thrissur local

പുതുവല്‍സരാഘോഷം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവര്‍ക്ക് ചാവക്കാട് പോലിസിന്റെ കൂച്ചുവിലങ്ങ്

ചാവക്കാട്: പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള പുതുവല്‍സരാഘോഷത്തിന് പോലിസിന്റെ കൂച്ചുവിലങ്ങ്. ഇതിനായി 12 ഇന നിര്‍ദേശങ്ങളടങ്ങിയ നോട്ടിസ് ചാവക്കാട് പോലിസ് പുറത്തിറക്കി.
പുതുവല്‍സരത്തലേന്ന് നിയമാനുസൃതമല്ലാത്ത സൗണ്ട് സിസ്റ്റം പ്രവര്‍ത്തിക്കാതിരിക്കുക, പൊതുറോഡിലും പൊതു സ്ഥലത്തും ഘോഷയാത്രകളും പ്രദര്‍ശനങ്ങളും നടത്താതിരിക്കുക, പുതുവല്‍സര തലേന്ന് ക്ലബ്ബുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാതിരിക്കുക, ഇരു ചക്ര വാഹനങ്ങളടക്കമുള്ളവ ഉപയോഗിച്ച് ആഘോഷങ്ങള്‍ നടത്താതിരിക്കുക, ബിയര്‍-വൈന്‍ പാര്‍ലറുകള്‍ അനുവദിച്ച സമയത്ത് മാത്രം തുറന്നു പ്രവര്‍ത്തിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ നോട്ടിസിലുണ്ട്.
മേഖലയിലെ ക്ലബ്ബുകളുടെ പരിസരം പോലിസ് നിരീക്ഷണത്തിലായിരിക്കുമെന്നും മദ്യ ലഹരിയില്‍ കാണപ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലിസ് അറിയിച്ചു. ബീച്ചുകളിലും മറ്റു ജലാശയങ്ങളിലും പുതുവല്‍സരാഘോഷം നടത്താന്‍ പാടില്ലെന്നും വാഹനങ്ങള്‍ കര്‍ശന പരിശോധനക്ക് ശേഷമായിരിക്കും കടത്തി വിടുകയെന്നും അറിയിപ്പിലുണ്ട്.
പുതുവല്‍സരാഘോഷങ്ങളുടെ ഭാഗമായി മേഖലയിലുണ്ടാവാറുള്ള സംഘര്‍ഷങ്ങള്‍ക്ക് തടയിടുകയാണ് ഇതു വഴി ലക്ഷ്യംവെക്കുന്നതെന്നും പൊതു ജനങ്ങള്‍ക്ക് ശല്യമുണ്ടാകുന്ന തരത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പോലിസില്‍ വിവരമറിയിക്കാമെന്നും സിഐ എ ജെ ജോണ്‍സണ്‍, എസ്‌ഐ എം കെ രമേഷ് അറിയിച്ചു.
Next Story

RELATED STORIES

Share it