പുതിയ സിവില്‍ വ്യോമയാന നയത്തിന് അംഗീകാരം; ഒരു മണിക്കൂര്‍ ആഭ്യന്തര യാത്രയ്ക്ക് പരമാവധി നിരക്ക് 2,500 രൂപ

മുഹമ്മദ് സാബിത്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പുതിയ സിവില്‍ വ്യോമ നയം പുറത്തിറക്കി. ആഭ്യന്തര, വിദേശ വ്യോമഗതാഗതങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന നിര്‍ദേശങ്ങളടങ്ങിയ നയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. ആഭ്യന്തര വിമാനയാത്രാ നിരക്കുകളില്‍ പരിധി നിശ്ചയിക്കുകയും പുതിയ വിമാനക്കമ്പനികള്‍ക്കു വിദേശ സേവനം നടത്താന്‍ അഞ്ചു വര്‍ഷം ആഭ്യന്തര സേവനം നടത്തി പരിചയം വേണമെന്ന മുന്‍ നിബന്ധന എടുത്തുമാറ്റുകയും ചെയ്തു.
പുതിയ നയം നിലവില്‍വരുന്നതോടെ പ്രവാസി മലയാളികളുടെ ദീര്‍ഘകാല സ്വപ്‌നമായ എയര്‍ കേരളയുടെ സ്വപ്‌നങ്ങള്‍ക്കും പുത്തനുണര്‍വു ലഭിക്കും. ഒരു മണിക്കൂര്‍ കൊണ്ട് യാത്ര ചെയ്‌തെത്തുന്ന സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇനിമുതല്‍ പരമാവധി 2,500 മാത്രമേ ആകാവൂ. അരമണിക്കൂറിന് ഇത് 1,200 രൂപയായും നിജപ്പെടുത്തിയിട്ടുണ്ട്. ഇന്‍ഡിഗോ, ജെറ്റ് എയര്‍വേസ്, സ്‌പേസ് ജെറ്റ് തുടങ്ങിയ നലവില്‍ വിദേശ സേവനം നടത്തുന്ന കമ്പനികളുടെ എതിര്‍പ്പ് മറികടന്നാണു പുതിയ നയത്തിന് അംഗീകാരം ലഭിച്ചത്.
വിസ്താര, എയര്‍ ഏഷ്യ ഇന്ത്യ തുടങ്ങിയ പുതിയ കമ്പനികള്‍ക്കു വിദേശ വ്യോമയാന വിപണിയിലേക്കു കടന്നുവരാന്‍ പുതിയ നയം സഹായകമാകും. പഴയ നിബന്ധന കാരണം മരവിച്ചുപോയ എയര്‍ കേരള പോലുള്ള പദ്ധതികളെയും ഇതു സഹായിക്കും. കഴിഞ്ഞവര്‍ഷം ആരംഭിച്ച വിസ്താരയ്ക്കു നിലവില്‍ 11 വിമാനങ്ങളുണ്ട്. ഇത് രണ്ടുവര്‍ഷത്തിനകം 20 ആയി വര്‍ധിപ്പിക്കാനാണു കമ്പനി ഉദ്ദേശിക്കുന്നതെന്നറിയുന്നു. രണ്ടുവര്‍ഷം മുമ്പ് ആരംഭിച്ച എയര്‍ ഏഷ്യ ഇന്ത്യക്ക് നിലവില്‍ എട്ട് വിമാനങ്ങളാണുള്ളത്. പുതിയ വ്യോമയാന നയമനുസരിച്ച വിമാനയാത്രയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്നതും പരാതികള്‍ കൈകാര്യം ചെയ്യുന്നതും മറ്റും ഏകജാലകം വഴിയാക്കും.സിവില്‍ വ്യോമയാന മന്ത്രാലയം ജൂണ്‍ മൂന്നിന് സമര്‍പ്പിച്ച കരട് നയരേഖയാണു മന്ത്രിസഭ അംഗീകരിച്ചത്. ഇതുസംബന്ധിച്ച കരടുരേഖയ്ക്ക് 2014 നവംബറിലാണ് ആദ്യം രൂപംനല്‍കിയത്. പിന്നീടു കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ഇതു പരിഷ്‌കരിച്ചു. തുടര്‍ന്നാണ് ചില മാറ്റങ്ങള്‍ വരുത്തി മന്ത്രിസഭയുടെ അനുമതി നേടിയിരിക്കുന്നത്.
വിമാനക്കമ്പനികള്‍ക്കു നികുതിയിളവുകള്‍, വിമാനങ്ങളുടെ മെച്ചപ്പെട്ട അറ്റകുറ്റപ്പണികള്‍, പ്രാദേശിക വ്യോമഗതാഗതത്തെ ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ തുടങ്ങിയവയ്ക്കും അംഗീകാരം നല്‍കി.
Next Story

RELATED STORIES

Share it