kasaragod local

പുതുവര്‍ഷ സമ്മാനമായി കള്ളാര്‍ പാലവും എടത്തോട് മെക്കാഡം റോഡും

രാജപുരം: മലയോരത്തിനു പുതുവല്‍സര സമ്മാനമായി കള്ളാര്‍ പാലവും എടത്തോട് മെക്കാഡം റോഡും. ഇതിന്റെ ഉദ്ഘാടനം 18ന് പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് നിര്‍വഹിക്കും. ഇ ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി എംഎല്‍എ, എംപി, കലക്ടര്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റിയുടെ മുന്‍ഗണന പ്രകാരമാണ് 17.07 മീറ്റര്‍ നീളമുള്ള ഒന്നര മീറ്റര്‍ വീതിയുള്ള നടപ്പാതയോട് കൂടിയ പാലം ഉദ്ഘാടനത്തിന് ഒരുങ്ങിയത്. ഒറ്റ സ്പാനില്‍ നിര്‍മിച്ച പാലമാണിത്. രണ്ട് കോടി രൂപയാണ് പാലത്തിന് അനുവദിച്ചത്. 50 ലക്ഷം രൂപ അപ്രോച്ച് റോഡിനുകൂടി അനുവദിച്ചതോടെ ബ്രിട്ടീഷുകാരുടെ കാലത്തു പണിത പാലം പുതുക്കി പണിയാനായി.
ബ്രിട്ടീഷ് ഭരണ കാലത്ത് കാര്‍ഷികോല്‍പന്നങ്ങള്‍ കൊണ്ടുപോകാനും യാത്രയ്ക്കുമായാണ് ഈ പാലം അന്ന് നിര്‍മ്മിക്കപ്പെട്ടത്. അപകടാവസ്ഥയിലായിരുന്ന പാലം പുതുക്കി പണിയണമെന്ന് നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്നാണ് പാലം നിര്‍മിച്ചത്.
കാസര്‍കോട് വികസ പാക്കേജില്‍ ഉള്‍പ്പെടുത്തി പാലത്തിന്റെ നിര്‍മാണത്തിനായി രണ്ട് കോടി രൂപയും അനുബന്ധ റോഡിനായി 50 ലക്ഷം രൂപയും അനുവദിച്ചിരുന്നു. പണി തുടങ്ങിയെങ്കിലും സ്ഥല തര്‍ക്കവും സാങ്കേതിക പ്രശ്‌നങ്ങളും കാരണം നിര്‍മാണം നീണ്ടുപോവുകയായിരുന്നു. എംഎല്‍എ ഇടപെട്ടതിനെ തുടര്‍ന്നാണ് പണി പൂര്‍ത്തിയാക്കിയത്. ഈ പാതയിലുള്ള അഞ്ച് പാലങ്ങളില്‍ ഒടയംഞ്ചാല്‍, ചുള്ളിക്കര, കള്ളാര്‍ എന്നിവയുടെ പണി വര്‍ഷങ്ങള്‍ക്ക് മുമ്പേ പൂര്‍ത്തിയായിരുന്നു. കള്ളാര്‍ പാലം തുറന്നുകൊടുക്കുന്നതോടെ ബ്രിട്ടീഷ് കാലത്ത് നിര്‍മിച്ച പാലങ്ങളില്‍ പൈനിക്കര പാലം മാത്രമാണ് പുതുക്കി പണിയാനുള്ളത്. ഇതിനായി കാസര്‍കോട് പാക്കേജില്‍ 2.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it