Alappuzha local

പുതുവല്‍സരാഘോഷത്തിനിടെ നിരവധി പേര്‍ക്കു പരിക്ക്

മാന്നാര്‍: പുതുവല്‍സരാഘോഷം കഴിഞ്ഞപ്പോള്‍ പരിക്കേറ്റ നിരവധി യുവാക്കള്‍ ആശുപത്രികളില്‍ ചികില്‍സ തേടി. ആഘോഷത്തിമര്‍പ്പില്‍ രാത്രിയിലുണ്ടായ പരിക്ക് കാര്യമാക്കാതിരുന്നവരാണ് ഇന്നലെ ആശുപത്രികളില്‍ ചികില്‍സ തേടിയെത്തിയത്.
ബൈക്കുകള്‍ മറിഞ്ഞും സംഘര്‍ഷത്തിലുമാണ് ഭൂരിഭാഗം പേര്‍ക്ക് പരിക്കേറ്റത്. ടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളും ഇന്നലെ പോലിസ് സ്‌റ്റേഷനിലെത്തി. മാന്നാര്‍ കോവുപുറത്ത് കോളനിയില്‍ പടക്കം പൊട്ടിക്കുന്നതിനെ ചോദ്യം ചെയ്തതില്‍ പ്രകോപിതരായ സംഘം ജേഷ്ഠനെയും അനുജനെയും മര്‍ദ്ദിക്കുകയുണ്ടായി.
കോവുംപുറത്ത് ഷാഹൂര്‍ ഹമീദ്, അനുജന്‍ അബ്ദുല്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പത്തോളം പേര്‍ക്കെതിരേ മാന്നാര്‍ പോലിസ് കേസെടുത്തു.
പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഎം നേതൃത്വത്തില്‍ ടൗണില്‍ പ്രകടനവും നടത്തി. മാന്നാര്‍ സ്റ്റോര്‍ ജങ്ഷനില്‍ നടന്ന കൂട്ടത്തല്ലില്‍ നിരവധി പേര്‍ക്ക് പറ്റിയെങ്കിലും ഇന്നലെ രാത്രിയോടെയാണ് പലരും ആശുപത്രയില്‍ ചികില്‍സ തേടിയെത്തിയത്.
പരുമല, കടപ്ര എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികള്‍, മാന്നാര്‍, പരുമല പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി വിവിധ പരിക്കുകളോടെ കഴിഞ്ഞ ദിവസം പകലും രാത്രിയുമായി നൂറ് കണക്കിന് യുവാക്കളാണ് ചികില്‍സ തേടിയെത്തിയത്. പുതുവല്‍സര ദിനത്തില്‍ ആഘോഷങ്ങള്‍ അതിര് കടക്കാതിരിക്കാന്‍ പോലിസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഇതിനെയും മറികടന്നാണ് ആക്രമസംഭവങ്ങള്‍ അരങ്ങേറിയത്.
Next Story

RELATED STORIES

Share it