Interview

പുതുതലമുറയ്ക്ക് പുതിയ മാനദണ്ഡങ്ങള്‍; ടി.കെ. ഉബൈദ് തന്റെ ജീവിതം പറയുന്നു

പുതുതലമുറയ്ക്ക് പുതിയ മാനദണ്ഡങ്ങള്‍; ടി.കെ. ഉബൈദ് തന്റെ ജീവിതം പറയുന്നു
X

ചിന്തകനും പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനും
ഖുര്‍ആന്‍ വ്യാഖ്യാതാവും പ്രബോധനം
പത്രാധിപരുമായ ടി.കെ. ഉബൈദ് തന്റെ
ജീവിതം പറയുന്നു. ഒപ്പം മതത്തെക്കുറിച്ചും
മതചിന്തകളുടെ പുനസ്സംവിധാനത്തെക്കുറിച്ചുള്ള
സുനിശ്ചിതമായ നിലപാടുകളും.


T.K._Ubaid_1


1.താങ്കളുടെ കുടുംബം, ബാല്യം, വിദ്യാഭ്യാസം?
ഒരു പണ്ഡിതകുടുംബത്തില്‍ ജനിച്ചുവളരാന്‍ അനുഗ്രഹം ലഭിച്ചത് എന്റെ ജീവിതത്തെയും സംസ്‌കാരത്തെയും നിര്‍ണായകമായി സ്വാധീനിച്ചിട്ടുണ്ട്. വെളിയങ്കോട് തട്ടാങ്ങര കുട്ട്യാമു മുസ്‌ല്യാര്‍, കോക്കൂര്‍ അബ്ദുല്ലക്കുട്ടി മുസ്‌ല്യാര്‍, പാനായിക്കുളം പുതിയാപ്പിള അബ്ദുര്‍റഹ്മാന്‍ മുസ്‌ല്യാര്‍ തുടങ്ങിയവര്‍ എന്റെ പിതാമഹന്മാരാണ്. പിതാവ് ഐ.ടി.സി. മുഹമ്മദ് അബ്ദുല്ല മൗലവി. അദ്ദേഹം ഹൈദരാബാദില്‍ നിന്നു നിസാമി ബിരുദം നേടിയ ശേഷം പറവണ്ണ പള്ളിദര്‍സിലും വാഴക്കാട് ദാറുല്‍ ഉലൂമിലും അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ സ്ഥാപകരില്‍ പ്രമുഖനായ പറവണ്ണ മൊയ്തീന്‍കുട്ടി മൗലവിക്കൊപ്പം അതിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു. പിന്നീട് അതില്‍ സജീവമായിരുന്നില്ല. അധ്യാപനവൃത്തിയില്‍ നിന്നു വിരമിച്ച് കൃഷിയിലും കച്ചവടത്തിലും ഏര്‍പ്പെട്ടു. പാനായിക്കുളം പുതിയാപ്പിള അബ്ദുര്‍റഹ്മാന്‍ മുസ്‌ല്യാരുടെ മകള്‍ ആയിശയാണ് ഉമ്മ.

എന്റെ പ്രാഥമിക വിദ്യാഭ്യാസം പ്രദേശത്തെ സ്‌കൂളിലായിരുന്നു. പിന്നീട് ചാലിയത്ത് എട്ടാം ക്ലാസ് വരെ പഠിച്ചു. അവിടെയായിരുന്നു മൂത്തുമ്മ താമസിച്ചിരുന്നത്. മഖ്ദൂം പുതിയകത്ത് സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങളാണ് അവരുടെ ഭര്‍ത്താവ്. എട്ടാം ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കെ എനിക്ക് ടൈഫോയ്ഡ് ബാധിച്ചു. ആ വര്‍ഷം പരീക്ഷ എഴുതാനായില്ല. സ്‌കൂള്‍ പൂട്ടി തുറന്നപ്പോള്‍ നേരത്തേ പഠിച്ച ക്ലാസില്‍ ഇരിക്കുന്നതില്‍ മടി തോന്നി പോയില്ല.
പിന്നീട് ദര്‍സില്‍ ചേര്‍ന്നു. ഒരു വര്‍ഷത്തിനകം പല പള്ളിദര്‍സുകളിലും ചേര്‍ന്നെങ്കിലും എവിടെയും ഉറച്ചില്ല. ഒടുവില്‍ പിതാവ് അദ്ദേഹത്തിന്റെ മരുമകനായ, പറപ്പൂര്‍ ഷാഹുല്‍ ഹമീദ് മാസ്റ്ററോട് എന്നെ ശാന്തപുരം ഇസ്‌ലാമിയാ കോളജില്‍ ചേര്‍ക്കാന്‍ ആവശ്യപ്പെട്ടു. ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ ജമാഅത്ത് പ്രവര്‍ത്തകനായിരുന്നു. അങ്ങനെയാണ് ഞാന്‍ ശാന്തപുരത്തെത്തിയത്. അന്ന് ടി. ഇസ്ഹാഖലി മൗലവിയായിരുന്നു പ്രിന്‍സിപ്പല്‍. സൗകര്യങ്ങള്‍ നന്നേ കുറവായിരുന്നു. ചേകന്നൂര്‍ മൗലവി അന്ന് അവിടെ ഉയര്‍ന്ന ക്ലാസുകളില്‍ പഠിപ്പിച്ചിരുന്നു.




2. ജമാഅത്തുമായുള്ള ബന്ധം? പത്രപ്രവര്‍ത്തന മേഖലയിലേക്കുള്ള രംഗപ്രവേശം?
ശാന്തപുരത്ത് ഫൈനല്‍ ക്ലാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ അവിടെ വിദ്യാര്‍ഥി ഹല്‍ഖയുടെ നാസിമായി. ശാന്തപുരത്തെ എന്റെ പഠനം പൂര്‍ത്തിയായ സന്ദര്‍ഭത്തിലാണ് പൂര്‍വവിദ്യാര്‍ഥികളുടെ മനസ്സില്‍ ഒരു ബാലമാസികയുടെ പ്രസിദ്ധീകരണത്തെക്കുറിച്ച ചിന്ത ഉടലെടുക്കുന്നത്. അന്നു പൂമ്പാറ്റ, ബാലരമ എന്നീ ബാലമാസികകളേ ഉണ്ടായിരുന്നുള്ളൂവെന്നാണ് ഓര്‍മ. ശാന്തപുരത്തു പ്രിന്‍സിപ്പലായിരുന്ന മര്‍ഹൂം അബുല്‍ ജലാല്‍ മൗലവി സന്മാര്‍ഗം എന്ന പേരില്‍ ഒരു ബാലമാസിക പെരിന്തല്‍മണ്ണയില്‍ നിന്നു പ്രസിദ്ധീകരിക്കാന്‍ തീരുമാനിക്കുകയും എന്നെ അതിന്റെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു.

ഖാദര്‍കുട്ടി മാസ്റ്റര്‍ മാരേക്കാട്, യുവാവായിരിക്കെ മരണപ്പെട്ടുപോയ ടി.എ. റഷീദ് എന്നിവര്‍ ഈ ബാലമാസികയ്ക്കു വേണ്ടി വളരെ അധ്വാനിച്ചവരാണ്. ടി.എ. റഷീദ് കവിയായിരുന്നു. മാതൃഭൂമി വാരിക തുടങ്ങിയ സമകാലികങ്ങളില്‍ അദ്ദേഹത്തിന്റെ കവിതകള്‍ പ്രസിദ്ധീകരിച്ചുവന്നിട്ടുണ്ട്.
ഉള്ളടക്കത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലായിരുന്നെങ്കിലും കെട്ടിലും മട്ടിലും അച്ചടിയിലും തീരെ ആകര്‍ഷകമല്ലായിരുന്നു സന്മാര്‍ഗം. സാമ്പത്തിക പരാധീനത കാരണം കാഴ്ചയില്‍ മികവു പ്രകടിപ്പിക്കുന്ന ഒരു മാസികയാക്കാന്‍ കഴിഞ്ഞില്ല. അക്കാരണം കൊണ്ടുതന്നെ പ്രചാരം കുറവായിരുന്നു. രണ്ടു വര്‍ഷത്തിനു ശേഷം സന്മാര്‍ഗത്തിന്റെ പ്രസിദ്ധീകരണം നിര്‍ത്തിവയ്ക്കുകയാണുണ്ടായത്.

തുടര്‍ന്നു കച്ചവടവുമായി മുന്നോട്ടുപോവാന്‍ തീരുമാനിച്ചിരിക്കെയാണ് ബഹുമാന്യനായ അബ്ദുല്‍ അഹദ് തങ്ങള്‍ പ്രബോധനത്തില്‍ സബ് എഡിറ്ററായി ചേരണമെന്ന് ആവശ്യപ്പെട്ടത്. അങ്ങനെയാണ് 1974ല്‍ കച്ചവടം വേണ്ടെന്നുവച്ച് പത്രപ്രവര്‍ത്തനത്തിലേക്കു തിരിച്ചെത്തുന്നത്.
പ്രബോധനം 1949ല്‍ പ്രതിപക്ഷപത്രമായാണ് ആരംഭിച്ചത്. 1964ല്‍ വാരികയായി. വാരികയ്‌ക്കൊപ്പം മാസികയും പ്രസിദ്ധീകരിച്ചിരുന്നു. മാധ്യമം ദിനപത്രം ആരംഭിച്ചപ്പോള്‍ മാസികയുടെ പ്രസിദ്ധീകരണം വേണ്ടെന്നുവച്ചു. അടിയന്തരാവസ്ഥയില്‍ ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ചപ്പോള്‍ പ്രബോധനവും നിരോധിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ബോധനം എന്ന പേരില്‍ ഒരു മാസികയിറക്കി. അതിന്റെ ചുമതല വി.എ. കബീറിനായിരുന്നു. അടിയന്തരാവസ്ഥ പിന്‍വലിച്ചപ്പോള്‍ വീണ്ടും പ്രബോധനം പ്രസിദ്ധീകരിച്ചുതുടങ്ങി.

1992ല്‍ ഡിസംബര്‍ 6ന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ജമാഅത്തെ ഇസ്‌ലാമി വീണ്ടും നിരോധിക്കപ്പെട്ടു. ഈ ഘട്ടത്തില്‍ ഞാന്‍ മാധ്യമം ദിനപത്രത്തില്‍ ചേര്‍ന്ന് കൊച്ചി എഡിഷന്റെ റസിഡന്റ് എഡിറ്ററായി പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍ അടച്ചുപൂട്ടിയ പ്രബോധനത്തിനു പകരം വീണ്ടും ബോധനം പ്രസിദ്ധീകരിച്ചു. പ്രബോധനത്തിന്റെ നിരോധം നീങ്ങിയപ്പോള്‍ ഞാന്‍ പത്രാധിപരായി തിരിച്ചുവന്നു. ആ നിലയില്‍ ഇപ്പോഴും തുടരുന്നു. വിരമിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സാധ്യമാവുന്നത്ര കാലം പ്രബോധനത്തോടൊപ്പം ഉണ്ടാവണമെന്ന ബന്ധപ്പെട്ടവരുടെ ആവശ്യം നിരസിക്കാനാവില്ലല്ലോ.






3.ഖുര്‍ആന്‍ ബോധനം എന്ന ഖുര്‍ആന്‍ പരിഭാഷയുടെ രചനാ പശ്ചാത്തലം വിവരിക്കാമോ?
സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്‍ മലയാളത്തിലേക്കു മൊഴിമാറ്റം നടത്തി പ്രബോധനത്തില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിരുന്നു. 1998ല്‍ ആ ദൗത്യം പൂര്‍ത്തീകരിച്ചു.
മറ്റൊരു ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും ഖണ്ഡശ്ശ പ്രസിദ്ധീകരിക്കണമെന്നായി പിന്നീട് പ്രബോധനം വായനക്കാര്‍. തഫ്ഹീമുല്‍ ഖുര്‍ആന്‍ വായിച്ചുതീര്‍ത്തവര്‍ക്ക് അനുയോജ്യമായ മറ്റൊരു വ്യാഖ്യാനകൃതിയെക്കുറിച്ചായി തുടര്‍ന്ന് അന്വേഷണം. അങ്ങനെയൊരു കൃതി പെട്ടെന്നു കണ്ടെത്താനായില്ല. അതു മലയാളത്തില്‍ ഒരു പരിഭാഷയും വ്യാഖ്യാനവും പുതുതായി രചിക്കുക എന്ന ആശയത്തില്‍ പത്രാധിപസമിതിയെ എത്തിച്ചു.

തഫ്ഹീമുല്‍ ഖുര്‍ആന്റെ വിവര്‍ത്തകന്‍ എന്ന നിലയില്‍ വളരെക്കാലം കഴിച്ചുകൂട്ടിയ ഞാന്‍ ആ ചുമതല ഏറ്റെടുക്കണമെന്നും തീരുമാനമായി. അറബി അക്ഷരജ്ഞാനമുള്ളവര്‍ക്ക് ഖുര്‍ആന്റെ മൂലപദങ്ങളുടെ അര്‍ഥം വെവ്വേറെ പഠിക്കാനും വിശദമായ വ്യാഖ്യാനം മനസ്സിലാക്കാനും പറ്റുന്നതാവണം പുതിയ ഖുര്‍ആന്‍ പംക്തി. അതോടൊപ്പം പുതിയ കാലഘട്ടവുമായും കേരളീയ സാഹചര്യവുമായും അതിനു സുതാര്യമായ ബന്ധവുമുണ്ടായിരിക്കണം. സാധാരണ വായനക്കാര്‍ക്കു സുഗ്രാഹ്യമായിരിക്കണം. ഇതൊക്കെയായിരുന്നു ഖുര്‍ആന്‍ ബോധനം തുടങ്ങുമ്പോള്‍ മുന്നിലുണ്ടായിരുന്ന ആഗ്രഹം.
സാഹസികമായ ഒരു ഉദ്യമമായിരുന്നുവെങ്കിലും ഏറ്റെടുക്കുകയല്ലാതെ നിവൃത്തിയില്ലായിരുന്നു. ആ പ്രവര്‍ത്തനത്തിലാണ് ഇപ്പോഴും. സൂറത്തുല്‍ ഹജ്ജ് വരെ എത്തി. ആറു വാള്യങ്ങളായി അത് പുസ്തകമായി പ്രസിദ്ധീകരിച്ചു. അതിനിടയില്‍ ഒരു പുരസ്‌കാരവും ലഭിച്ചു. ഖത്തറിലെ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ നല്‍കിയതായിരുന്നു അത്. ഒരു ഗ്രന്ഥം പൂര്‍ത്തിയാവും മുമ്പ് പുരസ്‌കരിക്കപ്പെടുകയെന്നത് അസാധാരണമായ അനുഭവമായിരുന്നു. നിരവധി പേര്‍ ഖുര്‍ആന്‍ ബോധനം വായിക്കുന്നുണ്ട്. അതവര്‍ക്കു വലിയ പ്രയോജനം നല്‍കുന്നുണ്ട്. മുഴുവന്‍ അധ്യായങ്ങളും പൂര്‍ത്തിയാക്കാന്‍ ആയുര്‍ദൈര്‍ഘ്യമുണ്ടാവട്ടെ എന്നു പ്രാര്‍ഥിക്കുന്നതായി ചില വായനക്കാര്‍ അറിയിക്കാറുണ്ട്.




4.ഖുര്‍ആന്‍ വിവര്‍ത്തനവുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍?
'കണ്ടിടത്തുവച്ച് അവരെ കൊലപ്പെടുത്തുക,' 'അവരുടെ അവയവങ്ങള്‍ സര്‍വവും ഛേദിക്കുക'- ഇവ ഖുര്‍ആനിലെ വചനങ്ങളാണ്. ഈ നിര്‍ദേശങ്ങള്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ മാത്രം ബാധകമാവുന്നവയാണ്. ഈ കാര്യം വ്യാഖ്യാതാവ് സൂചിപ്പിക്കുന്നില്ലെങ്കില്‍ വായനക്കാരന്‍ തെറ്റിദ്ധരിക്കാനിടയുണ്ട്. ഞാന്‍ ഈ വാക്കുകള്‍ മൊഴിമാറ്റം ചെയ്തപ്പോള്‍ 'യുദ്ധത്തില്‍' എന്നൊരു പദം കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
'ഭൂമിയെ നാം പരത്തി' എന്നും ഖുര്‍ആന്‍ പലയിടത്തും പറയുന്നുണ്ട്. ഭൂമി പരന്നതാണെന്നല്ലല്ലോ അതിന്റെ സാരം. ഭൂമിയെ വിസ്തൃമാക്കി, കൃഷിയോഗ്യമാക്കി, നിവാസയോഗ്യമാക്കി എന്നൊക്കെയുള്ള ആശയങ്ങളാണ് ആ വചനം നല്‍കുന്നത്.

മതപരിത്യാഗിയെ വധിക്കണമെന്നൊരു നിര്‍ദേശമുണ്ട്. ഇതു നിരുപാധികമായ കല്‍പ്പനയല്ല. മതപരം എന്നതിനേക്കാള്‍ രാഷ്ട്രീയമാണത്. ഒരു രാഷ്ട്രത്തെയോ അതിന്റെ പൗരന്‍മാരെയോ ഒറ്റിക്കൊടുക്കുകയോ അവര്‍ക്കെതിരേ പ്രതിവിപ്ലവം നടത്തുകയോ ചെയ്യുന്ന സന്ദര്‍ഭത്തില്‍ ഇസ്‌ലാമിക രാഷ്ട്രം എടുക്കേണ്ട ശിക്ഷാനടപടിയാണിത്. നമ്മുടേതുപോലുള്ള ബഹുസ്വരസമൂഹത്തില്‍ സ്വീകരിക്കേണ്ട നടപടിയായി ഒരിക്കലും അതിനെ പരിഗണിക്കരുത്.
അന്യമതസ്ഥരായ ബന്ധുക്കള്‍ക്ക് അനന്തരാവകാശം കൊടുക്കാവതല്ലെന്നു പറയുന്നുണ്ട്. അത്തരക്കാര്‍ക്ക് ഖുര്‍ആനിലെ 2:180 സൂക്തം നിര്‍ദേശിക്കുന്ന വസ്വിയ്യത്തിന് അര്‍ഹതയുണ്ട്. അന്യമതസ്ഥരായ ഉറ്റവരുടെ കാര്യത്തില്‍, മരണമടുത്തവര്‍ ഈ നിര്‍ദേശം പാലിക്കേണ്ടതാണെന്നാണ് എന്റെ അഭിപ്രായം. ലുഖ്മാന്‍ അധ്യായത്തിലും വിശ്വാസികളല്ലെങ്കില്‍ പോലും മാതാപിതാക്കളോടു ലൗകികമായ കാര്യത്തില്‍ നല്ല നിലയില്‍ പെരുമാറാന്‍ അനുശാസിക്കുന്നുണ്ട്.




5.സിഹ്‌റിനെക്കുറിച്ച് എന്താണ് അഭിപ്രായം?
സിഹ്‌റ് പരക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. സിഹ്‌റ് ചെയ്യല്‍ നിഷിദ്ധമായി നബി പ്രഖ്യാപിച്ചത് സിഹ്‌റ് ഫലിക്കുമെന്നു വിശ്വസിക്കണമെന്നതിനുള്ള തെളിവായി ചിലര്‍ പറയാറുണ്ട്. ബഹുദൈവവിശ്വാസം ഒരു മിഥ്യയാണ്. എന്നിട്ടും എന്തിനാണ് ദൈവവും പ്രവാചകനും അതു നിഷിദ്ധമാക്കിയത്? മിഥ്യയാകുന്നു എന്നതുതന്നെയാണ് അതു നിഷിദ്ധമാക്കാന്‍ കാരണം. ചില പണ്ഡിതന്മാര്‍ നബി(സ)ക്കു വരെ സിഹ്‌റ് ഫലിച്ചതായി പറയുന്നുണ്ട്. എന്നാല്‍ എന്റെ അഭിപ്രായം, നബിക്കെന്നല്ല, ഒരാള്‍ക്കും സിഹ്‌റ് ബാധിക്കുകയില്ലെന്നാണ്.

ഖുര്‍ആന്‍ ധാരാളം കഥകള്‍ പറയുന്നുണ്ട്. നിഷേധികള്‍ക്കു താക്കീതായും വിശ്വാസികള്‍ക്കു ഗുണപാഠമായുമാണ് കഥകള്‍ പറയുന്നതെന്ന് ഒരിടത്ത് ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. ആസ്വാദനവും ആഹ്ലാദവും മാത്രമല്ല അതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഖുര്‍ആനിലെ കഥകള്‍ സത്യങ്ങളാണ്. മുസ്‌ലിംകള്‍ കലാരംഗത്തും സാഹിത്യരംഗത്തും വളരെയൊന്നും പുരോഗമിച്ചിട്ടില്ല. സര്‍ഗാത്മകമായ ഇടപെടലുകള്‍ ഇല്ലെന്നുതന്നെ പറയാം. ഇതില്‍ പണ്ഡിതന്‍മാര്‍ക്കും നേതാക്കള്‍ക്കും വലിയ പങ്കുണ്ട്. ഇസ്‌ലാമിനെ ആചാരങ്ങളില്‍ പരിമിതപ്പെടുത്തുകയാണ് അവര്‍ ചെയ്തത്.

ഫിഖ്ഹിന്റെ അതിപ്രസരം മതത്തിന്റെ മുഖത്തെ വികൃതമാക്കുന്നുണ്ട്. ഏതൊരു കാര്യവും ഹറാം-നിര്‍ബന്ധം എന്നിവയിലൊരു കളത്തില്‍ കൊള്ളിക്കുന്നതിനാണ് പണ്ഡിതന്‍മാര്‍ക്കു തിരക്ക്. മുഹിയിദ്ദീന്‍മാല ഒരു കാവ്യമാണ്. കവിതയെ കവിതയായാണ് മനസ്സിലാക്കേണ്ടത്. ആ രീതിയില്‍ തന്നെയാണതിനെ സമീപിക്കേണ്ടതും വായിക്കേണ്ടതും. സര്‍ഗാത്മകരംഗത്തും സാംസ്‌കാരികരംഗത്തും സജീവമായ ഇടപെടലുകള്‍ നമ്മുടെ മുന്‍കൈയില്‍ ഉണ്ടാവണം.



6.ഇസ്‌ലാമില്‍ സ്ത്രീകളുടെ പദവിയെക്കുറിച്ച് എന്തു പറയുന്നു?
ഇസ്‌ലാമിനു മുമ്പേ ലോകത്തെങ്ങും നിലനിന്നിരുന്ന പുരുഷാധിപത്യബോധം നമ്മുടെ സമൂഹത്തിലും ശക്തമായി പിടിമുറുക്കിയിട്ടുണ്ട്. അവകാശങ്ങളും അധികാരങ്ങളും വകവച്ചുകൊടുക്കുന്നതു പോവട്ടെ, സ്ത്രീകളോട് സൗഹൃദത്തോടെ പെരുമാറാന്‍ പോലും പലരും തയ്യാറാവുന്നില്ല. സ്ത്രീകള്‍ക്ക് ഉത്തമം വീടിന്റെയുള്ളിന്റെ ഉള്ളാണ് തുടങ്ങിയ മൊഴികള്‍ പരിശോധിക്കപ്പെടണം. മുഖം മറയ്ക്കുന്ന പര്‍ദ ധരിക്കണമെന്നു ചിലര്‍ നിര്‍ബന്ധം പിടിക്കുന്നു.

സ്ത്രീ ഭരണാധികാരം കൈയാളുന്നതിനെ കുറിച്ച്?
ഭരണാധികാരം കൈയാളേണ്ടത് അതിനു യോഗ്യതയുള്ളവരാണ്. പുരുഷന്മാരിലാണ് അത്തരക്കാര്‍ കൂടുതലുള്ളത്. അപൂര്‍വമായി സ്ത്രീകളിലും അത്തരക്കാര്‍ ഉണ്ടാവാറുണ്ട്. ഒരു നാട്ടില്‍ പുരുഷന്മാരേക്കാള്‍ അധികാരയോഗ്യയായി കാണപ്പെടുന്നത് ഒരു സ്ത്രീയാണെങ്കില്‍ അവളെത്തന്നെയാണ് ഭരണം ഏല്‍പ്പിക്കേണ്ടത്.



7.അനന്തരാവകാശത്തില്‍ പുരുഷനു സ്ത്രീയുടെ ഇരട്ടി വിഹിതം ലഭിക്കുന്നില്ലേ? സാക്ഷി നില്‍ക്കാന്‍ രണ്ടു സ്ത്രീകള്‍ വേണ്ടേ?
അനന്തരാവകാശത്തില്‍ പുരുഷനു സ്ത്രീയുടെ ഇരട്ടി വിഹിതം നിശ്ചയിച്ചത് സാമ്പത്തികരംഗത്തു പുരുഷനുള്ള അധികബാധ്യത കണക്കിലെടുത്തുകൊണ്ടാണ്. എന്നാല്‍, സ്ത്രീയുടെ ഓഹരിയുടെ ഇരട്ടി പുരുഷന്‍മാര്‍ക്കു നല്‍കണമെന്നു നിര്‍ബന്ധിക്കുന്നില്ല. അവകാശികളുടെ സമ്മതത്തോടെ സ്ത്രീകള്‍ക്കും പുരുഷന്റേതിനു സമാനമായ ഓഹരിസ്വത്ത് ഭാഗിച്ചെടുക്കാവുന്നതാണ്.

സാക്ഷിയാവേണ്ടിവരുമ്പോള്‍ ഒരു പുരുഷനു പകരം രണ്ടു സ്ത്രീകള്‍ വേണമെന്ന് അനുശാസിച്ചത് സ്ത്രീ അധമയായതുകൊണ്ടല്ല. സാധാരണഗതിയില്‍ സാമ്പത്തിക വ്യവഹാരങ്ങളില്‍ സ്ത്രീക്ക് പരിചയം കുറവാകുന്നതുകൊണ്ടാണ്. പൊതുവ്യവഹാരങ്ങള്‍ക്ക് ഇങ്ങനെ നിബന്ധനയില്ല. അങ്ങനെയാണെങ്കില്‍ ആയിശ(റ)യുടെ നിവേദനങ്ങള്‍ മതത്തിന്റെ പ്രമാണമാക്കാന്‍ കഴിയുമോ? അവരില്‍ നിന്നു ഹദീസ് സ്വീകരിക്കാനാവുമോ?
ചില പണ്ഡിതന്മാര്‍ യാതൊരടിസ്ഥാനവുമില്ലാത്ത കാര്യങ്ങള്‍ മതത്തിന്റെ പേരില്‍ പ്രചരിപ്പിക്കുന്നു. ഇസ്‌ലാമും മുസ്‌ലിംകളും പരിഹസിക്കപ്പെടാനേ ഇതു പ്രയോജനപ്പെടുന്നുള്ളൂ.

നബിയുടെ കാലശേഷം മദീനക്കാര്‍ കീഴ്‌വഴക്കങ്ങളെ പ്രധാന അടിത്തറയാക്കിയും ഇറാഖികള്‍ യുക്തിയെ പ്രധാന അടിത്തറയാക്കിയും വ്യാഖ്യാനിക്കുമായിരുന്നു. അഹ്‌ലു റഅ്‌യ് എന്നാണ് ഇറാഖി വ്യാഖ്യാതാക്കള്‍ അറിയപ്പെട്ടിരുന്നത്. അവരെ അഹ്‌ലു അദ്ല്‍- നീതിയുടെ പക്ഷം- എന്നും വിളിക്കുകയുണ്ടായി. ഖുര്‍ആന്‍ വ്യാഖ്യാനിക്കുമ്പോള്‍ മനുഷ്യബുദ്ധിയും ചിന്തയും അവധാനതയോടെ ഉപയോഗപ്പെടുത്തണം.

8.ഖുര്‍ആന്റെ മലയാള വിവര്‍ത്തനം നേരിടുന്ന പ്രശ്‌നങ്ങള്‍?
മലയാളി വിവര്‍ത്തകര്‍ വിശേഷിച്ച് ചില പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. റഫറന്‍സ് ഗ്രന്ഥങ്ങളുടെ ദൗര്‍ലഭ്യമാണ് ഒന്ന്. ചില ഖുര്‍ആനിക പദങ്ങള്‍ക്ക് അനുയോജ്യമായ മലയാള പദങ്ങള്‍ ഇല്ലെന്നു പറയാം. ഉദാഹരണം: ഇബാദത്ത്, തഖ്‌വ. മറ്റു ഭാഷകള്‍ ഈ വിഷയത്തില്‍ മലയാളത്തേക്കാള്‍ സമ്പന്നമാണെന്നാണു തോന്നുന്നത്. അക്ഷരങ്ങളില്‍ തൂങ്ങിയുള്ള വ്യാഖ്യാനങ്ങള്‍ ഖുര്‍ആനെ സംവേദനക്ഷമമല്ലാതാക്കും.


UBAID LAST

9.ശരീഅത്തിന്റെ പരിഷ്‌കരണത്തെക്കുറിച്ച് എന്താണ് അഭിപ്രായം?
നമ്മുടേത് കഴിഞ്ഞ കാലത്തെ ശരീഅത്താണ്. മനുഷ്യജീവിതം വികാസക്ഷമമാണ്. ഇന്നലെ കൊണ്ടുനടന്ന നിയമസംഹിത ഇന്നത്തേക്കു പര്യാപ്തമായിക്കൊള്ളണമെന്നില്ല. പുതിയതു വേണം. നമ്മുടേത് സെക്കന്‍ഡ്ഹാന്റ് ശരീഅത്താണെന്ന് അല്ലാമാ മുഹമ്മദ് അസദ് പറയുകയുണ്ടായി.
ഖുര്‍ആനും സുന്നത്തുമാകുന്ന ശാശ്വത ശരീഅത്ത് മരത്തിന്റെ തായ്ത്തടിയുടെ സ്ഥാനത്താണ്. തായ്ത്തടിയാണ് പ്രധാനം. പക്ഷേ, ചിലര്‍ അതിനു പകരം മരത്തിന്റെ ഇലയ്ക്കാണ് സ്ഥിരത കൊടുക്കുന്നത്. ഖുര്‍ആനും സുന്നത്തിനും പ്രാധാന്യം കൊടുക്കാതെ ഫിഖ്ഹിനു പ്രാധാന്യം കൊടുക്കുന്നവര്‍ ഇത്തരക്കാരാണ്. ഇല കൊഴിഞ്ഞുപോവും. മരം ബാക്കിയാവും. ഫിഖ്ഹിന് ശാശ്വതികത്വമില്ല. ശരീഅത്തിനാണ് ശാശ്വതികത്വമുള്ളത്. നീതിയും കാരുണ്യവും സ്‌നേഹവുമാണ് ശരീഅത്തിന്റെ അടിസ്ഥാനം. വികസിക്കാന്‍ സന്നദ്ധമല്ലാത്ത നിയമസംഹിതയ്ക്ക് ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാനാവില്ല.

ഖുര്‍ആനെ ഇന്നു നമുക്ക് അവതരിച്ചുകിട്ടിയ ഗ്രന്ഥമായി കാണണം. നബിയുടെ കാലത്തേക്കു മാത്രമുള്ള ഗ്രന്ഥമായല്ല ഖുര്‍ആനെ പരിഗണിക്കേണ്ടത്. നമ്മുടെ ജീവിതത്തോടു സംവദിക്കുന്ന ഒന്നാവണം അത്. ആ രീതിയില്‍ അതു വായിക്കണം. ആ രീതിയില്‍ അതിനെ വ്യാഖ്യാനിക്കണം.
വൈജ്ഞാനികമായി പണ്ടുള്ളവരേക്കാള്‍ ഏറെ വികസിച്ചവരാണ് ഇന്നുള്ളവര്‍. അതിനാല്‍, പണ്ടുള്ളവരേക്കാള്‍ ഖുര്‍ആനെ വ്യാഖ്യാനിക്കാന്‍ അവര്‍ക്കാവും. ഖുര്‍ആന്‍ വ്യാഖ്യാനം നിരന്തരമായി നടക്കേണ്ട പ്രവര്‍ത്തനമാണ്. വ്യാഖ്യാനങ്ങളിലൂടെ ജീവിതഗന്ധിയാക്കുന്നതിലൂടെയാണ് ഖുര്‍ആനിക വിജ്ഞാനത്തിന്റെ നിത്യനൂതനത്വം നിലനില്‍ക്കുക.




10.സമുദായ ഐക്യത്തെക്കുറിച്ച്?
ഐക്യത്തിനായി മുറവിളികൂട്ടുന്നവരാണു സര്‍വരും. സംഘടനകളിലെ മഹാഭൂരിപക്ഷം പേരും കലഹങ്ങള്‍ ആഗ്രഹിക്കാത്തവരാണ്. ഇതര മതസമൂഹങ്ങളില്‍ വിവിധ വിഭാഗങ്ങളുണ്ട്. ആദര്‍ശപരമായിത്തന്നെ വ്യത്യസ്തങ്ങളായ ഉപവിഭാഗങ്ങളുണ്ട്. അവര്‍ക്കു വ്യത്യസ്തമായ പൗരോഹിത്യ നേതൃത്വങ്ങളുണ്ട്. ദൈവത്തിന്റെ വിഷയത്തിലും വേദത്തിന്റെ കാര്യത്തിലും അവര്‍ക്കു വ്യത്യസ്തങ്ങളായ ധാരണകളുണ്ട്. അയിത്തത്തിനു വിധേയമാകുന്നവരും അയിത്തം ആചരിക്കുന്നവരും ഒരേ മതസമൂഹത്തില്‍ത്തന്നെയുണ്ട്. അവരാരും തര്‍ക്കങ്ങളുമായി തെരുവിലെത്തുന്നില്ല. തര്‍ക്കങ്ങള്‍ സമുദായത്തിന്റെ അസ്തിത്വത്തിനോ പുരോഗതിക്കോ വെല്ലുവിളിയാവുന്ന തലങ്ങളിലേക്കു വളരുന്നില്ല.

നമുക്കാവട്ടെ, ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും തര്‍ക്കമേയുള്ളൂ. നമുക്കിടയില്‍ മാല്‍സര്യങ്ങള്‍ കൊഴുക്കുകയാണ്. ആരോഗ്യകരങ്ങളായ മാല്‍സര്യങ്ങളല്ല. വിഭവശേഷി കുറവാണ് നമുക്ക്. പലപ്പോഴും നാം കടം കൊള്ളുന്നു. എന്നിട്ടും മദ്‌റസ, പള്ളി, പത്രം, ചാനല്‍ തുടങ്ങിയ എല്ലാ വിഷയങ്ങളിലും നീയോ ഞാനോ എന്ന നിലയില്‍ മല്‍സരിക്കുകയാണ്.
പക്ഷേ, ഒരു വാസ്തവമുണ്ട്. അധികമാളുകളും ഐക്യം ആഗ്രഹിക്കുന്നവരാണ്. ഒരു ന്യൂനപക്ഷം മാത്രമാണ് ഏകതയ്ക്കു വിഘാതമായി നിലകൊള്ളുന്നത്. പക്ഷേ, ആ ന്യൂനപക്ഷമാണ് പല മത സംഘടനകളുടെയും തലപ്പത്ത് ഇരിപ്പുറപ്പിച്ചിട്ടുള്ളത്. ആ ന്യൂനപക്ഷത്തിന്റെ നിയന്ത്രണത്തിലാണു സംഘടനകള്‍.




11.എഴുത്തിനെക്കുറിച്ച്?
എന്നെ സംബന്ധിച്ചേടത്തോളം എഴുത്ത് ക്ലേശകരമായ ഒരു പ്രവൃത്തി തന്നെ; വളരെയേറെ സമയവും പ്രയത്‌നവും ഏകാഗ്രതയും വേണ്ടിവരുന്ന പ്രവര്‍ത്തനം. എഴുതാനിരുന്നാല്‍ അതില്‍ പൂര്‍ണമായി മുഴുകാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. ഞാനെഴുതുന്നതു നന്നായാലും ഇല്ലെങ്കിലും അതൊരിക്കലും കാല്‍മുട്ടില്‍ വച്ച് എഴുതുന്നതല്ല. എങ്കിലും കുടുംബപരമായ കാര്യങ്ങളിലും കുട്ടികളെ വളര്‍ത്തുന്ന വിഷയത്തിലും വ്യക്തിബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിലും എഴുത്തും വായനയും വലിയ വിഘാതങ്ങളായിട്ടില്ലെന്നതാണ് എന്റെ അനുഭവം. ചില കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയാതെപോയിട്ടുണ്ടാവാം. ജീവിതത്തില്‍ വലിയ കഷ്ടപ്പാടുകളൊന്നും ഉണ്ടായിട്ടില്ല.

ജീവിതത്തിലും എഴുത്തിലും എനിക്കു ശത്രുക്കളില്ല. സുന്നികളും മുജാഹിദുകളും ചേകന്നൂര്‍ മൗലവിയുടെ പക്ഷക്കാരുമായ നിരവധി പേര്‍ എന്റെ ബന്ധുക്കളായുണ്ട്. എന്റെ സൗഹൃദവലയത്തിലും വ്യത്യസ്ത ചിന്താഗതിക്കാരും ആശയഗതിക്കാരുമുണ്ട്.

12.മോഡി തരംഗത്തെക്കുറിച്ച്?
മോഡി തരംഗത്തിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ദീര്‍ഘായുസ്സില്ലെന്ന അഭിപ്രായക്കാരനാണു ഞാന്‍. ഫാഷിസ്റ്റ് പ്രവണതകള്‍ ശക്തമായ സന്ദര്‍ഭങ്ങള്‍ ഇതിനു മുമ്പുമുണ്ടായിട്ടുണ്ട്. പക്ഷേ, അത്തരം ഘട്ടങ്ങളെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെയും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെയും അതിജീവിച്ച ചരിത്രമാണ് ഇന്ത്യക്കാരുടേത്. ഐക്യപ്പെടുമെങ്കില്‍ മോഡിക്ക് നിങ്ങളെ ഒന്നും ചെയ്യാനാവില്ലെന്നു വിദേശയാത്രയ്ക്കിടയില്‍ കണ്ടുമുട്ടിയപ്പോള്‍ ശെയ്ഖ് യൂസുഫുല്‍ ഖറദാവി പറഞ്ഞത് ഓര്‍മ വരുന്നു.




13.വായന മരിക്കുകയാണോ?
വായന മരിക്കുന്നുവെന്നു പറയുന്നതിന് അടിസ്ഥാനമില്ല. പുസ്തകങ്ങളുടെ അച്ചടി ദിനേന വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പുസ്തകവിപണി വളരെ സജീവമാണ്. വാരികകളും മാസികകളും ആയിരക്കണക്കിനു കോപ്പികള്‍ വിറ്റുപോവുന്നു. വായനയില്‍ നിന്നു വിദ്യാര്‍ഥികളെയും യുവജനങ്ങളെയും ശ്രദ്ധതെറ്റിക്കാന്‍ മൊബൈലും ഇന്റര്‍നെറ്റും കാരണമാവുന്നുണ്ട് എന്നതു ശരിയാണ്. പക്ഷേ, പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് വായനയുടെ ലോകത്തെ വിപുലമാക്കുന്നവരും നിരവധിയുണ്ട്. മനുഷ്യനും ആശയങ്ങളും നിലനില്‍ക്കുവോളം വായന മരിക്കില്ല; പുസ്തകങ്ങളും.



14.തിരിഞ്ഞുനോക്കുമ്പോള്‍?
തിരിഞ്ഞുനോക്കുമ്പോള്‍ നഷ്ടബോധമൊന്നുമില്ല. നന്നായി ആസൂത്രണം ചെയ്തിരുന്നെങ്കില്‍ കുറേക്കൂടി മെച്ചപ്പെട്ട രീതിയില്‍ രചനയുടെയും എഴുത്തിന്റെയും മേഖലകളില്‍ ഇടപെടാന്‍ കഴിയുമായിരുന്നുവെന്നു തോന്നാറുണ്ട്.
Next Story

RELATED STORIES

Share it