പുനസ്സംഘടന ഉടന്‍ പൂര്‍ത്തിയാക്കാന്‍ ഡിസിസികള്‍ക്ക് കെപിസിസി നിര്‍ദേശം

തിരുവനന്തപുരം: പുനസ്സംഘടന ഈ മാസം 14നു മുമ്പ് പൂര്‍ത്തിയാക്കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് കെപിസിസിയുടെ കര്‍ശന നിര്‍ദേശം. 10 വര്‍ഷം പൂര്‍ത്തിയായ ഡിസിസി ഭാരവാഹികള്‍ വരെയുള്ളവരെ മാറ്റും. എന്നാല്‍, ഡിസിസി പ്രസിഡന്റുമാരെ മാറ്റുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്നു കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം അവലോകനം ചെയ്തതിന്റെ പശ്ചാത്തലത്തില്‍, പ്രവര്‍ത്തനക്ഷമരല്ലാത്ത ഡിസിസി ഭാരവാഹികളെ മാറ്റാനും ആവശ്യപ്പെട്ടിട്ടുണ്ട്. 14നു നല്‍കുന്ന പട്ടികയില്‍ ഇവരുടെ പേരും ഉള്‍പ്പെടുത്തണം. ജില്ലാതല പുനസ്സംഘടനാ സമിതി എത്രയും വേഗം യോഗം വിളിച്ചുചേര്‍ത്ത് പട്ടിക തയ്യാറാക്കണം. ജില്ലകളുടെ ചുമതല വഹിക്കുന്ന കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍, തിരഞ്ഞെടുപ്പ് അവലോകനത്തിന്റെ ചുമതലയുള്ള നേതാക്കള്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കണം. മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാരിലും പ്രവര്‍ത്തനത്തില്‍ വീഴ്ചവരുത്തിയവര്‍ക്കു പകരക്കാരെ നിര്‍ദേശിക്കണം. ഡിസിസി പ്രസിഡന്റുമാരെ മാറ്റാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും 14നു ചേരുന്ന നേതൃയോഗം ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നു സുധീരന്‍ വ്യക്തമാക്കി. എല്ലാ തലത്തിലും 10 വര്‍ഷം പൂര്‍ത്തിയായവരെ മാറ്റാനാണു ധാരണ.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചവരുത്തിയവരുടെ പേരില്‍ അന്വേഷണ റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അച്ചടക്കനടപടി തുടരും. വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റയാത്രയുമായി സഹകരിക്കരുതെന്ന കെപിസിസിയുടെ നിര്‍ദേശം ഭാരവാഹികളും അണികളും പൂര്‍ണമായി ഉള്‍ക്കൊണ്ടുവെന്നാണ് വിലയിരുത്തല്‍. ബ്ലോക്ക് തലത്തിലെ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ പാര്‍ട്ടി ഭാരവാഹികള്‍ ആരുംതന്നെ യാത്രയുമായി സഹകരിച്ചിട്ടില്ല. യാത്രയുമായി സഹകരിച്ച അനുഭാവികള്‍ പോലും രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരണത്തോടു യോജിക്കുന്നില്ല. പുതിയ പാര്‍ട്ടികള്‍ കേരളത്തില്‍ പുതുമയല്ല. പുതിയ പാര്‍ട്ടികള്‍ അതിന്റേതായ നിലയ്ക്കു പോവും. ആര്‍എസ്എസ് സന്ദേശവാഹകരായി വര്‍ഗീയത വളര്‍ത്താന്‍ ആരു ശ്രമിച്ചാലും അതിനെതിരേ കോണ്‍ഗ്രസ് ശക്തമായ പ്രതിരോധം ഉയര്‍ത്തുമെന്നും സുധീരന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it