വിമാന ടിക്കറ്റുകള്‍ക്ക് 2% നികുതി

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: രാജ്യത്തെ വ്യോമയാന നയത്തില്‍ അടിമുടി മാറ്റം വരുത്തിയുള്ള പുതിയ കരടു നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചു. എല്ലാ ക്ലാസുകളിലുമുള്ള ടിക്കറ്റുകള്‍ക്ക് രണ്ടു ശതമാനം നികുതി ഈടാക്കാന്‍ കരടു വ്യോമയാന നയം നിര്‍ദേശിക്കുന്നു. പ്രാദേശിക വ്യോമയാന ബന്ധം ശക്തമാക്കുന്നതിനായാണ് നികുതി ചുമത്തുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
രണ്ടു ശതമാനം നികുതി ഏര്‍പ്പെടുത്തുന്നതിലൂടെ സര്‍ക്കാരിനു പ്രതിവര്‍ഷം 1500 കോടി രൂപ അധികം ലഭിക്കും. നിലവില്‍ 49 ശതമാനമായിരുന്ന വിദേശ നിക്ഷേപം 50 ശതമാനത്തില്‍ അധികമായി ഉയര്‍ത്താനും നിര്‍ദേശിക്കുന്നുണ്ട്. സര്‍ക്കാരിന്റെ ഓപണ്‍ സ്‌കൈ പദ്ധതിയുടെ ഭാഗമായി വിദേശ വിമാനങ്ങള്‍ക്ക് ഇന്ത്യയിലേക്കു യഥേഷ്ടം സര്‍വീസ് നടത്താനാവും.
ചെലവു കുറഞ്ഞ വിമാനത്താവളങ്ങളുടെ നിര്‍മാണം, വിമാനങ്ങള്‍ക്ക് സംരംഭകരെ കണ്ടെത്തുക എന്നിവയാണ് ഓപണ്‍ സ്‌കൈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വ്യോമയാന മന്ത്രി അശോക് ഗണപതി രാജു, സഹമന്ത്രി മഹേഷ് ശര്‍മ എന്നിവര്‍ ചേര്‍ന്ന് ഇന്നലെയാണ് കരടുരൂപം പുറത്തിറക്കിയത്. ചെറുപട്ടണങ്ങളെയും നഗരങ്ങളെയും കൂട്ടിയിണക്കി കൂടുതല്‍ പേരെ വിമാനയാത്രയിലേക്ക് ആകര്‍ഷിക്കാനും 2500 രൂപയ്ക്ക് ഒരു മണിക്കൂര്‍ യാത്ര എന്ന ആശയവും കരടുനയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ വിമാനയാത്രയ്ക്ക് ഏര്‍പ്പെടുത്തിയ ആഡംബരനികുതിയും സേവനനികുതിയും എടുത്തുകളയാനും കരടില്‍ നിര്‍ദേശമുണ്ട്. പുതിയ വിമാനകമ്പനികള്‍ക്ക് വിദേശ സര്‍വീസ് ലഭ്യമാക്കുന്നതിനായി അഞ്ചു വര്‍ഷത്തെ ആഭ്യന്തര സര്‍വീസും 20 വിമാനങ്ങളും എന്ന മാനദണ്ഡം ഒഴിവാക്കുന്നതു സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മന്ത്രാലയം ക്ഷണിച്ചിട്ടുണ്ട്. കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ എയര്‍ കേരള പോലുള്ള കമ്പനികള്‍ക്ക് സഹായമാകുന്ന തരത്തില്‍ പറക്കുന്ന മണിക്കൂറുകള്‍ കണക്കിലെടുത്ത് ഘട്ടംഘട്ടമായി ലൈസന്‍സ് നല്‍കുന്നതിനെക്കുറിച്ചും കരട് നിര്‍ദേശിക്കുന്നു. ഓഹരിയുടമകളില്‍ നിന്ന് അഭിപ്രായ രൂപീകരണത്തിനു ശേഷമാവും ശുപാര്‍ശകള്‍ നടപ്പാക്കുക.
പുതിയ കരടുനയം പ്രഖ്യാപിച്ച ഇന്നലെത്തന്നെ വ്യോമയാന മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ജിഎംആര്‍ ഉള്‍പ്പെടെയുള്ള കമ്പനികളുടെ ഓഹരിവില ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it