Kottayam Local

പുതു തലമുറയില്‍ കൃഷിയോടുള്ള ആഭിമുഖ്യം വളര്‍ത്തിയെടുക്കണം: മന്ത്രി രമേശ് ചെന്നിത്തല

കോട്ടയം: പുതുതലമുറയില്‍ കൃഷിയോടുള്ള ആഭിമുഖ്യം വളര്‍ത്തിയെടുക്കുവാന്‍ ചൈതന്യ കാര്‍ഷിമേള പോലെയുള്ള ജനകീയ മേളകള്‍ പ്രചോദനമാവുമെന്ന് മന്ത്രി രമേശ് ചെന്നിത്തല.
കെഎസ്എസ്എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 18ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോല്‍സവത്തിന്റെയും നാലാം ദിനത്തിലെ സ്വാശ്രയ സംഗമദിന പൊതുസമ്മേളനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷിയിടങ്ങള്‍ കുറഞ്ഞുവരുന്നതോടൊപ്പം ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ ദൗര്‍ലഭ്യതയും സമൂഹം നേരിടാന്‍ പോവുന്ന വെല്ലുവിളിയാണെന്നും ഒരോ കുടുംബത്തിനും ആവശ്യമായ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ സ്വയം ഉല്‍പാദിപ്പിച്ചെടുക്കുവാന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭ വലിയ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ഫീലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, കെഎസ്എസ്എസ് സെക്രട്ടറി ഫാ. ബിന്‍സ് ചേത്തലില്‍, ലാസിം ഇന്ത്യ പ്രതിനിധി കാള്‍ട്ടണ്‍ ഫെര്‍ണാണ്ടസ്, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജെയിംസ് വടക്കേകണ്ടംകരി, കോട്ടയം പ്രസ് ക്ലബ്ബ് സെക്രട്ടറി ഷാലു മാത്യു, കെഎസ്എസ്എസ് സ്റ്റാഫ് പ്രതിനിധി മേരിക്കുട്ടി ജോണ്‍, പ്രോഗ്രാം ഓഫിസര്‍ സിറിയക് ജോസഫ് സംസാരിച്ചു. ഇന്ന് രാവിലെ 10.30 ന് നടത്തപ്പെടുന്ന കാര്‍ഷിക മഹോല്‍സവ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. കോട്ടയം അതിരൂപത മെത്രാപ്പോലീത്തായും കെഎസ്എസ്എസ് രക്ഷാധികാരിയുമായ മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും. മന്ത്രി അനൂപ് ജേക്കബ്, ജോസ് കെ മാണി എംപി, ജോയി അബ്രാഹം എംപി, കോട്ടയം ജില്ലാ കലക്ടര്‍ യു വി ജോസ്, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഡോ. ബ്രാന്‍ഡ്‌സണ്‍ കോറി,കോട്ടയം അതിരൂപതാ വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് പങ്കെടുക്കും.
Next Story

RELATED STORIES

Share it