പുതുപ്പള്ളിയില്‍ മുഖ്യമന്ത്രിയെ നേരിടാന്‍ എസ്എഫ്‌ഐയുടെ അമരക്കാരന്‍

ഷിനു പ്രകീര്‍ത്ത്

കോട്ടയം: തിരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിനിറങ്ങുമ്പോള്‍ എതിരാളി സംസ്ഥാന മുഖ്യമന്ത്രിയാണെന്ന ആശങ്കയൊന്നുമില്ല പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റുമായ ജെയ്ക് സി തോമസിന്.
അരനൂറ്റാണ്ട് കാലത്തെ രാഷ്ട്രീയ ജീവിതത്തെ പാടേ ഉലച്ച ആരോപണത്തിനു ശേഷം ഉമ്മന്‍ചാണ്ടി നേരിടുന്ന ആദ്യ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ നേരിടുക എന്ന വലിയ ഉത്തരവാദിത്തമാണ് ഈ 26കാരനെ ഇടതുമുന്നണി ഏല്‍പ്പിച്ചിരിക്കുന്നത്. ഇതോടെ രണ്ട് പുതുപ്പള്ളിക്കാര്‍ തമ്മിലുള്ള പോരാട്ടമാണ് മണ്ഡലത്തില്‍ നടക്കുന്നത്. പ്രായത്തിന്റെ ചുറുചുറുക്കുമായി ഇതിനോടകം തന്നെ മണ്ഡലത്തില്‍ പ്രചാരണം ആരംഭിച്ച ജെയ്കിന് തികഞ്ഞ വിജയപ്രതീക്ഷയാണ്. തിരഞ്ഞെടുപ്പു രംഗത്ത് കന്നിയങ്കമാണെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് എസ്എഫ്‌ഐയുടെ സംസ്ഥാന നേതൃനിരയിലേക്ക് എത്തിയ ജെയ്ക് നിരവധി വിദ്യാര്‍ഥി സമരങ്ങളുടെ മുന്നണി പോരാളിയായിരുന്നു.
പുതുപ്പള്ളി മണ്ഡലത്തില്‍പ്പെടുന്ന മണര്‍കാട് സ്വദേശിയായ ജെയ്ക് സി തോമസ് എംജി സര്‍വകലാശാലയില്‍ എംഎ ഇന്റര്‍ നാഷനല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്‌സ് വിദ്യാര്‍ഥിയാണ്. സുരേഷ്‌കുറുപ്പ് എംഎല്‍എക്കും പി കെ ബിജു എംപിക്കും ശേഷം എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റാവുന്ന കോട്ടയം സ്വദേശി കൂടിയാണ് ജെയ്ക്.
എസ്എഫ്‌ഐ കേന്ദ്രക്കമ്മിറ്റി അംഗവും സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന ജെയ്കിനെ അടുത്തിടെയാണ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തത്. എസ്എഫ്‌ഐയുടെ മുഖമാസികയായ സ്റ്റുഡന്റിന്റെ എഡിറ്ററാണ് ജെയ്ക്. ഉമ്മന്‍ചാണ്ടിയുടെ സ്വന്തം മണ്ഡലമായ പുതുപ്പള്ളിയില്‍ അദ്ദേഹത്തിന്റെ തേരോട്ടത്തിനു തടയിടുക എന്നത് ഇടതിന് ഏറെ പ്രയാസകരമാണ്. 1970ല്‍ പുതുപ്പള്ളിയില്‍ ഇടതു സ്ഥാനാര്‍ഥി എം ജോര്‍ജിനെ പരാജയപ്പെടുത്തി സഭയിലെത്തിയ ഉമ്മന്‍ചാണ്ടി അതിനുശേഷമുള്ള ഒരു തിരഞ്ഞെടുപ്പിലും പരാജയം അറിഞ്ഞിട്ടില്ല. ഇതിനിടെ വിദ്യാര്‍ഥി യുവജന നേതാക്കളടക്കമുള്ള ഇടതു സ്ഥാനാര്‍ഥികള്‍ ഉമ്മന്‍ചാണ്ടിയോട് പരാജയം ഏറ്റുവാങ്ങി. 2006ല്‍ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റായിരുന്ന അഡ്വ. സിന്ധു ജോയിയാണ് ഉമ്മന്‍ചാണ്ടിക്കെതിരേ മല്‍സരിച്ച മറ്റൊരു വിദ്യാര്‍ഥി നേതാവ്. എന്നാല്‍, അന്നു പരാജയപ്പെട്ടെങ്കിലും ഭൂരിപക്ഷം കുറയ്ക്കാനായതു നേട്ടമായി.
Next Story

RELATED STORIES

Share it