wayanad local

പുനരധിവാസ പദ്ധതിക്ക് ഒച്ചിഴയുന്ന വേഗം; കര്‍ഷകര്‍ പ്രക്ഷോഭം ശക്തമാക്കുന്നു

കല്‍പ്പറ്റ: വയനാട് വന്യ ജീവി സങ്കേതത്തിലെ കര്‍ഷകരുടെ സ്വയം സന്നദ്ധ പുനരധിവാസ നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നു. തിരഞ്ഞടുപ്പ് വേളകളില്‍ വാഗ്ദാനങ്ങള്‍ നല്‍കിയ ഉത്തരവാദിത്തപ്പെട്ടവരും നിസ്സംഗത പാലിക്കുകയാണ്.
വയനാട് വന്യജീവി കേന്ദ്ര കര്‍ഷക ക്ഷേമ സമിതിയും വയനാട് പ്രകൃതി സംരക്ഷണ സമിതിയും ചേര്‍ന്ന് നടത്തിയ ശ്രമങ്ങളുടെ ഫലമായി മന്ത്രി ജയലക്ഷ്മി കുറിച്യാട് ഈശ്വരന്‍കൊല്ലി, നരിമാന്തി കൊല്ലി ഗ്രാമങ്ങളിലെ 74 ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി അനുവദിച്ച 7.4 കോടി കഴിഞ്ഞ ഒന്‍പതു മാസമായി ജില്ലാ കലക്ടറുടെ അക്കൗണ്ടില്‍ കിടക്കുകയാണ്. കേന്ദ്ര ഗവണ്‍മെന്റ് ഫണ്ട് ഉപയോഗിച്ച് ഒന്നര വര്‍ഷം മുമ്പ് തുടങ്ങിയ കുറിച്യാട് ഗ്രാമത്തിലെ പുനരധിവാസവും പൂര്‍ത്തിയായിട്ടില്ല.
35 കുടുംബങ്ങള്‍ക്ക് ആറ് ലക്ഷം വീതം ഒന്നാം ഗഡുവും 14 കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതമുള്ള രണ്ടാം ഗഡുവും നല്‍കാന്‍ ബാക്കിയുണ്ട്. സ്വയം സന്നദ്ധ പുനരധിവാസത്തിനായി കേന്ദ്ര ഗവണ്‍മെന്റ് ആദ്യം അനുവദിച്ച 5.5 കോടി ജില്ലാ കലക്ടറുടെ ഫണ്ടിലെത്തി 30 ദിവസം കൊണ്ട് അമ്മവയല്‍, ഗോളൂര്‍ ഗ്രാമങ്ങളിലെ 49 കുടുംബങ്ങള്‍ക്ക് പണം നല്‍കി പുനരധിവസിപ്പിച്ച് അതിന്റെ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയത്തിലെത്തിച്ച ചരിത്രവും വയനാട് കലക്ടറേറ്റിനുണ്ട്.
എന്നാല്‍, വെള്ളക്കോട്, ഈശ്വരന്‍ കൊല്ലി, നരിമുണ്ട കൊല്ലി എന്നീ ഗ്രാമങ്ങളിലെ 30 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായുള്ള ശുപാര്‍ശ വനം വകുപ്പ് കലക്ടര്‍ക്ക് കൊടുത്തിട്ട് നാളേറെയായി. ഫണ്ട് അനുവദിച്ച മന്ത്രി 12 തവണ ഫോണില്‍ കലക്ടറെ വിളിച്ചും നേരില്‍ കണ്ടും പദ്ധതി ഉടന്‍ പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ടതായി അറിയുന്നു.
സാമ്പത്തികമോ രാഷ്ട്രീയമോ ആയ നേട്ടങ്ങള്‍ പ്രതീക്ഷിക്കാനില്ലാത്തതിനാല്‍ തന്നെ രാഷ്ട്രീയക്കാരാല്‍ ഉപേക്ഷിക്കപ്പെട്ട തങ്ങളുടേതല്ലാത്ത കുറ്റം കൊണ്ട് വന്യജീവികള്‍ക്ക് ഇരയാവാന്‍ വിധിക്കപ്പെട്ട കര്‍ഷകര്‍, തങ്ങളുടെ ഇച്ചാശക്തി കൊണ്ട് നേടിയെടുത്ത പണം അതിന്റെ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ തയ്യാറാവാത്ത ജില്ലാ ഭരണകൂടത്തിന്റെ അനാസ്ഥയില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് വയനാട് വന്യജീവി കേന്ദ്ര കര്‍ഷക ക്ഷേമ സമിതി അറിയിച്ചു.
വന്യ ജീവി ശല്യം രൂക്ഷമായ ഈ സാഹചര്യത്തില്‍ എത്രയും പെട്ടന്ന് ജില്ലാ ഇംപ്ലിമെന്റിങ് കമ്മിറ്റി വിളിച്ച് ചേര്‍ത്ത് മേല്‍ പറഞ്ഞ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് പണം അനുവദിക്കണം.
നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉടന്‍ ഉണ്ടായാല്‍ പുനരധിവാസം അനന്തമായി നീളാനിടയാവും. ഈ ആവശ്യമുന്നയിച്ച് നാളെ മുതല്‍ കലക്ടറേറ്റിന് മുമ്പില്‍ അനിശ്ചകാല നിരാഹാര സമരം ആരംഭിക്കുമെന്നും സമിതി ഭാരവാഹികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it