പുതുട്രാക്ക് ഏവര്‍ക്കും പെരുത്തിഷ്ടം; പെരുമഴയായി റെക്കോഡുകളും

കോഴിക്കോട്: പുതുതായി നിര്‍മ്മിക്കപ്പെട്ട ഒളിംപ്യന്‍ റഹ്മാന്‍ സിന്തറ്റിക് ട്രാ ക്കിനെപ്പറ്റി കായിക താരങ്ങള്‍ക്കും ഒഫീഷ്യല്‍സിനും പറയാനുളളത് നല്ലതു മാത്രം. കാലപ്പഴക്കം മൂലം സിമന്റ് കട്ടക്കു തുല്യമായ മഹാരാജാസ് സിന്തറ്റിക് ട്രാക്കില്‍ പരിശീലിച്ചു പഠിച്ച എറണാകുളത്തെ താരങ്ങള്‍ക്ക് പുതിയൊരു അനുഭവം കൂടി സമ്മാനിക്കുകയായിരുന്നു ഈ കായിക വേദി.
59ാമതു സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്കു നിറപ്പകിട്ടോടെ തുടക്കമിട്ടപ്പോള്‍ ആറു റെക്കോര്‍ഡുകളുടെ തിളക്കമാണ് ട്രാക്കിന്റെ മേന്‍മക്ക് അടിവരയിട്ട് ഇവിടെ പിറന്നു വീണത്.
ട്രാക്കില്‍ നിന്ന് അഞ്ചും ജമ്പിങ്ങ്പിറ്റില്‍ നിന്ന് ഒരു റെക്കോഡുമാണ് ഇന്നലെ പിറവിയെടുത്തത്. ഈ റെക്കോര്‍ഡുകളില്‍ മൂന്നെണ്ണം കോതമംഗലം മാര്‍ബേസില്‍ എച്ച്.എസ്.എസ് സ്വന്തമാക്കിയപ്പോള്‍ ഓരോന്നു വീതം പാലക്കാടന്‍ കരുത്തുമായെത്തിയ പറളിക്കും ചെര്‍പ്പുളശ്ശേരി ജി.എച്ച്.എസ്.എസിനും ഉഷ സ്‌കൂളിനും സ്വന്തമായി.
സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസിന്റെ ബിബിന്‍ ജോര്‍ജ് ജൂനിയര്‍ ആദ്യറെക്കോഡിന് അവകാശിയായി. 15 മിനിറ്റ് 08.80 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ബിബിന്‍ റെക്കോഡ് സ്ഥാപിച്ചത്.
ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് പറളി സ്‌കൂളിന്റെ അജിത്ത് പി എനും റെക്കോര്‍ഡ് സ്വന്തം പേരി ല്‍ കുറിച്ചു. 8 മിനിറ്റ് 44.49 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് കഴിഞ്ഞ വര്‍ഷം മാര്‍ ബേസിലിന്റെ ബിബിന്‍ ജോര്‍ജ് സ്ഥാപിച്ച 8 മിനിറ്റ് 46.66 സെക്കന്റിന്റെ റെക്കോര്‍ഡ് അജിത്ത് തിരുത്തിയത്. ആണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ മാര്‍ബേസിലിന്റെ ശ്രീനാഥ് എം കെയാണ് മറ്റൊരു റെക്കോ ഡ് ജേതാവ്.
6.97 മീറ്റര്‍ ചാടി പൊന്നണിഞ്ഞ ശ്രീനാഥിനു മുന്നില്‍ വഴിമാറിയത് 2012ല്‍ ശ്രീ അയ്യങ്കാളി മോഡല്‍ ഗവ. ആര്‍എസ്എസിലെ ദേവുരാജ് സ്ഥാപിച്ച 6.95 മീറ്ററിന്റെ റെക്കോഡ്. ഇന്നലെ മീറ്റിലെ സുവര്‍ണ്ണതാരമായി മാറിയത് മാര്‍ബേസിലിന്റെ അനുമോള്‍ തമ്പിയും ഉഷ സ്‌കൂളിന്റെ ജിസ്‌ന മാത്യുവുമാണ്.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ മീറ്റ് റെക്കോര്‍ഡ് ഭേദിച്ച അനുമോള്‍ ദേശീയ റെക്കോഡും മറികടന്നാണ് പൊന്നണിഞ്ഞത്. സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ജിസ്‌ന സ്വപ്‌നതുല്യ കുതിപ്പ് നടത്തിയാണ് നിലവിലെ ദേശീയ റെക്കോര്‍ഡിനേക്കാളും മികച്ച പ്രകടനത്തോടെ പുതിയ മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചത്. 2008-ല്‍ കണ്ണൂരിന്റെ സി.എസ്. സിന്ധ്യമോള്‍ സ്ഥാപിച്ച 56.21 സെക്കന്റിന്റെ റെക്കോഡാണ് ഇന്നലെ ജിസ്‌നയുടെ കുതിപ്പില്‍ പഴങ്കഥയായത്.
Next Story

RELATED STORIES

Share it