണമുന്നയിച്ചു.
ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ വില്ലേജ് ഓഫിസുകളില്‍ നിന്ന് കിട്ടേണ്ട രേഖകള്‍ യഥാസമയം ലഭിക്കാതെ ജനങ്ങള്‍ വലയുന്നതിനാല്‍ താലൂക്കിലെ മുഴുവന്‍ വില്ലേജ് ഓഫിസുകളിലും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ പരിശോധന കാര്യക്ഷമമാക്കുക, പൂക്കുളം കുടിവെള്ള പദ്ധതി നടപ്പാക്കുന്നത് വരെ അവിടെ മല്‍സ്യക്കൃഷി നടത്തുക, ഏനാമാവ് വളയം ബണ്ട് നിര്‍മാണത്തിന് സ്ഥിരം സംവിധാനം ഒരുക്കുക, പ്രതിവര്‍ഷം താല്‍ക്കാലികമായി ബണ്ട് നിര്‍മിച്ച് ലക്ഷങ്ങള്‍ കായലില്‍ കലക്കുന്ന ഏര്‍പ്പാട് അവസാനിപ്പിക്കുക, വേനല്‍ അടുത്തതോടെ കുടിവെള്ളക്ഷാമം രൂക്ഷമായതായും ഇത് കണക്കിലെടുത്ത് പൊതുകിണറുകള്‍ ശുചീകരിച്ച് ഉപയോഗപ്പെടുത്തുക, പുതുതായി നിര്‍മിക്കുന്ന റോഡുകളുടെ തുടര്‍ പരിപാലനവും ഗ്രന്ധശാലകളുടെ അറ്റകുറ്റപ്പണികളും തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തുക, മമ്മിയൂര്‍ മുതല്‍ ഗുരുവായൂര്‍ പടിഞ്ഞാറേ നട വരെയുള്ള റോഡിലെ അനധികൃത പാര്‍ക്കിങ് ഒഴിവാക്കി റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണുക തുടങ്ങി ആവശ്യങ്ങളും യോഗത്തിലുയര്‍ന്നു.
ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്ത് അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ വി എ മുഹമ്മദ് റഫീഖ്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എം എ അബൂബക്കര്‍ ഹാജി, മന്ദലാംകുന്ന് മുഹമ്മദുണ്ണി, എം കെ ഷംസുദ്ദീന്‍, ലാസര്‍ പേരകം, തോമസ് ചിറമ്മല്‍, ടി പി ഷാഹു, വിവിധ വകുപ്പ് പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it