പുതുച്ചേരി: പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

പുതുച്ചേരി: പുതുച്ചേരിയില്‍ വി നാരായണ സ്വാമിയുടെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. നാരായണ സ്വാമിയെക്കൂടാതെ മറ്റ് അഞ്ചു കോണ്‍ഗ്രസ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. മല്ലാഡി കൃഷ്ണറാവു, ഷാജഹാന്‍, എം കുന്ദസ്വാമി, ആര്‍ കമലാകണ്ണന്‍ എന്നിവര്‍ പുതിയ മന്ത്രിമാരില്‍പ്പെടും. ഇവര്‍ മുന്‍ മന്ത്രിമാരാണ്.
ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയാണു മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുക. കടല്‍ത്തീരത്തിനടുത്തെ ഗാന്ധി തൈഡലില്‍ ഉച്ചയ്ക്കു 12.10നാണു ചടങ്ങെന്ന് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിസിറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ ഐ ഗണപതി അറിയിച്ചു. യുപിഎ സര്‍ക്കാരില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് കാര്യ മന്ത്രിയായിരുന്ന നാരായണ സ്വാമി നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നില്ല.
മുഖ്യമന്ത്രിയായി തുടരണമെങ്കില്‍ അദ്ദേത്തിന് ആറുമാസത്തിനകം മല്‍സരിച്ച് എംഎല്‍എ ആവേണ്ടിവരും. നാരായണ സ്വാമിയെ നേരത്തെ കോണ്‍ഗ്രസ് നിയമസഭാ കക്ഷിനേതാവായി തിരഞ്ഞെടുത്തിരുന്നു. തുടര്‍ന്ന് കിരണ്‍ ബേദിയെ സന്ദര്‍ശിച്ചു മന്ത്രിസഭ രൂപീകരിക്കാന്‍ അദ്ദേഹം അവകാശവാദം ഉന്നയിച്ചിരുന്നു.
ഡിഎംകെയുമായി സഖ്യമുണ്ടാക്കിയാണ് കോണ്‍ഗ്രസ് മല്‍സരിച്ചത്. കോണ്‍ഗ്രസ്സിന് 15ഉം ഡിഎംകെയ്ക്കു രണ്ടു സീറ്റുകളുമാണു ലഭിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തിനായി നാരായണ സ്വാമിയും പിസിസി അധ്യക്ഷന്‍ എ നമശ്ശിവായവുമായി കടുത്ത മല്‍സരം നടന്നിരുന്നു. ഒടുവില്‍ സമവായത്തിലൂടെയാണു നിയമസഭാ കക്ഷി നേതാവായി നാരായണ സ്വാമിയെ തിരഞ്ഞെടുത്തത്.
Next Story

RELATED STORIES

Share it