പുതുച്ചേരി മുഖ്യമന്ത്രിയായി നാരായണ സ്വാമി അധികാരമേറ്റു; അഞ്ചു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു

പുതുച്ചേരി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ നാരായണ സ്വാമി പത്താമത് പുതുച്ചേരി മുഖ്യമന്ത്രിയായി അധികാരമേറ്റു. മുഖ്യമന്ത്രിയെക്കൂടാതെ അഞ്ചു മന്ത്രിമാരും ഇന്നലെ അധികാരമേറ്റു. എ നമശിവായം, മല്ലാഡി കൃഷ്ണറാവു, ഷാജഹാന്‍, എം കന്ദസ്വാമി, ആര്‍ കമലാകണ്ണന്‍ എന്നിവരാണ് അധികാരമേറ്റ മന്ത്രിമാര്‍.
പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ബേദിയാണ് മന്ത്രിമാര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. പുതുച്ചേരിയുടെ ഭാഗമായ യാനത്തുനിന്നുള്ള മല്ലാഡി കൃഷ്ണ റാവു തെലുങ്കിലാണ് സത്യപ്രതിജ്ഞ ചെയ്തത്. മറ്റു മന്ത്രിമാരെല്ലാം തമിഴിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിമാരായി സ്ഥാനമേറ്റവരെല്ലാം മുന്‍ മന്ത്രിമാരാണ്. കടല്‍ത്തീരത്തിനടുത്ത ഗാന്ധി തൈഡലില്‍ നടന്ന ചടങ്ങില്‍ എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, എഐസിസി സെക്രട്ടറി ചിന്ന റെഡ്ഡി, ഡിഎംകെ നേതാവ് കെ സ്റ്റാലിന്‍, ടിഎന്‍സിസി പ്രസിഡന്റ് ഇ വി കെ എസ് ഇളങ്കോവന്‍ പങ്കെടുത്തു.
30 പേരുള്ള നിയമസഭയില്‍ കോണ്‍ഗ്രസ്സിനു 15 അംഗങ്ങളാണുള്ളത്. മെയ് 28നാണ് നാരായണ സ്വാമിയെ കോണ്‍ഗ്രസ് സഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്. സഭയിലെ രണ്ടു ഡിഎംകെ അംഗങ്ങളുടെ പിന്തുണ കോണ്‍ഗ്രസ്സിനാണ്. രണ്ടാം യുപിഎ സര്‍ക്കാരില്‍ പ്രധാനമന്ത്രിയുടെ ഓഫിസ്‌കാര്യ മന്ത്രിയായിരുന്ന നാരായണ സ്വാമി മെയ് 16ന് നടന്ന തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നില്ല. മുഖ്യമന്ത്രിയായി തുടരണമെങ്കില്‍ ഇദ്ദേഹത്തിന് ആറു മാസത്തിനകം മല്‍സരിച്ച് എംഎല്‍എ ആവേണ്ടിവരും. മുഖ്യമന്ത്രി സ്ഥാനത്തിനായി നാരായണ സ്വാമിയും പിസിസി അധ്യക്ഷന്‍ നമശിവായയും തമ്മില്‍ കടുത്ത മല്‍സരം നടന്നിരുന്നുവെങ്കിലും അവസാനം നാരായണ സ്വാമിക്കു അനുകൂലമായി നേതൃത്വം തീരുമാനം കൈക്കൊള്ളുകയായിരുന്നു.
കുറ്റമറ്റതും സുതാര്യവുമായ ഒരു ഭരണത്തിനായിരിക്കും സര്‍ക്കാര്‍ നേതൃത്വം നല്‍കുകയെന്ന് നാരായണ സ്വാമി പറഞ്ഞു. ഭരണത്തില്‍ അഴിമതിക്ക് യാതൊരു സ്ഥാനവുമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it