ernakulam local

പുതുവൈപ്പ് പൊഴിക്ക് മരണമണി മുഴങ്ങുന്നു; തീരദേശ ജനത ആശങ്കയില്‍

വൈപ്പിന്‍: എളങ്കുന്നപ്പുഴ പഞ്ചായത്തിന്റെ തീരദേശ ജലഗതാഗത മാര്‍ഗവും കടലില്‍ നിന്നും ഉള്‍നാടന്‍ ജലാശയങ്ങളിലേക്ക് മല്‍സ്യസമ്പത്ത് കടന്നു വരുന്ന പുതുവൈപ്പ് പൊഴിക്ക് മരണമണി മുഴങ്ങുന്നു. അധികൃതര്‍ പൊഴിയെ വേണ്ട വിധത്തില്‍ സംരക്ഷിക്കാത്തതിനാല്‍ ചളിയും മണ്ണും വീണ് ഇത് നികന്നു.
പലയിടത്തും വശങ്ങളില്‍ പുല്ലും വൃക്ഷങ്ങളും പിടിച്ച് പാത അടഞ്ഞതോടെ മല്‍സ്യതൊഴിലാളികളും ദുരിതത്തിലാണ്. അനധികൃത കൈയേറ്റത്തിനു പുറമെ മാലിന്യ നിക്ഷേപവും കൂടിയായപ്പോള്‍ പൊഴിയില്‍ നീരൊഴുക്ക് കുറഞ്ഞ് മലിനമായ നിലയിലാണ്. പുതുവൈപ്പ് തോണിപ്പാലത്തിനു തെക്കും വടക്കും ഭാഗങ്ങളിലാണ് സ്ഥിതി രൂക്ഷം. പ്രധാനമായും പൊഴി തുടങ്ങുന്ന അഴിമുഖം ഭാഗത്തുള്ള തടസ്സമാണ് നീരൊഴുക്കിനെ ബാധിച്ചിരിക്കുന്നത്. ഇതുമൂലം മഴക്കാലത്ത് എളങ്കുന്നപ്പുഴ പഞ്ചായത്തിന്റെ തീരദേശത്ത് വലിയൊരു മേഖലയിലെ പെയ്തുവെള്ളം ഒഴുകിപ്പോവാന്‍ നിര്‍വാഹമില്ലാതായിരിക്കുകയാണ്. തീരദേശ ജനത വെള്ളക്കെട്ടു ദുരിതത്തില്‍ പൊറുതിമുട്ടുന്നത് ഓരോ മഴക്കാലത്തെയും പതിവ് കാഴ്ചയായിട്ടും പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. തെക്ക് ഫോര്‍ട്ട് വൈപ്പിനു പടിഞ്ഞാറ് അഴിമുഖത്ത് നിന്നും തുടങ്ങുന്ന പൊഴി ഏതാണ്ട് ഏഴു കിലോമീറ്റര്‍ തീരദേശം താണ്ടി മാലിപ്പുറം ബന്ദര്‍ കനാല്‍ ഭാഗത്താണ് അവസാനിക്കുന്നത്. ഒരു കാലത്ത് ഇത് മികച്ച ഒരു ജലഗതാഗത പാതയായിരുന്നു.
പ്രാദേശികവാസികളായവര്‍ കൊച്ചി കായല്‍ വഴി ബന്ദര്‍ കനാലിലൂടെ ചരക്കു വള്ളങ്ങളും മണല്‍, ഇഷ്ടിക, കല്ല് തുടങ്ങിയ വീടു നിര്‍മാണത്തിനുള്ള സാമഗ്രികളും മറ്റും സ്ഥലത്തെത്തിച്ചിരുന്നത് പൊഴി വഴിയാണ്. ഈ പാതയാണ് അധികാരികളുടേയും ജനപ്രതിനിധികളുടേയും അനാസ്ഥമൂലം ഇപ്പോള്‍ നാമാവശേഷമായിക്കൊണ്ടിരിക്കുന്നത്. പൊഴിയിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കുകയും മൂടിക്കിടക്കുന്ന ഭാഗങ്ങള്‍ ആഴം കൂട്ടുകയും ചെയ്യുന്നതിനൊപ്പം ഇരുവശങ്ങളിലേയും പുല്‍പ്പടര്‍പ്പുകള്‍ കൂടീ നീക്കം ചെയ്ത് പൊഴി സംരക്ഷിക്കണമെന്നാണ് മല്‍സ്യതൊഴിലാളികളും മറ്റും അഭിപ്രായപ്പെടുന്നത്.
Next Story

RELATED STORIES

Share it