Idukki

പുതിയ സഖ്യങ്ങള്‍ തേടി ഇടതുമുന്നണി; യു.ഡി.എഫിന് തലവേദന സീറ്റ് വിഭജനം

തൊടുപുഴ: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയും ബി.ജെ.പിയും ലക്ഷ്യം വയ്ക്കുന്നത് പുതിയ സഖ്യങ്ങള്‍. അതേസമയം യു.ഡി.എഫിന് തലവേദന സൃഷ്ടിക്കുന്നത് സീറ്റ് വിഭജനമാണ്. 2010ലെ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് മറുപടി പറയാന്‍ പുതിയ സഖ്യങ്ങള്‍ തേടുകയാണ് എല്‍.ഡി.എഫ്. കഴിഞ്ഞതവണ ജില്ലാ പഞ്ചായത്തില്‍ ഒരു സീറ്റ്്്് പോലും നേടാന്‍ ഇടത് മുന്നണിക്കായില്ല. ഇതോടൊപ്പം വിരലിലെണ്ണാവുന്ന പഞ്ചായത്തുകളില്‍ മാത്രമാണ് അധികാരമുള്ളത്.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഹൈറേഞ്ച് സംരക്ഷണസമിതിയുമായുണ്ടാക്കിയ സഖ്യം  പല പഞ്ചായത്തുകളിലും തുടരാന്‍ എല്‍.ഡി.എഫ്. നീക്കം നടത്തിയിട്ടുണ്ട്. കര്‍ഷക രക്ഷാസമിതികള്‍ പോലെയുള്ള സംഘടനകളും ജനകീയരായ സ്വതന്ത്രരേയും ഇടതുമുന്നണി പരിഗണിക്കുന്നു. ലോറേഞ്ചില്‍ കത്തോലിക്കാ കോണ്‍ഗ്രസ് പോലെയുള്ള സംഘടനകളുമായുള്ള സൗഹൃദത്തിനും നീക്കം നടത്തുന്നുണ്ടത്രേ. വാഴത്തോപ്പ് പഞ്ചായത്തില്‍ മറ്റ് സഖ്യങ്ങള്‍ക്കായി നാല് സീറ്റുകളാണ് ഇടതുമുന്നണി നീക്കിവച്ചിരിക്കുന്നത്.

ഇതേ തന്ത്രം നഗരസഭകളിലും ബ്ലോക്കുകളിലും മറ്റ് പഞ്ചായത്തുകളിലും നടപ്പാക്കാനാണ് ഇടത്്്‌നീക്കം. യു.ഡി.എഫിലെ അസംതൃപ്തരുമായി പഞ്ചായത്ത് തലങ്ങളില്‍ സഖ്യമുണ്ടാക്കാനും നിര്‍ദേശമുണ്ടെന്നറിയുന്നു. ഇത് കേരളാ കോണ്‍ഗ്രസി (എം)നെയാണ് ലക്ഷ്യംവയ്ക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം മാങ്കുളം, ബൈസണ്‍വാലി, അറക്കുളം പോലെയുള്ള പഞ്ചായത്തുകളില്‍ ഈ സഖ്യം നേട്ടംപാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍  കൊയ്തിരുന്നു.ഹൈറേഞ്ച് സംരക്ഷണസമിതിയുമായും പല പഞ്ചായത്തുകളിലും ചര്‍ച്ച നടക്കുന്നുണ്ട്. അനിവാര്യമാണെങ്കില്‍ നീക്കുപോക്കുകള്‍ക്കും തയാറാകും.

ബി.ജെ.പിയും സഖ്യസാധ്യതകള്‍ തേടിയിട്ടുണ്ട്. ഏത് കക്ഷിയുമായും സഖ്യമുണ്ടാക്കാമെന്ന നിര്‍ദേശമാണ് ജില്ലാ കമ്മിറ്റി നല്‍കിയിരിക്കുന്നത്. എസ്.എന്‍.ഡി.പി ആവശ്യപ്പെടുന്ന സീറ്റുകളില്‍ പിന്തുണ നല്‍കും. എന്നാല്‍ സീറ്റ് വിഭജനമാണ് യു.ഡി.എഫിലെ പ്രതിസന്ധി. മുസ്‌ലീം ലീഗും കേരളാ കോണ്‍ഗ്രസും ഇത്തവണ അധികസീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കരിങ്കുന്നം, പുറപ്പുഴ എന്നിവിടങ്ങളിലടക്കം കഴിഞ്ഞ തവണ കേരളാ കോണ്‍ഗ്രസ് (എം) ഒറ്റയ്ക്ക് മല്‍സരിച്ചിരുന്നു. ഇവിടെയൊക്കെ വിജയിക്കാനുമായി. അതിനാല്‍ തൊടുപുഴ നഗരസഭയിലടക്കം കൂടുതല്‍ സീറ്റുവേണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. എന്നാല്‍ കഴിഞ്ഞ തവണത്തെ സീറ്റുകള്‍ നല്‍കിയാല്‍ മതിയെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.

ഇത് ഓരോ പഞ്ചായത്തുകളുടെ അടിസ്ഥനത്തില്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാനാണ് നീക്കം. സംവരണ വാര്‍ഡുകള്‍ നിഞ്ചയിച്ചപ്പോള്‍ പല പ്രമുഖര്‍ക്കും സീറ്റ് നഷ്ടമായിട്ടുണ്ട്. ഇവര്‍ക്കായി സീറ്റുകള്‍ വെച്ചുമാറുന്നതടക്കമുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നു. പ്രാദേശിക തലത്തില്‍ എത്രമാത്രം ഘടക കക്ഷികളെ പ്രീതിപ്പെടുത്താന്‍ കഴിയുമെന്നതിന് അനുസരിച്ചായിരിക്കും യു.ഡി.എഫിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം.
Next Story

RELATED STORIES

Share it