പുത്രജീവകബീജ്: ബാബാ രാംദേവിനെതിരേ അന്വേഷണ റിപോര്‍ട്ട്

ഡെറാഡൂണ്‍: യോഗഗുരു രാംദേവിന്റെ കമ്പനിയുടെ 'പുത്രജീവകബീജ്' എന്ന വന്ധ്യതയ്ക്കുള്ള മരുന്നിനെതിരേ അന്വേഷണ റിപോര്‍ട്ട്. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ അന്വേഷണ സംഘമാണ് മുഖ്യമന്ത്രി ഹരീഷ് റാവത്തിന് റിപോര്‍ട്ട് കൈമാറിയത്. റിപോര്‍ട്ട് രാംദേവിന് അനുകൂലമല്ലെന്നും മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച റിപോര്‍ട്ട് കേന്ദ്രസര്‍ക്കാരിനയക്കുമെന്നും സംസ്ഥാന ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഓം പ്രകാശ് പറഞ്ഞു. റിപോര്‍ട്ടിലെ വിശദവിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. പുത്രജീവക് ബീജ് മരുന്നു കഴിച്ചാല്‍ ആണ്‍കുട്ടി ജനിക്കുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്തിരുന്നത്.
കഴിഞ്ഞ മെയ് ഒന്നിന് ജെഡിയു നേതാവ് കെസി ത്യാഗിയുടെ നേതൃത്വത്തില്‍ ഒരു സംഘം എംപിമാര്‍ മരുന്ന് നിരോധിക്കണമെന്നും നിര്‍മാതാക്കള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും രാജ്യസഭയില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍, മരുന്ന് വന്ധ്യതയ്ക്കുള്ളതാണെന്നും അതിനെതിരായ ആരോപണങ്ങള്‍ വ്യാജ പ്രചരണമാണെന്നുമാണ് രാംദേവ് പറയുന്നത്.
ആയുഷ് ഡ്രഗ് കണ്‍ട്രോളര്‍ പിഡി ചമോലിയുടെ നേതൃത്വത്തില്‍ നേരത്തേ നടത്തിയ അന്വേഷണത്തില്‍ രാംദേവിനെ കുറ്റവിമുക്തനാക്കിയിരുന്നു. അതിനു ശേഷമാണ് ആരോഗ്യ ഡയറക്ടറോടും നിയമ വകുപ്പിനോടും പുതിയ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
Next Story

RELATED STORIES

Share it