പുതുമുഖങ്ങളുമായി സിപിഐ മന്ത്രിപ്പട്ടിക

തിരുവനന്തപുരം: മുന്‍മന്ത്രിമാരായ സി ദിവാകരനെയും മുല്ലക്കര രത്‌നാകരനെയും ഒഴിവാക്കി നാല് പുതുമുഖങ്ങളെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ മന്ത്രിസഭയിലേക്കു നിര്‍ദേശിക്കാന്‍ സിപിഐ തീരുമാനിച്ചു. വി എസ് സുനില്‍കുമാര്‍ (തൃശൂര്‍), ഇ ചന്ദ്രശേഖരന്‍ (കാഞ്ഞങ്ങാട്), കെ രാജു (പുനലൂര്‍), പി തിലോത്തമന്‍ (ചേര്‍ത്തല) എന്നിവരാണ് സിപിഐ പ്രതിനിധികളായി പുതിയ മന്ത്രിസഭയിലെത്തുക.
മുന്‍മന്ത്രിമാരായ സി ദിവാകരന്‍, മുല്ലക്കര രത്‌നാകരന്‍ എന്നിവരെ മന്ത്രിമാരാക്കണമെന്ന വാദം പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ശക്തമായി ഉയര്‍ന്നെങ്കിലും ഒടുവില്‍ കൗണ്‍സില്‍ അംഗീകരിച്ച പട്ടികയില്‍ ഇരുവരുടെയും പേരുണ്ടായിരുന്നില്ല. നിയമസഭാകക്ഷി നേതാവായി സി ദിവാകരനെ തിരഞ്ഞെടുക്കുമെന്ന് കരുതിയെങ്കിലും ഇ ചന്ദ്രശേഖരനെയാണ് കൗണ്‍സില്‍ നിര്‍ദേശിച്ചത്. ചിറയിന്‍കീഴ് എംഎല്‍എ വി ശശിയെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് നിര്‍ദേശിക്കാനും തീരുമാനിച്ചു. നിയമസഭാകക്ഷി ഉപനേതാവായി വി എസ് സുനില്‍കുമാറിനെയും സെക്രട്ടറിയായി ചിറ്റയം ഗോപകുമാറിനെയും തിരഞ്ഞെടുത്തു. ഇ എസ് ബിജിമോളാണ് പാര്‍ട്ടി വിപ്പ്. എന്നാല്‍, സി ദിവാകരനെയും മുല്ലക്കര രത്‌നാകരനെയും ഒഴിവാക്കിയതിനെ ന്യായീകരിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തി. 2006ലെ മന്ത്രിസഭയില്‍ നാലു മന്ത്രിമാരും പുതുമുഖങ്ങളായിരുന്നു. പുതുമുഖങ്ങളെ മന്ത്രിമാരാക്കുന്നത് സിപിഐക്ക് പുതുമയുള്ള കാര്യമല്ലെന്നും കാനം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് എല്‍ഡിഎഫ് യോഗത്തില്‍ യാതൊരു ചര്‍ച്ചയും നടന്നില്ല. സത്യപ്രതിജ്ഞാദിനമായ നാളെ മാത്രമേ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച തീരുമാനം കൈക്കൊള്ളൂ. നാളെ ഉച്ചയ്ക്ക് ചേരുന്ന എക്‌സിക്യൂട്ടീവ് യോഗം പാര്‍ട്ടിക്ക് ലഭിക്കുന്ന വകുപ്പുകള്‍ ആര്‍ക്കൊക്കെ നല്‍കണമെന്നു തീരുമാനിക്കുമെന്നും കാനം വ്യക്തമാക്കി.
മന്ത്രിസ്ഥാനത്തേക്ക് ആറുപേരടങ്ങിയ പാനലാണ് കൗണ്‍സില്‍ പരിഗണിച്ചത്. മുല്ലക്കര രത്‌നാകരനെയും സി ദിവാകരനെയും ഒഴിവാക്കുന്നതിനെതിരേ യോഗത്തില്‍ കടുത്ത എതിര്‍പ്പുയര്‍ന്നു. ഇരുവരെയും മന്ത്രിമാരാക്കണോയെന്ന കാര്യത്തില്‍ സമവായത്തിലെത്താന്‍ സംസ്ഥാന എക്‌സിക്യൂട്ടീവിന് സാധിക്കാതെ വന്നതോടെ ഇവരടക്കം ആറുപേരുടെയും പേരുള്‍പ്പെട്ട പാനല്‍ സംസ്ഥാന കൗണ്‍സിലിനു കൈമാറി. നാടകീയരംഗങ്ങള്‍ക്കു ശേഷമാണ് മുന്‍മന്ത്രിമാരെ ഒഴിവാക്കിയുള്ള പട്ടിക കൗണ്‍സില്‍ അംഗീകരിച്ചത്.
മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ മുല്ലക്കര രത്‌നാകരനും സി ദിവാകരനും പ്രതിഷേധമറിയിച്ചു. എക്‌സിക്യൂട്ടീവ് തീരുമാനത്തില്‍ പ്രതിഷേധിച്ച് മുല്ലക്കര കൗണ്‍സില്‍ യോഗത്തില്‍നിന്ന് വിട്ടുനിന്നു. നേതൃയോഗങ്ങളില്‍ ഇനി പങ്കെടുക്കില്ലെന്ന് അദ്ദേഹം അറിയിച്ചതായാണു സൂചന. തന്റെ സീനിയോറിറ്റി പരിഗണിച്ചില്ലെന്ന് സി ദിവാകരനും പരാതിപ്പെട്ടു.
Next Story

RELATED STORIES

Share it