പുതുമകളുമായി ക്രിസ്മസ് വിപണി

ശരത്‌ലാല്‍ ചിറ്റടിമംഗലത്ത്

കൊച്ചി: ക്രിസ്മസിനെ വരവേ ല്‍ക്കാന്‍ നാടും നഗരവും അണിഞ്ഞൊരുങ്ങുന്നു. ഉണ്ണിയേശുവിന്റെ ജനന ആഘോഷത്തിനു മുന്നോടിയായി വീടുകളും ദേവാലയങ്ങളും ഓഫിസുകളും മോടികൂട്ടാനായി റെഡിമെയ്ഡ് പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീകളും നക്ഷത്രങ്ങളും സാ ന്റാക്ലോസ് കുപ്പായങ്ങളും അലങ്കാര എ ല്‍ഇഡി ബള്‍ബ് മാലകളും വിപണനശാലകളില്‍ നിരന്നുകഴിഞ്ഞു. ക്രിസ്മസിന് ഒരാഴ്ച മുമ്പേ കേരളത്തിലെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നായ എറണാകുളം ബ്രോഡ്‌വേയില്‍ ക്രിസ്മസ് വിപണിക്ക് ചൂടു പിടിച്ചുകഴിഞ്ഞു.
വിവിധ ഡിസൈനുകളിലും വര്‍ണങ്ങളിലുമുള്ള നക്ഷത്രങ്ങള്‍ വിപണികളില്‍ ലഭ്യമാണ്. സമീപകാലത്തെ ഹിറ്റ് സിനിമകളുടെയും സീരിയലുകളുടെയും പേരില്‍ എത്തുന്ന നക്ഷത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെ. കേരള ബ്ലാസ്റ്റേഴ്‌സ്, ബാഹുബലി, പ്രേമം എന്നീ പേരുകളിലുള്ള സ്റ്റാറുകള്‍ ഏറെ ആളുകളെ ആകര്‍ഷിക്കുന്നു. 2015ലെ ഹിറ്റ് ചിത്രം ബാഹുബലി സ്റ്റാറുകള്‍ക്ക് 250 രൂപയാണ് വില. പ്രേമം സ്റ്റാറുകള്‍ക്ക് 50 മുതല്‍ 100 രൂപ വരെയാണ് വില. ചന്ദനമഴ, പരസ്പരം എന്നീ സീരിയലുകളുടെ പേരുകളില്‍ വരുന്ന നക്ഷത്രങ്ങള്‍ക്ക് 450 രൂപ മുതലാണ് വില.എല്‍ഇഡി സ്റ്റാറുകള്‍ക്ക് പതിവുപോലെ ഇത്തവണയും വിപണിയില്‍ വന്‍ ഡിമാന്‍ഡ് ആണ് ഉള്ളത്. കൊച്ചുകുട്ടികളെ ഏറെ ആകര്‍ഷിക്കുന്നതും ഇവ തന്നെയാണെന്ന് കച്ചവടക്കാര്‍ പറയുന്നു.
ക്രിസ്മസിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കേക്ക് വിപണികളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.വൈവിധ്യമാര്‍ന്ന രുചികളില്‍ 400 ഗ്രാം മുതല്‍ മൂന്നു കിലോഗ്രാം വരെയുള്ള കേക്കുകള്‍ വിപണിയില്‍ സുലഭം. മൂന്നു കിലോഗ്രാം തൂക്കമുള്ള കേക്കുകള്‍ ആവശ്യമുള്ളവര്‍ക്ക് ഓര്‍ഡര്‍ അനുസരിച്ച് ബേക്കറികള്‍ നിര്‍മിച്ചു നല്‍കുന്നു. ചോക്ലേറ്റ് കേക്ക്, ബ്ലാക്ക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ്, ബ്രൗണിങ് കേക്ക്, റെഡ് വെല്‍വെറ്റ് കേക്ക് തുടങ്ങി നിരവധി കേക്കുകള്‍ വിപണിയിലുണ്ടെങ്കിലും ക്രിസ്മസിന് പ്ലം കേക്കുകള്‍ തന്നെയാണ് താരം. പ്ലം കേക്കുകള്‍ കിലോഗ്രാമിന് 200 മുതല്‍ 350 രൂപ വരെയാണ് വില. ചോക്ലേറ്റ് കേക്ക്, ബ്ലാക്ക്/ വൈറ്റ് ഫോറസ്റ്റ് കേക്കുകള്‍ എന്നിവയ്ക്ക് കിലോഗ്രാമിന് 500 രൂപയാണ് നിരക്ക്. ഗിഫ്റ്റ് കൊടുക്കാവുന്ന ടിന്‍ പ്രീമിയം പ്ലം കേക്ക് ആണ് ഇത്തവണ ക്രിസ്മസ് വിപണിയിലെ പുതിയ താരം. കിലോഗ്രാമിന് 400 രൂപയാണ് വില. ക്രിസ്മസിനോടനുബന്ധിച്ച് നിരവധി കേക്കുമേളകളും ഇതിനകം നഗരങ്ങളില്‍ നടക്കുന്നുണ്ട്.
Next Story

RELATED STORIES

Share it