malappuram local

പുത്തനത്താണി അപകടം: മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ; പോലിസ് ലാത്തി വീശി

പുത്തനത്താണി: പുത്തനത്താണി ടൗണില്‍ ഇന്നലെ വനിതാ ഡോക്ടര്‍ സ്വകാര്യ ബസ് ഇടിച്ച് മരിച്ച സംഭവത്തില്‍ നടുക്കം മാറാതെ നാട്ടുകാര്‍. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ ദീര്‍ഘദൂര ബസ്സുകള്‍ തടഞ്ഞു. ടൗണില്‍ മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥയുണ്ടായി. ആര്‍ഡിഒക്കെതിരെ ജനക്കൂട്ടം തിരിഞ്ഞതോടെ പോലിസ് ലാത്തി വീശി. കന്മനം വാരണാക്കര സ്വദേശി കടായിക്കല്‍ അബൂബക്കറിന്റെ മകള്‍ ഡോ. സനൂജ (29) യാണ് മരിച്ചത്. ജോലി ചെയ്യുന്ന കോട്ടക്കലിലെ സ്വകാര്യ ആയൂര്‍വേദ ആശുപത്രിയിലേക്ക് പോവുമ്പോഴാണ് അപകടം.
തൃശൂരില്‍ നിന്നു കോഴിക്കോട്ടേക്ക് വരികയായിരുന്ന എക്‌സോഡസ് എന്ന സ്വകാര്യ ബസ് റോഡിനു നടുവില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റി മുന്നോട്ട് എടുക്കുന്നതിനിടെ സീബ്രാലൈന്‍ മുറിച്ചു കടക്കുകയായിരുന്ന സനൂജയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടം വരുത്തിയ ശേഷം നിര്‍ത്താതെ പോയ ബസ്സ് ടൗണില്‍ വച്ച് നാട്ടുകാര്‍ പിടികൂടി. അപകടത്തിനു കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്നാരോപിച്ച് ജനക്കുട്ടം ബസ് അടിച്ചു തകര്‍ക്കുകയും മറ്റു ദീര്‍ഘദൂര ബസ്സുകള്‍ തടയുകയും ചെയ്തു.ഇത് മണിക്കൂറുകളോളം ടൗണില്‍ സംഘര്‍ഷാവസ്ഥക്ക് കാരണമായി. ബസ്സുകള്‍ തടയുന്നതിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച കല്‍പ്പകഞ്ചേരി അഡീഷണല്‍ എഎസ്‌ഐ അയ്യപ്പനേയും പ്രാദേശിക ചാനല്‍ ക്യാമറാമാന്‍ ഹക്കീമിനെയും ജനക്കൂട്ടം ക േയ്യറ്റം ചെയ്യാന്‍ ശ്രമമുണ്ടായി.
പോലിസെത്തിയാണ് രംഗം ശാന്തമാക്കിയത്. ഉച്ചയോടെ മലപ്പുറം ആര്‍ഡിഒ എം പി അജിത്ത് കുമാര്‍ സംഭവസ്ഥലത്തെത്തി. ബസ്സ് പരിശോധിക്കണമെന്ന് പറഞ്ഞ് പ്രതിഷേധക്കാര്‍ ആര്‍ഡിഒക്കെതിരെ തിരിഞ്ഞതോടെ പോലിസ് ലാത്തി വീശി. വളാഞ്ചേരി സി ഐ കെ ജി സുരേഷിന്റെ നേതൃത്വത്തില്‍ സമീപ സ്റ്റേഷനിലെ എസ്‌ഐമാരും ഒരു ബസ്സ് എംഎസ്പിയും സ്ഥലത്തെത്തിയിരുന്നു. ഉച്ചക്ക് രണ്ട് മണിയോടെ അപകടം വരുത്തിയ ബസസ് പോലിസ് സ്റ്റേഷനിലേക്ക് മാറ്റിയതോടെയാണ് ജനക്കൂട്ടം പിരിഞ്ഞു പോയത്. അപകടം നടന്ന കോട്ടക്കല്‍ റോഡിലും വളാഞ്ചേരി റോഡിലും മാസങ്ങളായി സീബ്രാലൈനുകള്‍ മാഞ്ഞിട്ട്.
കൂടാതെ സീബ്രാലൈനില്‍ നിര്‍ത്തിയാണ് സ്വകാര്യ ബസ്സുകള്‍ യാത്രക്കാരെ കയറ്റാറുള്ളത്. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാവാറുണ്ട്. സംഭവത്തില്‍ ബസ്സ് ഡ്രൈവര്‍ക്കെതിരെ കേസ്സെടുത്തു. ഇയാള്‍ ഒളിവിലാണ്. കണ്ടാലറിയാവുന്ന അമ്പതോളം പേര്‍ക്കെതിരെ കേസ്സെടുത്തതായി കല്‍പ്പകഞ്ചേരി എസ് ഐ വിശ്വനാഥന്‍ കാരയില്‍ പറഞ്ഞു. കയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രാദേശിക ചാനല്‍ ക്യാമറാമാന്‍ ഹക്കീം കല്‍പ്പകഞ്ചേരി പോലിസില്‍ പരാതി നല്‍കി.
Next Story

RELATED STORIES

Share it