പുത്തന്‍വേലിക്കര ഭൂമിദാനക്കേസ്: മുന്‍ മന്ത്രിമാര്‍ക്കെതിരേ കേസെടുക്കാന്‍ ഉത്തരവ്

കൊച്ചി: പുത്തന്‍വേലിക്കര ഭൂമിദാന കേസില്‍ മുന്‍ റവന്യൂമന്ത്രി അടൂര്‍ പ്രകാശ്, മുന്‍ വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, വിവാദ സ്വാമി സന്തോഷ് മാധവന്‍, ഇക്കോ വേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എംഡി ബി എം ജയശങ്കര്‍ എന്നിവര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ പരാതിയില്‍ സ്‌പെഷ്യല്‍ ജഡ്ജി പി മാധവനാണ് സമഗ്രാന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.
പരാതിക്കാരന്റെ ആരോപണങ്ങള്‍ക്കു തെളിവില്ലെന്നും തുടരന്വേഷണം ആവശ്യമില്ലെന്നുമുള്ള വിജിലന്‍സിന്റെ ത്വരിതപരിശോധനാ റിപോര്‍ട്ടിലെ ശുപാര്‍ശ കോടതി സ്വീകരിച്ചില്ല. റിപോര്‍ട്ടിലെ കണ്ടെത്തലുകള്‍ പരാതിക്കാരന്റെ ആരോപണം ബലപ്പെടുത്തുന്നതാണെന്നു കോടതി വിലയിരുത്തി. വികസനവും തൊഴിലവസരങ്ങളും സൃഷ്ടിക്കുകയെന്ന സദുദ്ദേശ്യത്തോടെയാണു വ്യവസായമന്ത്രി ഐടി പാര്‍ക്ക് തുടങ്ങുന്നതിനുള്ള അപേക്ഷ മന്ത്രിസഭായോഗത്തില്‍ വച്ചതെന്നും നേരത്തെ ഇതേ കമ്പനിയുടെ അപേക്ഷ റവന്യൂവകുപ്പ് തള്ളിയവിവരം റവന്യൂമന്ത്രിക്കും വ്യവസായമന്ത്രിക്കും അറിയില്ലെന്നുമാണു ത്വരിത പരിശോധനാ റിപോര്‍ട്ട്.
സ്വകാര്യ ഐടി പാര്‍ക്ക് തുടങ്ങുന്നതിനു കൃഷിഭൂമി നികത്താന്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെയാണ് പുത്തന്‍വേലിക്കരയിലെ 127 ഏക്കര്‍ കൃഷിഭൂമി സ്വകാര്യ ഐടി പാര്‍ക്കിന് വേണ്ടി വിട്ടുനല്‍കണമെന്ന ഇക്കോ വേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ അപേക്ഷ മന്ത്രിസഭാ യോഗത്തില്‍ അജണ്ടയ്ക്ക് പുറത്തുനിന്നുള്ള വിഷയമായി വ്യവസായമന്ത്രി അവതരിപ്പിച്ചത്. ഇതേ കമ്പനിയുടെ പേരില്‍ 2015ല്‍ നല്‍കിയ അപേക്ഷയില്‍ റവന്യൂമന്ത്രിയുടെ നിര്‍ദേശപ്രകാരം ജില്ലാ കലക്ടറും തസഹില്‍ദാരും അന്വേഷിച്ചു നല്‍കിയ റിപോര്‍ട്ടില്‍ കൃഷിഭൂമി വിട്ടുനല്‍കാന്‍ കഴിയില്ലെന്നു വ്യക്തമാക്കിയിരുന്നു. ഇതെല്ലാം അവഗണിച്ചാണ് മന്ത്രിസഭായോഗത്തില്‍ പരിഗണനയ്ക്കുവന്ന അപേക്ഷയെ റവന്യൂമന്ത്രി അനുകൂലിച്ചത്. വ്യവസായമന്ത്രിയും റവന്യൂമന്ത്രിയും തമ്മില്‍ ഇതുസംബന്ധിച്ചു മുന്‍ധാരണ ഉണ്ടായിരുന്നുവെന്നാണ് ഇതില്‍നിന്നു വ്യക്തമാവുന്നതെന്ന് കോടതി നിരീക്ഷിച്ചു.
റവന്യൂവകുപ്പില്‍നിന്ന് പ്രതികൂല റിപോര്‍ട്ട് വരുന്നത് ഒഴിവാക്കാനാണ് അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായി കൊണ്ടുവന്ന് തിരക്കിട്ട് അനുമതി നല്‍കിയതെന്ന പരാതിക്കാരന്റെ ആരോപണം തള്ളാന്‍ കഴിയില്ല. ഉത്തരവ് സര്‍ക്കാര്‍ പിന്നീട് റദ്ദാക്കിയതിനാല്‍ കുറ്റകരമായി ഒന്നും നടന്നില്ലെന്നും സര്‍ക്കാരിന് നഷ്ടമുണ്ടായില്ലെന്നുമുള്ള ത്വരിത പരിശോധനാ റിപോര്‍ട്ടിലെ വാദവും കോടതി നിരാകരിച്ചു. കുറ്റകൃത്യം നടത്താന്‍ ശ്രമിക്കുന്നതും നിയമവിരുദ്ധ നടപടികള്‍ക്കായി ഗൂഢാലോചന നടത്തുന്നതും അഴിമതിനിരോധന നിയമപ്രകാരം കുറ്റകരമാണെന്നു കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരനുവേണ്ടി അഡ്വ. കെ സി സുരേഷ്, അഡ്വ. എന്‍ പി തങ്കച്ചന്‍ എന്നിവരും സര്‍ക്കാരിനുവേണ്ടി വിജിലന്‍സ് അഡീഷനല്‍ ലീഗല്‍ അഡൈ്വസര്‍ രഞ്ജിത്തും ഹാജരായി.—
Next Story

RELATED STORIES

Share it